മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരമാണ് നടപടി

To advertise here,

ഊട്ടി : ഊട്ടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കോട്ടേജുകൾ പൂട്ടി സീൽ വെയ്ക്കാൻ തുടങ്ങി. മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ഊട്ടി നഗരസഭാ കമ്മീഷണർ പാർത്ഥസാരഥിയുടെ നേതൃത്വത്തിൽ ഊട്ടിയിലെ ഹോളിവുഡ് ഹിൽസിലെ ആറ്‌ അനധികൃത കോട്ടേജുകളാണ് തിങ്കളാഴ്ച പൂട്ടിയത്.

ഊട്ടി നഗരസഭാപരിധിയിൽമാത്രം അഞ്ഞൂറിൽപരം കോട്ടേജുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഏറെയും അനധികൃതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയ്‌ക്കെലാം നഗരസഭ നോട്ടിസ് നൽകിവരികയാണ്. ഗൃഹ നിർമാണത്തിനായി നഗരസഭയിൽ നിന്നും പ്ലാൻ പാസാക്കിയെടുത്ത് വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുന്ന കോട്ടേജുകളാണ് പൂട്ടിയത്. വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് കമ്മിഷണർ പറഞ്ഞു. വാണിജ്യ പ്ലാൻ നേടിയവരേയും അപ്പീൽ പോയവരെയും തത്കാലം നടപടികളിൽനിന്നും ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ തുടങ്ങിയതിനെ സാമൂഹിക പരിസ്ഥിതി പ്രവർത്തകർ സ്വാഗതംചെയ്തു.

നീലഗിരി ജില്ലയിൽമുഴുവൻ കോടതിവിധി നടപ്പാക്കാൻ പോവുകയാണ്. ജില്ലയിൽ ഏതാണ്ട് 20,000-ത്തോളം അനധികൃത കെട്ടിടങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. റവന്യു അധികൃതർ ഇവയ്ക്ക് എതിരേയുള്ള നടപടികൾ ആരംഭിച്ചു. ഗ്രാമങ്ങളിൽവരെ അനധികൃത കോട്ടേജുകൾ പ്രവർത്തിക്കുന്നുണ്ട്.