മരണം തലയ്ക്കടിയേറ്റെന്ന് പോലീസ്; വെട്ടേറ്റ ബന്ധു ആശുപത്രിയിൽ

To advertise here,

പാലക്കാട് : വടകരപ്പതി കള്ളിയമ്പാറയിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ, സംഘംചേർന്നുള്ള മർദനത്തിനിടെ ഒരാൾ മരിച്ചു. വടകരപ്പതി പരിശിക്കൽ എരുമക്കാര വീട്ടിൽ ജെ. ജെയിംസ് രാജ്കുമാറാണ് (38) മരിച്ചത്. തലയ്ക്കടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിലുള്ളതെന്ന് പോലീസ് പറഞ്ഞു.

ജെയിംസിന്റെ ബന്ധു വടകരപ്പതി വലിയ കള്ളിയമ്പാറ ജെ. ജോണി പ്രവീണിന് (35) ഇടതുകവിളിൽ വെട്ടേറ്റിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന്‌ പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ജെയിംസും പ്രവീണും തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. പ്രവീണിന്റെ സുഹൃത്തും ജെയിംസുമായി ഞായറാഴ്ച രാവിലെ വാക്കേറ്റമുണ്ടായി. ഇതിന്റെ പേരിൽ, മദ്യപിച്ചെത്തിയ ജെയിംസും പ്രവീണും തമ്മിലും ‌തർക്കങ്ങളുണ്ടായി.

രാത്രിയോടെ പരിശിക്കലുള്ള തന്റെ വീട്ടിലെത്തിയ ജെയിംസ് കൊടുവാളും കുപ്പിയിൽ മുളകുവെള്ളവുമെടുത്ത് വലിയ കള്ളിയന്പാറയിലുള്ള പ്രവീണിന്റെ വീട്ടിലേക്ക് പോയി. കൊടുവാളുമായി ജെയിംസ് വരുന്നുണ്ടെന്ന് ജെയിംസിന്റെ അമ്മ പ്രവീണിന് ഫോണിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നതായി പോലീസ് പറയുന്നു. പ്രവീൺ തന്റെ സുഹൃത്തുക്കളെയും വിവരമറിയിച്ചിരുന്നു.

ജെയിംസ് സ്ഥലത്തെത്തിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഇതിനിടെ, കൊടുവാൾകൊണ്ട് പ്രവീണിനെ വെട്ടിയെന്നും ഇതുകണ്ട് സ്ഥലത്തെത്തിയ പ്രവീണിന്റെ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നവരും ചേർന്ന് ജെയിംസിനെ മർദിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

കുഴഞ്ഞുവീണ ജെയിംസിനെ പോലീസ് സ്ഥലത്തെത്തി ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഏഴരയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. തിരുപ്പൂരിൽ പെയിന്റിങ് തൊഴിലാളിയാണ് ജെയിംസ്. മൂന്നുമക്കളുണ്ട്.