കൂറ്റനാട്: പുതിയ റോഡാണ്, എങ്കിലും ദുരിതയാത്രയ്ക്ക് ശമനമില്ല. തൃത്താലമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായ കറുകപുത്തൂർ-വട്ടൊള്ളിക്കാവ് റോഡിന്റെ അവസ്ഥയാണിത്.
കറുകപുത്തൂർ സെന്ററിൽ തുടങ്ങി തിരുമിറ്റക്കോട്, നാഗലശ്ശേരി പഞ്ചായത്ത് അതിർത്തികളിലൂടെ കടന്ന് ചാത്തനൂർ, വെള്ളടിക്കുന്ന് വഴി വട്ടൊള്ളിക്കാവിൽ അവസാനിക്കുന്ന നാലരക്കിലോമീറ്ററുള്ള ഈ റോഡ് തൃത്താലമണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നാണ്. മന്ത്രി എം.ബി. രാജേഷിന്റെ താത്പര്യപ്രകാരം കിഫ്ബിയിൽനിന്ന് എട്ട് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
ഈ പാതയിൽ മുൻപുതൊട്ടേ റൂട്ട് ബസുകൾ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ഗുരുവായൂർ, പട്ടാമ്പി, ഷൊർണൂർ ഭാഗത്തേക്ക് ഈ പാതയിലൂടെ എളുപ്പത്തിൽ എത്താനാകും. എന്നാൽ, വാഹനങ്ങളുടെ പെരുപ്പവും പാതയിലെ വളവുതിരിവും വീതിക്കുറവും കയറ്റിറക്കങ്ങളും കാരണം റൂട്ടിൽ അപകടങ്ങൾ പതിവാണ്.
നാട്ടുകാരുടെ സ്വപ്നം പാതിവഴിയിൽ
റോഡ് വീതികൂട്ടി സംസ്ഥാനമാതൃകയിൽ നവീകരിക്കണമെന്നത് നാട്ടുകാരുടെ ആവശ്യമായിരുന്നു. തിരുമിറ്റക്കോട്, നാഗലശ്ശേരി പഞ്ചായത്തുകളിലെ ക്വാറികളിൽ നിന്ന് കരിങ്കൽ, ചെങ്കൽ, മണ്ണ്, പാറപ്പൊടി എന്നിവയുടെ അമിതലോഡുമായി വലിയ ലോറികളും ടിപ്പറുകളും സ്ഥിരമായി ഇതിലൂടെ ഓടാൻ തുടങ്ങിയതോടെ സാധാരണക്കാരന് റോഡിൽ യാത്രചെയ്യാൻ പറ്റാത്ത സ്ഥിതിയായി.
റോഡിന്റെ തകർച്ചകാരണം കറുകപുത്തൂർ, ചാത്തനൂർ, ഇട്ടോണം തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾക്ക് പട്ടാമ്പി, കുന്നംകുളം നഗരങ്ങളിലെത്തി പഠിക്കാൻകഴിയാത്ത അവസ്ഥയായി.
2024-ലാണ് എട്ടുകോടി വകയിരുത്തി റോഡ് വികസനം തുടങ്ങിവെക്കുന്നത്. ബി.എം.ബി.സി നിലവാരത്തിൽ പുനരുദ്ധരിച്ച് ഒരുവർഷത്തിനകം ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. കരാറെടുത്ത മലബാർ പ്ലസ് കമ്പനിയും ഉദ്യോഗസ്ഥരും ജല അതോറിറ്റിയും ക്വാറിയുടമകളുമെല്ലാം ചേർന്ന് റോഡ് നിർമാണം മാസങ്ങളോളം നിശ്ചലമാക്കി.
ഒടുവിൽ ബി.എം.ബി.സി. യുടെ ഒരുഘട്ടം പൂർത്തിയാക്കി.
ഭാരമേറിയ വാഹനങ്ങൾ ഈ പാതയിലൂടെ പോകാൻ പാടില്ലെന്ന് ബോർഡുകൾ സ്ഥാപിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ജനങ്ങളുടെ പ്രതിഷേധമുണ്ടായി. നിയമ നടപടികളുമുണ്ടായി. കറുകപുത്തൂർ, ചാത്തനൂർ ഭാഗങ്ങളിൽ മാസങ്ങളോളം പണി തടസ്സപ്പെട്ടു. ഒടുവിലാണ് ഒരുഘട്ടം പൂർത്തീകരിച്ചത്.
തടസ്സം ജല അതോറിറ്റിയുടെപൈപ്പുകൾ
ഇവിടെയും പ്രധാന തടസ്സമായത് കുടിവെള്ളപൈപ്പ് പൊട്ടലും പൈപ്പുകൾ മാറ്റിസ്ഥാപിക്കലുമാണ്. റോഡരികിൽ ജൽജീവൻമിഷൻ പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകൾ മാറ്റണമെന്നും പകരം പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്നും പൊതുമരാമത്ത് ജല അതോറിറ്റിക്ക് നിർദേശം നൽകിയിരുന്നെങ്കിലും സമയത്ത് തീർക്കാൻ ജലവകുപ്പ് ശ്രമിച്ചില്ല.
ഓവുചാൽകീറാനും ചിലേടങ്ങളിൽ മാത്രം പൈപ്പുകൾ മാറ്റാനും ഒന്നരവർഷത്തിലധികമെടുത്തു. ഇത്രയുംസമയം നിരോധിച്ച ഭാരവാഹനങ്ങൾ ചരക്കുമായി ഓടിയിരുന്നത് റോഡിന്റെ ഉറപ്പിനെ ബാധിച്ചതായി നാട്ടുകാർ പറയുന്നു.
പഴക്കമുള്ള പൈപ്പുകളിലൂടെ ഭാരമേറിയ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുകയാണ്. റോഡ് കേടാകുന്നതോടൊപ്പം വീടുകളിലേക്ക് കുടിവെള്ളമെത്താറില്ലെന്നും നാട്ടുകാർ പറയുന്നു.
വീതികൂട്ടാൻ മതിലുകൾപൊളിച്ചുനൽകി
റോഡിന് വീതിയില്ലാത്തതിനാൽ നവീകരണം തടസ്സപ്പെടുമെന്ന സ്ഥിതിവന്നപ്പോൾ ചാത്തനൂർ പ്രദേശത്തെ ഏതാനും വീട്ടുകാർ റോഡിന് വീതി കുറയാതിരിക്കാൻ സ്വന്തം മതിലുകൾ പൊളിച്ചുനൽകി വീതികൂട്ടാൻ അനുമതി നൽകുകയുണ്ടായി. അത്രമേൽ ആത്മാർഥത കാണിച്ച നാട്ടുകാരെ അധികൃതർ നിരാശപ്പെടുത്തുകയായിരുന്നു.
റോഡിന്റെ ഏതാനുംഭാഗത്ത് മാത്രമാണ് പാതയ്ക്കിരുവശത്തും കോൺക്രീറ്റ് ചാലുകൾ നിർമിക്കുന്നത്. 70 ശതമാനം പ്രവൃത്തിമാത്രമാണ് ഈ പാതയിൽ പൂർത്തിയായിട്ടുള്ളത്.
മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് തടയാൻ ഇരുവശത്തും കൃത്യമായ നീർവാർച്ചാ സൗകര്യങ്ങളുടെ കുറവും നിർമാണത്തിലുണ്ട്. പ്രധാന വളവുകളിൽ സൂചനാ ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ സ്ഥാപിച്ചിട്ടില്ല.
ചെറുചാൽപ്രം, വട്ടൊള്ളിക്കാവ്, ചെരിപ്പൂർ, ചാത്തനൂർ എൽ.പി.എസ്, ചാത്തനൂർ ഹയർ സെക്കൻഡറി സ്കൂൾ, തിരുമിറ്റക്കോട് പഞ്ചായത്ത്, വില്ലേജ്, പി.എച്ച്.സി., അസാപ് കേന്ദ്രം, ബാങ്കുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലേക്കെത്താനുള്ള പ്രധാന മാർഗമാണ് ഈ പാത.
അമിതഭാരവാഹനങ്ങളെ നിയന്ത്രിക്കണം
അമിതഭാരവുമായി പോകുന്ന വാഹനങ്ങളെ നിയന്ത്രിച്ചാൽ മാത്രമേ ഈ റോഡിനെ സംരക്ഷിക്കാനാകൂ. വേനൽക്കാലത്ത് പൊടിശല്യവും മഴക്കാലത്ത് ചെളിയും ദുസ്സഹമാണ്. റോഡ് നവീകരണം പൂർത്തിയാക്കണം.
- ടി.എൻ. മോഹൻദാസ്, ചാത്തനൂർ.
Published: 18 Oct 2026, 03:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented