കൊല്ലം : കാലപ്പഴക്കംമൂലം കോൺക്രീറ്റ് പാളികളായി ഇളകിപ്പൊളിഞ്ഞ മേൽക്കൂര, തുരുമ്പെടുത്ത കമ്പികൾ... ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന സ്ഥിതിയിലാണ് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം. നഗരത്തിന്റെ ഒത്തനടുക്ക് സ്ഥിതിചെയ്യുന്ന ഈ ഓഫീസിന്റെ പരിതാപകരമായ സ്ഥിതി തിരിഞ്ഞുനോക്കാൻ ആളില്ലെന്നാണ് ആക്ഷേപം.
രണ്ട് നിലകളിലായി 102 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. മഴയായാൽ ഓഫീസ് മുറികൾക്കുള്ളിൽപോലും ജോലി ചെയ്യാനാകാത്ത അവസ്ഥയാണ്. ഇപ്പോൾതന്നെ പലഭാഗത്തും ചോർച്ചയും തകർച്ചയുമാണ്. പഴക്കംചെന്ന കെട്ടിടത്തിന്റെ ദുരവസ്ഥ കാട്ടി പലതവണ പരാതികൾ അറിയിച്ചെങ്കിലും നടപടി ഒന്നുമായില്ല.
ജീവനക്കാരിൽ 80 ശതമാനത്തോളം സ്ത്രീകളാണ്. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾ നടത്താനുള്ള സൗകര്യംപോലും കെട്ടിടത്തിലില്ല. നൂറിലധികം പേർക്കായി ആറ് ശൗചാലയങ്ങളാണുണ്ടായിരുന്നത്. ഇതിൽ പലതും ഉപയോഗശൂന്യമായി.
നിലവിൽ ഒരെണ്ണം മാത്രമാണ് ഉപയോഗയോഗ്യമായുള്ളത്. മാസങ്ങൾക്കുമുൻപ്, ജീവനക്കാർ അടിയന്തരഘട്ടത്തിൽ മാത്രം ഉപയോഗിക്കുന്ന ശൗചാലയത്തിന്റെ മേൽക്കൂര അടർന്നുവീണിരുന്നു.
ജീവനക്കാരുടെ സംഘടന ഒട്ടേറെത്തവണ പരാതി അറിയിച്ചതിനുശേഷം അടുത്തിടെ കെട്ടിടത്തിനു പുറത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് ശൗചാലയങ്ങൾ നിർമിക്കാൻ അനുമതി ലഭിച്ചു. ഇതിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് മുഖേന എൻ.കെ. പ്രേമചന്ദ്രൻ എം.പി.ക്ക് നിവേദനം നൽകിയിരുന്നു. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് എം.പി. നൽകിയ കത്തിന്, പരിശോധനകൾക്കുശേഷം നടപടി സ്വീകരിക്കുമെന്ന് മറുപടി ലഭിച്ചതായും ജീവനക്കാർ പറയുന്നു.
വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിന് ഉപഭോക്താക്കളാണ് ഇവിടെയെത്തുന്നത്. മഴക്കാലത്ത് കെട്ടിടത്തിന്റെ പരിസരത്ത് ചെളിയും വെള്ളക്കെട്ടുമാണ്. പ്രധാന കവാടത്തിൽനിന്ന് റോഡ് ഉയർന്നുനിൽക്കുന്നതിനാൽ മഴ പെയ്യുമ്പോൾ റോഡിലെ വെള്ളം പോസ്റ്റ് ഓഫീസ് വളപ്പിലേക്കാണ് ഒഴുകിയെത്തുന്നത്.
Published: 03 Nov 2026, 02:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented