ഒറ്റപ്പാലം : സ്ട്രക്ചറുകൾക്കും വീൽചെയറുകൾക്കും പകരം ഉപയോഗിക്കാൻ കഴിയുന്ന ബഗ്ഗി കാർ സേവനം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഉടൻ തുടങ്ങും. സേവനത്തിന് ആവശ്യമായ ഇലക്ട്രിക് കാർ താലൂക്ക് ആശുപത്രിയിൽ എത്തി. രോഗികളെ വേഗത്തിൽ അതത് സ്ഥലങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം.

To advertise here,

 

കെ. പ്രേംകുമാർ എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് 4.75 ലക്ഷം രൂപ ചെലവിലാണ് വാഹന സൗകര്യം ഒരുക്കുന്നത്. ഡ്രൈവർ അടക്കം എട്ടുപേർക്ക് ഇരിക്കാം. വാഹനത്തിന്റെ ഡ്രൈവറുടെ വേതനം, അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകൾ നഗരസഭ വഹിക്കും. ബഗ്ഗി കാർ സേവനം തുടങ്ങുന്നതിന് നേരത്തെ നഗരസഭ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. ദിവസവും 500-ലേറെ രോഗികളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. ഡ്രൈവറെ നിയമിച്ച്, ഉടൻതന്നെ പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, ബഗ്ഗി കാർ സേവനത്തിനുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലെന്ന് യു.ഡി.എഫ്. ആരോപിച്ചിരുന്നു. ചെറിയ സ്ഥലത്ത് സഞ്ചരിക്കാൻ എന്തിനാണ് ബഗ്ഗി കാർ എന്നതായിരുന്നു ചോദ്യം.

ഒ.പി. വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്ന് ഡയാലിസിസ് യൂണിറ്റിലേക്കും ബ്ലഡ് ബാങ്കിലേക്കുമൊക്കെ വേഗത്തിൽ പോകാൻ കഴിയുമെങ്കിലും വാർഡിലേക്കോ ഫാർമസിയിലേക്കോ പോകണമെങ്കിൽ രോഗികൾക്ക് സ്ട്രച്ചറോ വീൽചെയറോ തന്നെ ആശ്രയിക്കേണ്ടിവരുമെന്ന് യു.ഡി.എഫ്. ആരോപിച്ചിരുന്നു.