ആവശ്യത്തിന് ജീവനക്കാരോ സംവിധാനങ്ങളോ ഇല്ല
കൊരട്ടി : കൊരട്ടി ജങ്ഷനിലെ മേൽപ്പാലനിർമാണം വേഗത്തിലാക്കണമെന്ന കർശനനിർദേശത്തിനും പുല്ലുവില. ഇടക്കാലത്ത് നിർമാണത്തിന് വേഗംവെച്ചെങ്കിലും എതാനും ആഴ്ചകളിലായി നിർമാണം വീണ്ടും ഇഴയുകയാണ്. ജനലക്ഷങ്ങൾ വന്നുപോകുന്ന കൊരട്ടി മുത്തിയുടെ തിരുനാളിനുവരെ നിർമാണത്തിന് ഒഴിവുനൽകാതെ മുന്നോട്ടുപോയെങ്കിലും ഇടക്കാലത്ത് പെയ്ത മഴയുടെ പേരുപറഞ്ഞ് നിർമാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്.
കൊരട്ടി ജങ്ഷനിൽ മേൽപ്പാലനിർമാണത്തിന്റെ ഭാഗമായി 20 മീറ്റർ വീതമുള്ള മൂന്നു സ്പാനുകളാണ് നിർമിക്കേണ്ടത്. കൊരട്ടി മുത്തിയുടെ തിരുനാൾസമയത്ത് കാൽനടയാത്രികർക്കായി പ്രധാനതിരുനാൾദിനങ്ങളിൽ താത്കാലികമായി നിർമാണം നിർത്തിവെക്കണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും കരാർ കമ്പനി കരാർ സമയം പാലിക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിർദേശം പരിഗണിച്ചിരുന്നില്ല. എന്നാൽ, 60 മീറ്ററിൽ നടുഭാഗമൊഴിച്ച് 20 മീറ്റർ വീതമുള്ള രണ്ടു സ്പാനുകളുടെ നിർമാണവുമായി മുന്നോട്ടുപോകുകയായിരുന്നു.
ഒക്ടോബറിൽ ഈ രണ്ടുഭാഗത്തെയും കോൺക്രീറ്റിടൽ അടക്കം പൂർത്തിയാക്കി തിരുനാൾ കഴിയുന്നതോടെ നടുഭാഗത്തെ നിർമാണം ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, തിരുനാൾ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സ്പാനുകളിലെ ഒന്നിൽപ്പോലും കോൺക്രീറ്റിടാനാവശ്യമായ പ്രഥമികജോലികൾപോലും പൂർത്തിയാക്കിയിട്ടില്ല. ഈ കലയളവിൽ ചില ദിവസങ്ങളിൽ പെയ്ത മഴയാണ് നിർമാണം അനിശ്ചിതമായി നീളാനുള്ള കാരണമായി പറയുന്നത്. എന്നാൽ, മഴയില്ലാത്ത ദിവസങ്ങളിലും ആവശ്യത്തിന് ജോലിക്കാരോ യന്ത്രസാമഗ്രികളോ ഇല്ലാത്തതാണ് നിർമാണം വൈകാനിടയാക്കുന്നത്.
നവരാത്രി ഉൾപ്പെടെയുള്ള ആഘോഷങ്ങളും നിർമാണത്തെ ബാധിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങൾ മുന്നിൽക്കണ്ട് ബദൽ സംവിധാനമൊരുക്കാതെ പോകുന്നതും പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. നിലവിലെ സ്ഥിതിയിൽ മൂന്നു സ്പാനുകളുടെയും മുകൾത്തട്ട് കോൺക്രീറ്റിടൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇതോടൊപ്പം ഇരുവശത്തെയും റോഡുനിർമാണവും പൂർത്തിയാക്കണം. ഈ നിർമാണം ഏതാണ്ട് നിലച്ച മട്ടാണ്. ഈ ജോലികളൊക്കെ സമാന്തരമായി കൊണ്ടുപോയാലേ നിലവിലെ സ്ഥിതിയിൽ നിർമാണം വേഗത്തിലാകൂ. ഇതിന് മേൽനോട്ടം വഹിക്കേണ്ട ഉത്തരവാദിത്വപ്പെട്ടരുടെ ഇടപെടലും ഉണ്ടാകുന്നില്ല.
Published: 03 Nov 2026, 03:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented