കൂറ്റനാട് : നവീകരണം നടക്കുന്ന അക്കിക്കാവ്-കറുകപുത്തൂർ പുതിയപാതയിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതത്തൂണുകൾ യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. ചാലിശ്ശേരി-പെരിങ്ങോട് റോഡിലാണ് വൈദ്യുതത്തൂണുകൾ അപകടഭീഷണിയാകുന്നത്. റോഡ് വീതി കൂട്ടി ടാർ ചെയ്ത് നവീകരിച്ചപ്പോൾ വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിച്ചില്ല.
ചാലിശ്ശേരിമുതൽ കറുകപുത്തൂർ വരെയുള്ള പഴയ വൈദ്യുതത്തൂണുകളെല്ലാം മാറ്റി ഇരട്ടത്തൂണുകളാക്കിയിരുന്നു. എന്നാൽ, പെരിങ്ങോട് സെന്റർ മുതൽ മതുപ്പുള്ളി വരെ ഈ പണി നടന്നില്ല. ഇതോടെയാണ് റോഡിന്റെ ഇരുവശത്തുമായി തൂണുകൾ റോഡിലേക്ക് തള്ളിനിൽക്കുന്ന അവസ്ഥയുണ്ടായത്.
രാത്രികാലങ്ങളിലുള്ള യാത്രക്കാർക്ക് ഇവ വെല്ലുവിളിയാണ്. റോഡിനോടുചേർന്ന് പോകേണ്ടിവരുന്നത് പ്രയാസമുണ്ടാക്കും. രാത്രിയിൽ തൂൺ ശ്രദ്ധയിൽപ്പെടാനായി മുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ല.
രണ്ടു വലിയവാഹനങ്ങൾ ഒരേസമയം വരുമ്പോൾ ഒരു വാഹനം തൂണിനോടുചേർന്ന് നിർത്തേണ്ടി വരുന്ന സ്ഥിതിയാണ്. ഇത് വലിയ അപകടത്തിനും ഗതാഗതതടസ്സങ്ങൾക്കും കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. വലിയ ചരക്ക് ലോറികൾ ഈ ഭാഗത്ത് എത്തുമ്പോൾ ഗതാഗതക്കുരുക്കും പതിവാണ്.
അപകടാവസ്ഥയിലുള്ള വൈദ്യുതത്തൂണുകളുള്ള പാതയിലൂടെ വേഗത്തിലുള്ള വാഹനങ്ങളുടെ വരവും തൊട്ടടുത്തുള്ള വ്യാപാരസ്ഥാപനങ്ങൾക്കും ഭീഷണിയായിട്ടുണ്ടെന്ന് പെരിങ്ങോട്ടെ കച്ചവടക്കാർ പറയുന്നു. തൂണുകളിൽ തട്ടി പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ടെന്നും പറഞ്ഞു. പല തൂണുകളും പാതയിലേക്ക് ചരിഞ്ഞനിലയിലാണ് നിൽക്കുന്നത്. വയറുകൾ തൂങ്ങിക്കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
ഈ വൈദ്യുതത്തൂണുകൾ റോഡരികിൽനിന്ന് മാറ്റി സുരക്ഷിത സ്ഥാനത്തേക്ക് സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അതേസമയം, വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കേണ്ടതാണെന്നും പൊതുമരാമത്ത് വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ എത്രയുംപെട്ടെന്ന് തൂണുകൾ മാറ്റിനൽകുമെന്നും പെരിങ്ങോട് കെ.എസ്.ഇ.ബി. സെക്ഷനിലെ സബ് എൻജിനിയർ കെ. ഡിജീഷ് പറഞ്ഞു.
Published: 02 Nov 2026, 02:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented