ഒറ്റപ്പാലം : ഈസ്റ്റ് ഒറ്റപ്പാലത്ത് അമിതഭാരവുമായെത്തിയ കൂറ്റൻ ട്രെയ്‌ലർ മോട്ടോർവാഹന വകുപ്പ് തടഞ്ഞിട്ടു. ട്രാൻസ്‌ഫോർമർ കയറ്റിവന്ന ട്രെയ്‌ലർ ലോറിയാണ് ഈസ്റ്റ് ഒറ്റപ്പാലം പാലത്തിലേക്ക് കയറുന്നതിന് മുൻപായി തടഞ്ഞത്.

To advertise here,

ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. വാഹനം പാലത്തിന് സമീപം നിർത്തിയിട്ടതോടെ പാലക്കാട്-കുളപ്പുള്ളി പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് ഉണ്ടായി.

അമിതഭാരമേറിയ വാഹനം കടന്നുപോകുന്നത് കാലപ്പഴക്കമേറിയ പാലത്തിന് അപകടമാകുമെന്ന് കണ്ടായിരുന്നു നടപടി. പുതിയ പാലംപണി നടക്കുന്നതിനാൽ ഭാരവാഹനങ്ങൾക്ക് പാലത്തിലൂടെ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നെത്തിയ ലോറി എ.എം.വി.ഐ. എസ്. വിജയകുമാർ തടഞ്ഞ്‌ പിഴചുമത്തുകയായിരുന്നു.

 

ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന വിജയകുമാർ ഇതുവഴി കടന്നുപോകുന്നതിനിടെ ലോറി പാലത്തിലേക്ക് കയറുന്നതുകണ്ട്‌ തടയുകയായിരുന്നു. പോലീസും സ്ഥലത്തെത്തിയിരുന്നു. പാലക്കാട് ഭാഗത്തുനിന്ന് കുളപ്പുള്ളിഭാഗത്തേക്ക് ട്രാൻസ്‌ഫോർമറുകൾ കയറ്റി പോവുകയായിരുന്നു ലോറി. തുടർന്ന്, ലോറി മായന്നൂർപ്പാലം റോഡരികിലേക്ക് മാറ്റിയതോടെയാണ് ഗതാഗതക്കുരുക്കിന് അല്പമെങ്കിലും അയവുവന്നത്.

തിരക്ക് കുറയുന്നതോടെ വാഹനം വഴിതിരിഞ്ഞുപോകാൻ നിർദേശം നൽകിയതായി വിജയകുമാർ പറഞ്ഞു.