സാമൂഹികമാധ്യമങ്ങളിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നു

To advertise here,

തിരുവനന്തപുരം : സാമൂഹികമാധ്യമങ്ങളിലാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നതെന്നും സൈബറിടങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമനിർമാണം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ വനിതാനയം രൂപവത്കരിക്കുന്നതിനായി ‘മകൾക്കൊപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വയംപര്യാപ്തതയ്ക്കാണ് വനിതാനയത്തിൽ മുൻഗണന. സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാൻ കുടുംബശ്രീയെ പങ്കാളിയാക്കി പ്രത്യേകപദ്ധതി നടപ്പാക്കും. വയോജനങ്ങളെ മെന്റർമാരാക്കിയുള്ള പദ്ധതി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുല്യജോലിക്ക് തുല്യവേതനം, നയരൂപവത്കരണത്തിലും ഭരണത്തിലും മെച്ചപ്പെട്ട പങ്കാളിത്തം തുടങ്ങിയവ സ്ത്രീകൾക്ക് ഉറപ്പാക്കണമെന്ന് അധ്യക്ഷതവഹിച്ച മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മന്ത്രി കെ.എ. തുളസി, ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ എം.കെ. മുനീർ, വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി, എം.എൽ.എ.മാരായ ഉമാ തോമസ്, ഉഷാ വിജയൻ, മുൻമന്ത്രി പി.കെ. ശ്രീമതി, വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഷീബാ ജോർജ് എന്നിവരും സംസാരിച്ചു.

മകളുടെ തിരുത്തൽ ഓർമ്മിച്ച് മുഖ്യമന്ത്രി

ഒരിക്കൽ മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ച് ഒരാളോടു ഫോണിൽ സംസാരിക്കവേ ‘മാൻ-അനിമൽ കോൺഫ്‌ളിക്റ്റ്‌’ എന്ന തന്റെ പ്രയോഗം മകൾ തിരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ട് ‘മാൻ’ (പുരുഷൻ) എന്നു പറയുന്നുവെന്നും സ്ത്രീകൾ ആക്രമിക്കപ്പെടുന്നില്ലേയെന്നും മകൾ ചോദിച്ചു. ‘ഹ്യുമൻ-അനിമൽ കോൺഫ്ളിക്റ്റ്’ എന്നേ ഉപയോഗിക്കാവൂവെന്ന് മകൾ തിരുത്തി. അതിനുശേഷം ആ വാക്കേ താൻ ഉപയോഗിച്ചിട്ടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.