പിറവം : പിറവം ടൗണിൽ പല ഭാഗത്തും ജലവിതരണക്കുഴൽ പൊട്ടി കുടിവെള്ളം വലിയതോതിൽ പാഴാകുന്നു. പെരുവ-പിറവം- പെരുവംമൂഴി റോഡുപണിയുടെ ഭാഗമായി റോഡ് താഴ്ത്തുമ്പോഴാണ് പൈപ്പുകൾ ഏറെയും പൊട്ടുന്നത്. ‌സമയത്ത് നന്നാക്കാത്തതുമൂലം ഓരോ മണിക്കൂറിലും ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് നഷ്ടമാകുന്നത്. പൈപ്പുകൾ പൊട്ടുന്നത് പതിവായതോടെ പിറവത്തെ കുടിവെള്ള വിതരണം തകരാറിലായി.

To advertise here,

കെ.എസ്. ആർ.ടി.സി. ജങ്‌ഷനിൽ കോട്ടയം റോഡിന്റെ തുടക്കത്തിൽ പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായി. പള്ളിക്കവലയിലും കക്കാട് റോഡിലും പലയിടത്തും പൈപ്പുകൾ തകരാറിലാണ്. പൊട്ടുന്ന പൈപ്പുകൾ നന്നാക്കുന്നതിന് വലിയ കാലതാമസം നേരിടുന്നുണ്ട്. നേരത്തേ ജല അതോറിറ്റി കരാറുകാരാണ് ഇത് ചെയ്തിരുന്നത്. അവർക്ക് ബില്ല് മാറിക്കിട്ടാത്തതിനാൽ കരാറുകാർ പിന്മാറിയിരിക്കുകയാണ്. ഇതുമൂലം സാധാരണ പൈപ്പ് പൊട്ടലുകൾ നന്നാക്കാൻപോലും ആളില്ലാത്ത സ്ഥിതിയാണ്.

കരാറുകാർ പിന്മാറിയതോടെ ജല അതോറിറ്റി അധികൃതർ നേരിട്ട് തൊഴിലാളികളെ കൂലിക്ക് നിർത്തിയാണ് നന്നാക്കുന്നത്. എന്നാൽ ഇതിന് ആവശ്യത്തിന് തൊഴിലാളികളെ കിട്ടാറില്ല. കക്കാട് ജലശുദ്ധീകരണ ശാലയിൽനിന്ന് പിറവത്തേക്ക്‌ വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ്‌ലൈൻ മാറ്റിസ്ഥാപിക്കുന്ന ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. പണി നടക്കുന്നതിനാൽ ഒന്നിടവിട്ട ദിവസങ്ങളിലേ കുടിവെള്ളം ലഭിക്കൂ.