തകർന്നത്‌ താലൂക്ക് ആസ്ഥാനത്തേയ്ക്ക്‌ എത്താനുള്ള ഏകവഴി

To advertise here,

ശ്രീകൃഷ്ണപുരം : ഒറ്റപ്പാലം മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായ മംഗലാംകുന്ന് റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി. ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിന്റെ ഭാഗമാണിത്. മംഗലാംകുന്ന് മുതൽ ഒറ്റപ്പാലം വരെയുള്ള 17 കിലോമീറ്റർ നീളമാണ് തകർന്നത്.

​മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗങ്ങളിൽനിന്ന് ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, അമ്പലപ്പാറ പഞ്ചായത്തുകളിലൂടെ താലൂക്ക് ആസ്ഥാനമായ ഒറ്റപ്പാലത്തേക്ക് എത്തിച്ചേരാനുള്ള പ്രധാനവഴിയാണിത്. ദിവസേന നൂറുകണക്കിന് യാത്രാബസുകളും സ്വകാര്യവാഹനങ്ങളും ഇതിലൂടെയാണ് കടന്നുപോകുന്നത്.

റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുൻപ് കെ. പ്രേംകുമാർ എം.എൽ.എ. അവകാശപ്പെട്ടിരുന്നെങ്കിലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് നാലുമാസമായിട്ടും റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബി.ജെ.പി. ആരോപിച്ചു. ജനപ്രതിനിധിയുടെ വികസന അവകാശവാദങ്ങൾ പൊള്ളയാണെന്ന് ബി.ജെ.പി. പൂക്കോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.

പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിൽ പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട കരാറുകൾ നടപ്പാക്കാത്തതും കൃത്യമായ ഡ്രൈനേജ് സംവിധാനമില്ലാതെ വെള്ളക്കെട്ട് രൂപപ്പെടുന്നതുമാണ് റോഡ് തകർച്ചയുടെ കാരണം. എത്രയുംവേഗം പുനരുദ്ധാരണം ആരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പിലാണ് പ്രദേശവാസികൾ.