ചടയമംഗലം :വട്ടപ്പാറ-തങ്കക്കല്ല്-വേയ്ക്കൽ റോഡിന്റെ നവീകരണം വീണ്ടും തടസ്സപ്പെട്ടതിൽ വ്യാപക പ്രതിഷേധം. പാതയുടെ പണി മുടങ്ങിയതു മുതൽ വിവാദവും തുടരുകയാണ്.
2025 ജൂണിൽ തുടങ്ങിയ പണികളാണ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നത്. പഴയ അടങ്കൽ തുക മാറ്റണമെന്നാണ് കരാറുകാരുടെ ആവശ്യം. നേരത്തേ മണ്ണുമാന്തിയുപയോഗിച്ച് ടാറിളക്കിയിട്ടും പണി നടത്താതെപോയത് ഏറെ വിമർശനമേറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ, അന്നത്തെ മന്ത്രി ജെ. ചിഞ്ചുറാണി വോട്ടഭ്യർത്ഥിച്ചെത്തിയപ്പോൾ റോഡുപണി നീളുന്നതിൽ പ്രതിഷേധിച്ച് അവരെ തടഞ്ഞുവെച്ചതും വിവാദമായിരുന്നു.
2026 മേയ് അവസാനം പാതയുടെ പണി പൂർത്തിയാക്കുമെന്ന് ബ്ലോക്ക് അധികൃതർ നൽകിയ ഉറപ്പും പാലിച്ചിട്ടില്ല. മെറ്റലിളകിയ പാതയിൽ അപകടവും പതിവാണ്. ഓട്ടോ, ടാക്സി എന്നിവ ഇതുവഴി ഓട്ടം വരാൻ വിസമ്മതിക്കുകയാണ്.
ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ എട്ടു കോടി രൂപ ചെലവഴിച്ചാണ് പാത പുനർനിർമിക്കുന്നത്. പാതയുടെ പണിക്കായി കൂടുതൽ തുക അനുവദിക്കുന്നതിന് എം.എം. നസീർ എം.എൽ.എ. ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ജില്ലാതിർത്തിയിലെ നിലമേൽ, കിളിമാനൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാത എം.സി. റോഡ്, നിലമേൽ-പാരിപ്പള്ളി പാതകളുമായി സന്ധിക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിനാണ് പാതയുടെ നിർവഹണച്ചുമതല.
Published: 03 Nov 2026, 02:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented