കോയമ്പത്തൂർ : ദീപാവലി ആഘോഷത്തിനു മുന്നോടിയായി സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാണ് കോവൈ നഗരം. ഉക്കടം ബസ് സ്റ്റാൻഡ് മുതൽ ഒപ്പനക്കരവീഥിയും ടൗൺഹാൾ ഭാഗവും തുടങ്ങി പൂമാർക്കറ്റ് വരെയുള്ള വലുതും ചെറുതുമായ കടകൾക്കുമുന്നിലെല്ലാം നൂറുകണക്കിനാളുകൾ. ഞായറാഴ്ച രാവിലെമുതൽ ജനങ്ങൾ നിരത്തിലിറങ്ങിയതോടെ നഗരത്തിന്റെ ഹൃദയഭാഗത്ത് വാഹനഗതാഗതംതന്നെ നിശ്ചലമായി. ബസും കാറുകളും ഇരുചക്രവാഹനങ്ങളുമെല്ലാം ഒരിഞ്ച് നീങ്ങാനാവാതെ കുരുങ്ങിക്കിടന്നു.
ഗതാഗതം നിയന്ത്രിക്കാൻ നൂറുകണക്കിന് പോലീസുകാർ അണിനിരന്നിട്ടും തിരക്കൊഴിഞ്ഞില്ല. ഇതോടെ ഒപ്പനക്കരവീഥി, ടൗൺഹാൾ വഴി പോകേണ്ട വാഹനങ്ങളിൽ പകുതിയും വാലാംകുളം ബൈപ്പാസ് വഴി തിരിച്ചുവിട്ടു.
നവംബർ എട്ടിനാണ് ദീപാവലി. കോയമ്പത്തൂരിൽ ജോലിചെയ്യുന്ന സമീപ ജില്ലകളിലെ ആളുകളെല്ലാം വ്യാഴാഴ്ചയോടെ നാട്ടിലേക്കുതിരിക്കും. അതിനുമുൻപ് ആഘോഷത്തിനുള്ള പുത്തൻവസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങാനുള്ള തിരക്കാണിത്.
തമിഴ്നാട്ടിലെ തന്നെ ഏറ്റവും മികച്ച തുണിക്കടകളുടെ വലിയൊരു നിരതന്നെയുണ്ട് കോയമ്പത്തൂരിൽ. ഉക്കടം ഒപ്പനക്കരവീഥിമുതൽ ആർ.എസ്. പുരം, ക്രോസ്കട്ട് റോഡ് വരെ വൻകിട വസ്ത്രവിൽപ്പനശാലകളുമുണ്ട്. ദീപാവലി പ്രമാണിച്ച് എല്ലായിടത്തും ആകർഷകമായ ഇളവുകളും സമ്മാനങ്ങളും നൽകുന്നുണ്ട്. ഷോപ്പിങ് സമയം രാത്രി ഒരുമണി വരെയായി ദീർഘിപ്പിച്ചതോടെ മാളുകളിലും മറ്റും നല്ല തിരക്കാണ്.
ദീപാവലി പ്രമാണിച്ച് എല്ലാ കമ്പനികളും ജീവനക്കാർക്ക് ബോണസ് നൽകിത്തുടങ്ങി. കമ്പനികളുടെ ലാഭത്തിനനുസരിച്ച് വൻതുകവരെ ബോണസ് നൽകും. ചില കമ്പനികളിൽ വലിയ സമ്മാനങ്ങളും കിട്ടും. ബോണസ് തുക കിട്ടുന്നവർ വരുംദിവസങ്ങളിൽ കൂടുതലായി കടകളിലെത്തും.
വ്യാഴാഴ്ചവരെ കടകളിൽ തിരക്കുണ്ടാവുമെന്ന് വ്യാപാരികൾ പറയുന്നു. വെള്ളിയാഴ്ചതന്നെ ആളുകൾ നാട്ടിലേക്ക് പോയിത്തുടങ്ങും. കോയമ്പത്തൂരിൽ താമസിക്കുന്നവരിൽ ഏതാണ്ട് പകുതിയും തമിഴ്നാട്ടിന്റെ വിവിധ ജില്ലകളിലുള്ളവരാണ്. പിന്നെ മലയാളികളും.
ദീപാവലി അവധിക്ക് എല്ലാവരും നാട്ടിൽപോകും. തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചതോടെ ശനിയാഴ്ച മുതൽ തിങ്കളാഴ്ചവരെയുള്ള മൂന്നുദിവസം ദീപാവലി ആഘോഷിക്കാം.
Published: 02 Nov 2026, 02:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented