കുളപ്പുള്ളി : വാണിയംകുളം മാന്നനൂർ ഉരുക്ക് തടയണയുടെ തകർച്ച പരിഹരിക്കാനുള്ള പുതിയ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഡ്വ. മോൻസ് ജോസഫ്. നിയമസഭയിൽ പി. മമ്മിക്കുട്ടി എം.എൽ.എ.യുടെ പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പുനർനിർമാണത്തിനിടെ തകർന്ന സംരക്ഷണഭിത്തികൾ വീണ്ടും നിർമിക്കും. ഇതിനായി 16 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ദർഘാസ് നടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതർ പറഞ്ഞു. തടയണയുടെ മാന്നനൂർ ഭാഗം 2018-ലാണ് പ്രളയത്തിൽ തകർന്ന്, പുഴ ഗതിമാറി ഒഴുകിയത്. തടയണയോട് ചേർന്നുള്ള മണൽതിട്ടകൾ മുഴുവനായും ഒലിച്ചുപോവുകയും സമീപത്തെ കർഷകരുടെ കൃഷിസ്ഥലങ്ങൾ ഇടിയുകയും ചെയ്തിരുന്നു.
തുടർന്ന് റീബിൽഡ് കേരളയും ജലവിഭവ വകുപ്പും ചേർന്ന് പരിശോധന നടത്തി, സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. (കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപറേഷൻ) തയ്യാറാക്കിയ രൂപരേഖ പ്രകാരമാണ് സംരക്ഷണഭിത്തി നിർമാണം നടത്തിയത്. ഇതിനായി 12.60 കോടി രൂപയുടെ പദ്ധതിയാണുണ്ടായിരുന്നത്. 30 മീറ്റർ നീളത്തിൽ 13 സംരക്ഷണഭിത്തികളാണ് നിർമിക്കാനായി പദ്ധതിയുണ്ടായിരുന്നത്.
2024-ൽ സംരക്ഷണഭിത്തികളുടെ നിർമാണം അവസാനഘട്ടത്തിലിരിക്കെ മേയ് മാസത്തിൽ പുഴയിൽ നീരൊഴുക്ക് വർധിക്കുകയും തുടർപ്രവർത്തനങ്ങൾ പൂർണമായും നിർത്തലാക്കേണ്ടി വന്നു. അവസാന ഭിത്തിയുടെ നിർമാണം തുടങ്ങുമ്പോഴാണ് പണികൾ പൂർണമായും നിലച്ചത്. 12 എണ്ണം പൂർത്തീകരിച്ചുവെങ്കിലും നാല് സംരക്ഷണഭിത്തികൾ പിന്നീട് തകർന്നു.
ഇതോടെ പുഴഗതിമാറി രണ്ടായി ഒഴുകി. ഇതിനെത്തുടർന്ന് വീണ്ടും സമീപകൃഷിസ്ഥലങ്ങൾ പുഴയിലേക്ക് ഇടിഞ്ഞു. കർഷകരുടെ പരാതിയെത്തുടർന്ന് പി. മമ്മിക്കുട്ടി എം.എൽ.എ. ഇടപെട്ട് തകർന്ന സംരക്ഷണഭിത്തികൾ പുനർനിർമിക്കാനായുള്ള പുതിയ പദ്ധതിക്കായി വീണ്ടും സർക്കാരിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് 16 കോടി രൂപയുടെ പുതിയ പദ്ധതിക്ക് അനുമതി ലഭിച്ചത്.
Published: 02 Nov 2026, 02:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented