ചാലക്കുടി : ഗതാഗത പരിഷ്‌കാരം നടപ്പാക്കി രണ്ടാഴ്ച പിന്നിട്ടിട്ടും പട്ടണത്തിൽ ഗതാഗതക്കുരുക്കിന് ശമനമില്ല. മെയിൻ റോഡിൽ ടൗൺഹാൾ പരിസരത്തും ആനമല ജങ്ഷന് വടക്ക് ട്രാംവേ ജങ്ഷനിലുമാണ് അപ്രതീക്ഷീത തടസ്സങ്ങൾ കൂടുതലുണ്ടാകുന്നത്. പ്രഖ്യാപിച്ച പരിഷ്‌കാരങ്ങൾ കർശനമായി പ്രാവർത്തികമാക്കാത്തതാണ് തടസ്സങ്ങൾക്കു കാരണം.

To advertise here,

ട്രാംവേ ജംങ്ഷനിലൂടെയുള്ള യാത്രയിൽ വണ്ടിയോടിക്കുന്നവർക്ക് ആശയക്കുഴപ്പമാണ്. ഇവിടെ സിഗ്നൽസംവിധാനം കൊണ്ടുവരുകയോ ട്രാഫിക്്ഡ്യൂട്ടിക്ക് സ്ഥിരമായി പോലീസിനെ നിയമിക്കുകയോ ആണ് പോംവഴി.

നടപ്പിലാക്കാതെവൺവേ സമ്പ്രദായം

പ്രഖ്യാപിച്ച വൺവേ സമ്പ്രദായം മാർക്കറ്റ്റോഡിലും മുനിസിപ്പിലാറ്റിക്കടുത്തുള്ള സർവീസ്‌റോഡിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുമൂലം അടിപ്പാതയിൽ അടിക്കടി ഗതാഗതസ്തംഭനമുണ്ടാകുന്നു. ഇറിഗേഷൻ ഓഫീസിനു മുൻപിലൂടെ അടിപ്പാതയിലേക്കു പോകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ ഒരു നിയന്ത്രണങ്ങളുമില്ലാതെയാണ് വാഹനങ്ങളെത്തുന്നത്. മാർക്കറ്റ് റോഡിൽ വൺവേ തെറ്റിക്കുന്നതിനാൽ വലിയ തടസ്സങ്ങളാണ് ഉണ്ടാകുന്നത്.

ദിശാബോർഡുകൾ പലയിടത്തുമില്ല

ഗാതഗതപരിഷ്‌കാരം സംബന്ധിച്ച് പുതിയ ബോർഡുകൾ പലതും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പഴയ ബോർഡുകളിലെ മാഞ്ഞുപോയവ നേരെയാക്കൊനോ ചിലത് ഉപയോഗപ്പെടുത്താനോ കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിലേക്കുള്ള ദിശയും ദൂരവും എഴുതിയ സൗത്ത് ജങ്ഷനിലെ ബോർഡിലെ എഴുത്തുകൾ മാഞ്ഞിരിക്കുകയാണ്. ചാലക്കുടിപ്പാലം കഴിഞ്ഞുവരുന്ന ഭാഗത്ത് മീഡിയനിൽ സ്ഥാപിച്ചിട്ടുള്ള ദിശാബോർഡ് നിലംപൊത്തിയിട്ട് മാസങ്ങളായി. ഇത് ഉയർത്തിവെച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾക്ക് പരിഹാരം കാണാനായിട്ടില്ല.

പലയിടത്തും അനധികൃത പാർക്കിങ്

കെ.എസ്.ആർ.ടി.സി. റോഡ്, റെയിൽവേസ്‌റ്റേഷൻറോഡ് എന്നിവിടങ്ങളിൽ സ്‌റ്റേഷൻ പരിസരങ്ങളിൽ ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് പുതിയ ടാഫിക്‌പരിഷ്‌കാര നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും ഇവിടെ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയോ ഗതാഗതം നിരോധിക്കുകയോ ചെയ്തിട്ടില്ല.

ടൗൺഹാൾ പരിസരത്തുള്ള ഗതാഗതക്കുരുക്കിനു കാരണം ഈ ഭാഗങ്ങളിൽ റോഡിലെ അനധികൃത പാർക്കിങ്ങാണ്.