​എം.എൽ.എ. ഫണ്ട് വിനിയോഗത്തിൽ അഴിമതി​

To advertise here,

ശ്രീകൃഷ്ണപുരം : ബാപ്പുജി പാർക്കിൽ 2025-ൽ നടത്തിയ നവീകരണപ്രവർത്തനങ്ങളിൽ അഴിമതി നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം മിന്നൽ പരിശോധനനടത്തി. എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽ നിന്ന് അനുവദിച്ച ഒരുകോടി രൂപയിൽ 70 ലക്ഷംരൂപ ചെലവഴിച്ച് നടത്തിയ നിർമാണ പ്രവൃത്തികളിലാണ് സാമ്പത്തിക തിരിമറിയും ക്രമക്കേടും നടന്നതായി പരാതി ഉയർന്നത്. പ്രവൃത്തികൾ പൂർത്തിയായെങ്കിലും ഇതുവരെ നിർമാണത്തിന്റെ ബിൽ പാസാക്കി നൽകിയിട്ടില്ല.

പരാതിയെത്തുടർന്ന് പാലക്കാട് വിജിലൻസ് സി.ഐ. അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ബാപ്പുജി പാർക്കിൽ നേരിട്ടെത്തി തെളിവെടുപ്പും പരിശോധനയും നടത്തിയത്.

തിങ്കളാഴ്ച രാവിലെ 9.30-ഓടെ ആരംഭിച്ച പരിശോധന വൈകുന്നേരം അഞ്ചോടെയാണ് അവസാനിച്ചത്.

​ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് അന്വേഷണസംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. പാർക്കിൽനടത്തിയ നിർമാണങ്ങളുടെ ഗുണനിലവാരം, ഉപയോഗിച്ച സാമഗ്രികൾ, മറ്റ് നിർമാണ രീതികൾ എന്നിവയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി നേരിട്ട് പരിശോധിച്ചത്. ടൂറിസം ഉദ്യോഗസ്ഥരുടെ കൈവശമുള്ള റിപ്പോർട്ടുകളും രേഖകളും പാർക്കിലെ വിവരങ്ങളും അന്വേഷണസംഘം വിശദമായി വിലയിരുത്തി.

​നിർമാണത്തിന്റെ ബില്ലുകൾ ഇതുവരെ ലഭ്യമാകാത്തതിനാൽ, അവ ലഭിച്ചശേഷമേ തുടർനടപടികളിലേക്ക് കടക്കാൻ സാധിക്കൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാർക്കിലെ മിന്നൽ പരിശോധനയ്ക്കും രേഖകൾ വിലയിരുത്തിയതിനും ശേഷം അന്വേഷണസംഘം വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും.