കുട്ടികളുടെ പാർക്കിന് പ്രവേശന ഫീസ്

To advertise here,

ഷൊർണൂർ : ഭാരതപ്പുഴയോരത്തെ കുട്ടികളുടെ പാർക്കിന് പ്രവേശനഫീസ് ഈടാക്കാനുള്ള ചർച്ചയിൽ നഗരസഭാകൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. പത്തുരൂപ ഈടാക്കാമെന്ന ഭരണ സമിതിയുടെ തീരുമാനത്തെ ബി.ജെ.പി. അംഗങ്ങൾ എതിർത്തപ്പോൾ ചർച്ചയ്ക്ക്‌ അവസരംതന്നില്ലെ ന്നാരോപിച്ചായിരുന്നു കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. ഒടുവിൽ 10 രൂപ വീതമുള്ള ഫീസ് നിരക്ക് നിശ്ചയിച്ച് ലേലം നടത്താമെന്ന അജൻഡ അംഗീകരിച്ചു. ഇക്കാര്യം ചർച്ചചെയ്യാൻ അനുവദിച്ചില്ലെന്നാരോപിച്ച് വി.കെ. ശ്രീകൃഷ്ണൻ സീറ്റിൽനിന്നെഴുന്നേറ്റ് ചെർപേഴ്‌സനുമുൻപിലെത്തി പ്രതിഷേധിച്ചു. കൂടെ കെ. കൃഷ്ണകുമാറും പി.എ. ആഷിക്കും മറ്റ് കോൺഗ്രസ് കൗൺസിലർമാരുമെത്തി.

ഇതിനിടെ പാർക്കിൽ നഗരസഭ ചെലവഴിച്ച തുകയെക്കുറിച്ചുള്ള കണക്ക് വ്യക്തമാക്കണമെന്ന് ബി.ജെ.പി. കൗൺസിലർ ഇ.പി. നന്ദകുമാർ ആവശ്യപ്പെട്ടു. എല്ലാ കണക്കും രേഖകളും പരിശോധിക്കാമെന്നും അതെല്ലാം നഗരസഭയിലുണ്ടെന്നും അധ്യക്ഷ അഡ്വ. പി. നിർമല പ്രതികരിച്ചു. ഇതോടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്കേറ്റമായി. ചെയർപേഴ്‌സന് മുമ്പിലെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പ്രതിരോധിക്കാൻ സി.പി.എം. കൗൺസിലർമാരും അധ്യക്ഷയ്ക്ക് സമീപമെത്തി. തുടർന്ന്, ഉപാധ്യക്ഷൻ ഇടപെട്ട് ഭരണപക്ഷാംഗങ്ങളെ നിയന്ത്രിച്ചു. ഇതിനിടെ ചർച്ച ചെയ്യാൻ അനുവദിച്ചില്ലെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയി.

ബഹളത്തിനിടെ കൗൺസിൽ മൂന്നാമത്തെ അജൻഡയും വായിച്ച് അംഗീകരിച്ച് പിരിഞ്ഞു. പിന്നീട് ഈ അജൻഡയിൽ കോൺഗ്രസും ബി.ജെ.പി.യും വിയോജിപ്പ്‌ രേഖപ്പെടുത്തി. 97.90 ലക്ഷം രൂപയുടെ സ്പിൽ ഓവർ പ്രവൃത്തിക്കും കൗൺസിൽ അംഗീകാരം നൽകി.