പാലക്കാട് : പണ്ട് എന്റെ കിടപ്പുമുറിയിൽ തണുപ്പുകാലത്ത് ഒരു പക്ഷി വന്നുപ്പെട്ടു. മഞ്ഞകലർന്ന തവിട്ടുനിറം. നിന്റെ സാരിയുടെ നിറം… പിന്നീടു കുറേനിമിഷങ്ങൾ നീണ്ടുനിന്ന മൗനത്തിനുശേഷം അയാൾ ചോദിച്ചു. നിനക്കറിയാമോ മരണത്തിന്റെ മണം എന്താണെന്ന്... തണുപ്പുകാലത്ത് കിടപ്പുമുറിയിൽ വിരുന്നെത്തിയ പക്ഷിയുടെ ഓർമ്മകളും മരണത്തിന്റെ മണംപേറുന്ന മൗനത്തിന്റെ ആഴങ്ങളും വേദിയിൽ പുനർജനിച്ചപ്പോൾ കാണികളുടെ മനസ്സിലും അറിഞ്ഞോ അറിയാതെയോ ‘പക്ഷികളുടെ മണം’ നിറഞ്ഞു.
മാധവിക്കുട്ടിയുടെയും എം.ടിയുടെയും അനശ്വര കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങൾ വേദിയിൽ ആവിഷ്കരിക്കുകയായിരുന്നു കലാകാരൻമാർ. മേഴ്സി കോളേജ് ഭാഷാ വിഭാഗവും കലാക്ഷേത്രയും ചേർന്ന് സംഘടിപ്പിച്ച കഥയരങ്ങിന്റെ ഭാഗമായായിരുന്നു നാടകാവിഷ്കാരം. ആരൂഡം, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, കുട്ട്യേടത്തി, പ്രണയ മർമരം, ഒരു പുതിയ അമ്മ എന്നീ കൃതികളാണ് നാടകരൂപത്തിൽ അവതരിപ്പിച്ചത്. സെമിനാറുമുണ്ടായി.
വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. കെ.കെ. സിന്ധു ഉദ്ഘാടനംചെയ്തു. സെമിനാറിൽ ‘ആത്മസംഘർഷങ്ങൾ- എം.ടി.യുടെയും മാധവിക്കുട്ടിയുടെയും കഥാപാത്രങ്ങളിൽ’ എന്ന വിഷയത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് അധ്യാപിക ഡോ. സി. രാജേശ്വരി വിഷയാവതരണം നടത്തി. ഡോ. ഇ.ടി. ഷൈനി, സിസ്റ്റർ ഡോ. എം.വി. സിജി എന്നിവർ സംസാരിച്ചു.
എം.ടി.യുടെയും മാധവിക്കുട്ടിയുടെയും കഥകളെ ആസ്പദമാക്കി ഡോ. പി.സി. ഏലിയാമ്മ രചനയും സംവിധാനവും നിർവ്വഹിച്ച നാടകാവിഷ്കാരം വിദ്യാർഥികൾക്ക് പുതിയ അനുഭവമായി. ഗുരുജി ഗുരുവായൂരപ്പൻ സംഘാടനവും സുനിൽ കല്ലേപ്പുള്ളി സഹസംവിധാനവും നിർവഹിച്ച നാടകത്തിന് കൃഷ്ണൻകുട്ടിയാണ് ചമയമൊരുക്കിയത്.
Published: 08 Sept 2026, 03:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented