വാണിയംകുളം : പാലക്കാട്-കുളപ്പുള്ളി പാതയിൽ വെള്ളിയാഴ്ച രാത്രി മണിക്കൂറുകൾക്കുള്ളിൽ നടന്നത് രണ്ട് അപകടങ്ങൾ. മനിശ്ശീരി തൃക്കങ്ങോടും വാണിയംകുളം അങ്ങാടിയിലുമാണ് അപകടങ്ങൾ നടന്നത്. അപകടങ്ങളിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു.

To advertise here,

വാണിയംകുളം അങ്ങാടിയിൽ നടന്ന അപകടത്തിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ പനയൂർ സ്വദേശി ഷിബിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പ്രജിത്തിന് ഗുരുതരപരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 12-ഓടെയായിരുന്നു അപകടം.

വാണിയംകുളം ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്രജിത്തിന് കാലിൽ ചെറിയ പരിക്കേറ്റിരുന്നു. ഇതിനെത്തുടർന്ന് സുഹൃത്തായ ഷിബിലുമായി ആശുപത്രിയിൽ പോകുന്നതിനിടെയാണ് വാണിയംകുളം മാരിയമ്മൻ കോവിലിനു സമീപത്തായി ബൈക്ക് അപകടത്തിൽപ്പെട്ടത്.

കുളപ്പുള്ളി ഭാഗത്തേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ലോറി ഒറ്റപ്പാലം ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ബൈക്ക് ലോറിക്കടിയിൽ കുടുങ്ങുകയും ചെയ്തു. 15 മീറ്ററിലേറെ ദൂരമാണ് അടിവശത്ത് കുടുങ്ങിയ ബൈക്കുമായി ലോറി നീങ്ങിയത്. തുടർന്ന് എ.എം.സി. ഭവനം രുക്മിണിയുടെ മതിലും കിണറിന്റെ ആൾമറയും ഇടിച്ചുതകർത്താണ് ലോറി നിന്നത്. ജാക്കി ഉപയോഗിച്ച് ലോറി പൊക്കിയാണ് അടിയിൽ കുടുങ്ങിയ ഷിബിലിനെ എടുത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഷൊർണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും എത്തിയിരുന്നു. ലോറിഡ്രൈവർ തമിഴ്നാട് സ്വദേശി വിജയ്‌യുടെപേരിൽ ഒറ്റപ്പാലം പോലീസ് കേസെടുത്തു.

ഒട്ടേറെത്തവണ അപകടങ്ങൾ നടന്ന ഭാഗമാണ് വാണിയംകുളം അങ്ങാടി.തൃക്കങ്ങോട് ഓഡിറ്റോറിയത്തിനു മുന്നിൽ നടന്ന അപകടത്തിൽ പനമണ്ണ സ്വദേശി രാജേഷിനാണ് പരിക്കേറ്റത്.

തൃക്കങ്ങോട് ഭാഗത്തേക്ക് സ്കൂട്ടറിൽ വരുകയായിരുന്ന രാജേഷിനെ അതേ ദിശയിൽ ഒറ്റപ്പാലം ഭാഗത്തേക്കു പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. രാജേഷ് സ്കൂട്ടറിൽനിന്ന് തെറിച്ചുവീണു. ഇടിച്ച കാർ നിർത്താതെ പോയതായി സമീപത്തുള്ളവർ പറഞ്ഞു.

കൂട്ടുകാരുടെ ഫുട്ബോൾ കളി കാണാനെത്തി...

പനയൂർ : വെള്ളിയാഴ്ച വൈകീട്ട് കൂട്ടുകാരുടെ ഫുട്ബോൾ കളി കാണാൻ വാണിയംകുളം ടർഫിൽ എത്തിയതായിരുന്നു ഷിബിലി. കാലിൽ ചെറിയ വേദനയുള്ളതിനാൽ കളിക്കാനിറങ്ങിയില്ല. കൂട്ടുകാർക്ക് ആവേശം പകർന്ന് കളി ആസ്വദിക്കുകയായിരുന്നു. ഇതിനിടയിലാണ് സുഹൃത്തായ പ്രജിത്തിന് കാലിൽ ചെറിയ വേദനയും നീരും വന്നത്. ഇതോടെ പ്രജിത്ത് കളി മതിയാക്കി ഡോക്ടറെ കാണാനായി പോവുകയായിരുന്നു.

കളി കാണാനെത്തിയ ഷിബിലിയുമായാണ് ആശുപത്രിയിലേക്കു പോയത്. വാണിയംകുളം സ്വകാര്യ ആശുപത്രിയിൽനിന്ന്‌ കണ്ണിയംപുറം ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അങ്ങാടിയിൽവെച്ച് അപകടം നടന്നത്.

വാണിയംകുളം അങ്ങാടിയിൽ ലോറിയിടിച്ച് കൂട്ടുകാർ അപകടത്തിൽപ്പെട്ടതൊന്നും അറിയാതെ സുഹൃത്തുക്കൾ കളിത്തിരക്കിലായിരുന്നു.

മൊബൈൽഫോണിൽ വിളികൾ വന്നെങ്കിലും അറിഞ്ഞിരുന്നില്ലെന്ന് കൂട്ടുകാർ പറഞ്ഞു.

പിന്നീടാണ് അപകടം നടന്നതായി അറിഞ്ഞത്. ഇതോടെ ആശുപത്രിയിൽ ഓടിയെത്തിയ സുഹൃത്തുക്കൾ കണ്ടത് ജീവനറ്റ ഷിബിലിയുടെ ശരീരമാണ്. ഒപ്പം കളിച്ചിരുന്ന പ്രജിത്താകട്ടെ തീവ്രപരിചരണവിഭാഗത്തിലുമാണ്.