പൂക്കോട്ടുകാവ് : പൂക്കോട്ടുകാവ് പഞ്ചായത്തിലെ പകരാവൂർ-കുളക്കാട് മാവിൻചുവട് റോഡ് നാട്ടുകാർ സ്വന്തം ചെലവിൽ ഗതാഗതയോഗ്യമാക്കി. അറുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് മഴ പെയ്താൽ കാൽനടപോലും സാധ്യമല്ലാത്തവിധം തകർന്നതോടെയാണ് നാട്ടുകാർ പണം സ്വരൂപിച്ച് ക്വാറി വേസ്റ്റ് ഇട്ട് താത്കാലികമായി വഴി സഞ്ചാരയോഗ്യമാക്കിയത്.

To advertise here,

​2018-19 കാലത്ത് പി. ഉണ്ണി എം.എൽ.എ.യുടെ 18 ലക്ഷം രൂപയും 2022-23 കാലത്ത് കെ. പ്രേംകുമാർ എം.എൽ.എ.യുടെ 40 ലക്ഷം രൂപയും വിനിയോഗിച്ച് റോഡിന്റെ വശങ്ങൾ കെട്ടി സംരക്ഷിച്ചിരുന്നു. ബാക്കി ഭാഗം പൂർത്തിയാക്കാൻ പഞ്ചായത്തിന്റെ തനത് ഫണ്ട് തികയില്ലെന്ന് പ്രസിഡന്റ് എൻ. രാജേഷ് വ്യക്തമാക്കി.

​നിലവിൽ റോഡ് എം.പി. ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചെങ്കിലും അടിയന്തര ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വാർഡ് അംഗവും ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറിയുമായ എൻ. സച്ചിദാനന്ദന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ തീരുമാനം.