കേച്ചേരി : ചൂണ്ടൽ പഞ്ചായത്തിലെ തലക്കോട്ടുകരയിൽ രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കാട്ട് വീട്ടിൽ ഷാജു(59), പ്ലാച്ചിൽ വീട്ടിൽ സതീഷ്(47) എന്നിവർക്കാണ് വീട്ടുമുറ്റത്തുവെച്ച് കടിയേറ്റത്. മുതുവീട്ടിൽ രവീന്ദ്രന്റെ വീട്ടിലെ പശുവിനെയും നായ കടിച്ചു. രവീന്ദ്രന്റെ ഭാര്യ ശോഭയ്ക്ക് ആഴ്ചകൾക്കുമുൻപ്‌ പേവിഷബാധയുള്ള നായയുടെ കടിയേറ്റിരുന്നു.

To advertise here,

ചൂണ്ടൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി തെരുവുനായകൾക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. പഞ്ചായത്ത് വാക്സിനേഷൻനടപടികൾ സ്വീകരിച്ചെങ്കിലും തെരുവുനായ ആക്രമണങ്ങൾ വർധിക്കുകയാണ്.

തെരുവുനായകൾക്കായി ഷെൽട്ടർ ഒരുക്കാൻ പഞ്ചായത്തധികാരികൾ ഇതുവരെ തയ്യാറായിട്ടില്ല. തെരുവുനായശല്യംമൂലം രണ്ടു ദിവസം അടച്ചിട്ട ചൂണ്ടൽ സർക്കാർ യു.പി. സ്കൂൾ പരിസരത്ത് ഇപ്പോഴും നായകൾ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. സ്കൂളിന്റെ മതിലിനു മുകളിൽ നെറ്റടിച്ച് നായകൾ കയറാതെ സുരക്ഷിതമാക്കുമെന്ന് പഞ്ചായത്ത് അധികാരികൾ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല.