പന്തളം : വീതികുറഞ്ഞ പന്തളം വലിയപാലത്തിൽ തീർഥാടനകാലത്ത് ഉണ്ടാകാൻ ഇടയുള്ള അപകടം ഒഴിവാക്കാൻ നടപ്പാത വേണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം. കഴിഞ്ഞദിവസം പന്തളം കൊട്ടാരത്തിലെത്തിയ ജില്ലാ കളക്ടറോടാണ് കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ ആവശ്യമുന്നയിച്ചത്. കളക്ടർ സ്ഥലം പരിശോധിക്കുകയും ചെയ്തു.

To advertise here,

ശബരിമല സീസൺ കാലത്ത് കൈപ്പുഴയിലുള്ള പാർക്കിങ് മൈതാനത്ത് വാഹനം നിർത്തിയിട്ടശേഷം വലിയകോയിക്കൽ ക്ഷേത്രത്തിലേക്കെത്തുകയും മടങ്ങുകയും ചെയ്യുന്ന തീർഥാടകരാണ് നടപ്പാതയില്ലാത്തതിന്റെ ബുദ്ധിമുട്ട് കൂടുതൽ അനുഭവിക്കുന്നത്. മഴപെയ്താൽ പാലത്തിന്റെ അരികിൽ മുഴുവൻ വെള്ളം കെട്ടിക്കിടക്കും. ഇതിൽ ചവിട്ടാതിരിക്കാൻ എല്ലാവരും റോഡിന്റെ നടുവിലേക്ക് നീങ്ങി നടക്കുകയും ചെയ്യും.

രണ്ട് വാഹനം ഒന്നിച്ചുകയറിയാൽ കാൽനടയാത്രക്കാർ പെട്ടതുതന്നെ. നടന്നുപോകാനായി ഒരടി സ്ഥലംപോലും ബാക്കിയുണ്ടാകില്ല. അത്രയും വീതിയേ ഉള്ളു പന്തളം വലിയപാലത്തിന്. പാലം പണിത കാലത്ത് അത്രയും വീതി ധാരാളമായിരുന്നുവെങ്കിലും വാഹനങ്ങളുടെ എണ്ണം കൂടിയതോടെ കാൽനട യാത്രക്കാരന് പാലം കടക്കുവാൻ വാഹനം ഇല്ലാത്ത സമയം നോക്കി ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ്.

റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയപ്പോഴും സുരക്ഷാ ഇടനാഴിയെന്ന പദ്ധതി കഴക്കൂട്ടം മുതൽ ചെങ്ങന്നൂരിൽവരെ നടത്തിയപ്പോഴും എം.സി. റോഡിലെ വലിയപാലത്തിനെ പദ്ധതി തയ്യാറാക്കിയവർ വിസ്മരിച്ചു. റോഡിന് വീതി കൂടുതലും പാലത്തിന് കുറവും.

വീതികൂടിയ റോഡിലൂടെ പാഞ്ഞെത്തുന്നവർ വീതികുറവുള്ള പാലത്തിലൂടെ നടന്നും ഇരുചക്രവാഹനത്തിലും പോകുന്നവരെ അപകടത്തിൽപ്പെടുത്തും. പാലത്തിന് വീതികൂട്ടാൻ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെങ്കിലും ഇരുവശത്തും നടപ്പാത പണിതാൽ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും.

റെയിൽവേ പാലത്തിൽ കയറിയ അവസ്ഥ

പാലത്തിലൂടെ നടക്കാനും ഇരുചക്രവാഹനം ഓടിക്കുവാനും ജനങ്ങൾക്ക് ഭയമാണ്. പിന്നിൽ നിന്നോ മുന്നിൽ നിന്നോ പാഞ്ഞുവരുന്ന വാഹനം ഇടിച്ചുതെറിപ്പിക്കാതെ നീങ്ങി നിൽക്കാൻപോലും പാലത്തിലിടമില്ല. റെയിൽവേപ്പാലത്തിൽ അകപ്പെട്ട അവസ്ഥയാണ് പന്തളം വലിയപാലത്തിൽ ഇപ്പോഴുള്ളത്. സുരക്ഷാ ഇടനാഴിയുടെ ഭാഗമായി പാലം മിനുക്കിയപ്പോൾ പാലത്തിലൂടെ കടന്നുപോകുന്ന കേബിളും പൈപ്പുകളുമെല്ലാം നടന്നുപോകുന്ന ഇടത്തേക്ക് നീക്കിയിട്ടതല്ലാതെ നീക്കം ചെയ്തില്ല.

പെയിന്റിങും കൈവരിയുടെ പണിയും നടത്തിയെങ്കിലും പൈപ്പ് ഇപ്പോഴും പാലത്തിൽത്തന്നെയാണ്. നാലുതവണയാണ് പാലത്തിന്റെ കൈവരിയിൽ വാഹനം ഇടിച്ചുകയറി അപകടമുണ്ടായത്.

നടപ്പാതയ്ക്കുവേണ്ടി കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ പാലം സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടശേഷം പാലത്തിൽ അപകടമില്ലാതെ പോകാനുള്ള നടപ്പാതയ്ക്കുവേണ്ടി കെ.എസ്.ടി.പി. ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകിയിരുന്നു. അനുമതിലഭിക്കുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ടിനായി സമർപ്പിക്കുമെന്നാണ് പരാതി നൽകിയ നാട്ടുകാരന് മറുപടി നൽകിയത്.

വീതികുറഞ്ഞ പാലത്തിലൂടെ നടക്കാനും ഇരുചക്രവാഹനം ഓടിക്കുവാനും ജനങ്ങൾ ഭയക്കുന്ന വിവരവും അപകടവും ചൂണ്ടിക്കാട്ടി മാതൃഭൂമി നൽകിയ വാർത്തയാണ് പരാതിക്കാരൻ കെ.എസ്.ടി.പി. മുമ്പാകെ സമർപ്പിച്ചിരുന്നത്.