കോങ്ങാട്ട് സംഘർഷാവസ്ഥ

To advertise here,

പാലക്കാട് : കോങ്ങാട് അങ്ങാടിയിൽ വ്യാഴാഴ്ച നടന്ന യു.ഡി.എഫ്. രാഷ്ട്രീയ വിശദീകരണയോഗത്തിനിടെ സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായെത്തിയത് സംഘർഷാവസ്ഥയുണ്ടാക്കി. പോലീസിടപെട്ടതിനാൽ വലിയ സംഘർഷമൊഴിവായി.

വൈകീട്ട് ഏഴുമണിയോടെയാണ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ അപാകമാരോപിച്ച് യു.ഡി.എഫ്. കോങ്ങാട് മണ്ഡലം കമ്മിറ്റി രാഷ്ട്രീയ വിശദീകരണയോഗം ആരംഭിച്ചത്. പഞ്ചായത്തംഗമായ സി.എൻ. ശിവദാസൻ പ്രസംഗിച്ചശേഷം, യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ പി.എസ്. ശശികുമാർ പ്രസംഗം തുടങ്ങി. ഇതിനിടെയാണ്, സി.പി.എം., ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പ്രസംഗവേദിവരെയെത്തി ബഹളംവെച്ച പ്രവർത്തകരെ പോലീസിടപെട്ട് നിയന്ത്രിച്ചു.

യോഗം നടന്നുകൊണ്ടിരിക്കെ, യാതൊരു പ്രകോപനവുമില്ലാതെ, സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നെന്ന് യു.ഡി.എഫ്. കോങ്ങാട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പ്രവർത്തകർ പ്രതിഷേധിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും സി.പി.എം. മുണ്ടൂർ ഏരിയാസെക്രട്ടറി സി.ആർ. സജീവ് പറഞ്ഞു. രാത്രി വൈകിയും സ്ഥലത്ത് പോലീസ് കാവലുണ്ടായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത നൂറോളം പേർക്കെതിരേ കോങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.