ഈ മാസം 11-ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും

To advertise here,

കൊല്ലം : പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ എം.ആർ.ഐ. സ്കാനിങ് യന്ത്രം സജ്ജീകരിച്ചു. ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് ഡിപ്പാർട്മെന്റിൽ സി.ടി. സ്കാനർ സ്ഥാപിച്ചിരിക്കുന്ന മുറിയോടു ചേർന്നാണ് പുതിയ എം.ആർ.ഐ. മെഷീൻ സ്ഥാപിച്ചത്. ഈ മാസം 11-ന്‌ ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ബി.ബി. ഗോപകുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് എം.ആർ.ഐ. സ്കാനിങ് യന്ത്രം സ്ഥാപിച്ചത്. ഇതിന് സംസ്ഥാന സർക്കാർ ഫണ്ടിൽനിന്ന് 12 കോടി രൂപ ചെലവഴിച്ചു. ഇതോടെ മെഡിക്കൽ കോളേജിൽ 24 മണിക്കൂറും എം.ആർ.ഐ. സ്കാനിങ് ചെയ്യാനാകും. എന്നാൽ തുടക്കത്തിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ 12 മണിക്കൂറാകും സ്കാനിങ് സൗകര്യമുണ്ടാവുക. ഇതിനായി താത്കാലിക ജീവനക്കാരെ ക്രമീകരിക്കും. മെഡിക്കൽ കോളേജിനുള്ളിലെ തകർന്നുകിടന്നിരുന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്.

​പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെ പരിതാപകരമായ സ്ഥിതി സംബന്ധിച്ച് ജൂലായ്‌ ആദ്യം മാതൃഭൂമി വാർത്താ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് മന്ത്രി കെ. മുരളീധരനെത്തി അവലോകനയോഗം ചേർന്നു. ട്രോമാകെയർ യൂണിറ്റ് ശിലാസ്ഥാപനം സംബന്ധിച്ച് മാതൃഭൂമി നൽകിയ വാർത്ത വായിച്ചുകൊണ്ടായിരുന്നു, അന്ന് ബി.ബി. ഗോപകുമാർ എം.എൽ.എ. അവലോകനയോഗത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്. മാതൃഭൂമി പരമ്പര അദ്ദേഹം മന്ത്രിയെ കാണിക്കുകയും ചെയ്തിരുന്നു. എം.ആർ.ഐ. സ്കാനിങ് യന്ത്രം സ്ഥാപിക്കുമെന്നും എ.സി. നന്നാക്കുമെന്നും അവലോകനയോഗത്തിൽ മന്ത്രി ഉറപ്പുനൽകിയിരുന്നു. കാർഡിയോളജി വിഭാഗം 24 മണിക്കൂർ പ്രവർത്തിപ്പിക്കുമെന്നും കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

അദ്ദേഹം ഇടപെട്ടാണ് എം.ആർ.ഐ. സ്കാനിങ് യന്ത്രത്തിനും എ.സി.യുടെ അറ്റകുറ്റപ്പണിക്കും തുക അനുവദിച്ചത്.

കേന്ദ്രീകൃത എ.സി. നന്നാക്കാൻ 1.2 കോടി

കേന്ദ്രീകൃത എ.സി. സംവിധാനം കാര്യക്ഷമമാക്കാൻ 1.2 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പിടുന്നതോടെ അറ്റകുറ്റപ്പണി ആരംഭിക്കും. ബ്ലൂ സ്റ്റാർ കമ്പനിക്കാണ് ഇതിന്റെ കരാർ നൽകുക. ശീതീകരണ സംവിധാനമില്ലാതെ ഒരുദിവസംപോലും മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണിപ്പോൾ.

നിലവിലുള്ള നാലു കംപ്രസ്സറുകൾക്ക് പുറമേ അഞ്ചെണ്ണം കൂടി സജ്ജമാക്കുന്നതോടെ കിടത്തിച്ചികിത്സാ വിഭാഗം ഒഴികെ ഡയാലിസിസ്, കാഷ്വാലിറ്റി, ഓപ്പറേഷൻ തി​േയറ്റർ, സർജിക്കൽ ഐ.സി.യു., മെഡിക്കൽ ഐ.സി.യു., ലേബർ മുറി എന്നിവിടങ്ങളെല്ലാം ശീതീകരിക്കാനാകും. അടുത്തദിവസങ്ങളിൽ തന്നെ അറ്റകുറ്റപ്പണി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

കാർഡിയോളജി വിഭാഗം പ്രവർത്തനം 24 മണിക്കൂറും

കാർഡിയോളജി വിഭാഗത്തിൽ ഒരു പ്രൊഫസറെ കൂടി നിയമിച്ചു. ഒരു അസി. പ്രൊഫസറെ നേരത്തേ നിയമിച്ചിരുന്നു. ഇതിനുപുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ജോലിക്രമീകരണ വ്യവസ്ഥയിൽ സീനിയർ റെസി​െഡന്റുമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഇതോടെ കാർഡിയോളജി വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കാനാകുന്നുണ്ട്. തസ്തികകൾ ഒഴിഞ്ഞുകിടന്നതിനാൽ ടി.എം.ടി. ടെസ്റ്റ് നടത്താൻ രോഗികൾക്ക് ഒരുവർഷം കഴിഞ്ഞുള്ള തീയതിയാണ് നൽകിയിരുന്നത്. മിക്ക ടെസ്റ്റുകൾക്കും മാസങ്ങൾ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. പുതിയ നിയമനം നടക്കുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും.