മണ്ണാർക്കാട്-ചിന്നത്തടാകം അന്തർസംസ്ഥാനപാതയിലെ ആദ്യ റീച്ച് നവീകരണം

To advertise here,

മണ്ണാർക്കാട് : മണ്ണാർക്കാട്-ചിന്നത്തടാകം റോഡിൽ തെങ്കര ചിറപ്പാടംമുതലുള്ള നവീകരണപ്രവൃത്തികൾ ആനമൂളിവരെ എത്താനായതോടെ യാത്രക്കാർക്കും പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന കെ.ആർ.എഫ്.ബി.ക്കും ആശ്വാസമായി. ഇടയ്ക്കുവെച്ച് നിർത്തിയും മന്ദഗതിയിലും നീങ്ങിയിരുന്ന റോഡുപണിയാണ് ഒടുവിൽ ലക്ഷ്യസ്ഥാനത്തേക്കെത്തുന്നത്.

1.5 കിലോമീറ്ററിലെ 1.3 കിലോമീറ്റർ റോഡിന്റെ ഉപരിതലമൊരുക്കലാണ് പൂർത്തിയായത്. മറ്റുതടസ്സങ്ങളൊന്നുമില്ലെങ്കിൽ ഈമാസം 25-ന് ആദ്യഘട്ട ടാറിങ് പ്രവൃത്തികൾ തുടങ്ങാനാകുമെന്നാണ് കരാറുകാരൻ അറിയിച്ചിട്ടുള്ളതെന്ന് കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് പൊളിക്കുകയും ഒരേസമയം മെറ്റൽനിരത്തി ഉപരിതലം പരുവപ്പെടുത്തുകയുമാണ് നിലവിൽ ചെയ്തുവരുന്നത്.

ഉപരിതലം പരുവപ്പെടുത്തിക്കഴിഞ്ഞാൽ ജി.എസ്.ബി.യിട്ട് മിശ്രിതമൊഴിച്ച് പണികൾ തുടങ്ങും.

മാസങ്ങൾനീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് മണ്ണാർക്കാട്-ആനമൂളി റോഡിലെ അവശേഷിക്കുന്ന പ്രവൃത്തികൾ കഴിഞ്ഞമാസം പുനരാരംഭിച്ചത്. ആദ്യറീച്ചിലെ എട്ടുകിലോമീറ്ററിൽ ചിറപ്പാടംമുതലുള്ള 1.5 കിലോമീറ്റർദൂരത്തെ പ്രവൃത്തികളാണ് മെല്ലെപോയിരുന്നത്. തുടർന്ന്, കിഫ്ബി അധികൃതർ കരാറുകാരന് താക്കീതുനൽകിയതിനാലാണ് പണികൾ വീണ്ടും ദ്രുതഗതിയിലായത്. ആദ്യഘട്ട ടാറിങ് പൂർത്തിയായാൽ ആനമൂളിമുതൽ നെല്ലിപ്പുഴവരെയുള്ള യാത്ര സുഗമമാകും.

പത്താംവളവിലെ കലുങ്കുനിർമാണവും പുരോഗമിക്കുന്നു

മുക്കാലി : അട്ടപ്പാടിച്ചുരത്തിലെ പത്താംവളവിലുണ്ടായ ഗർത്തം പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള കലുങ്കുനിർമാണം പുരോഗമിക്കുന്നു. പഴയ കലുങ്കിന്റെ ഒരുഭാഗത്തെ വലിയ പൈപ്പ് മാറ്റിയാണ് ഇവിടെ കോൺക്രീറ്റ് സ്ലാബ് നിർമിക്കുന്നത്.

മറുവശത്തെ കോൺക്രീറ്റ് സ്ലാബുമായി ബന്ധിപ്പിച്ചാണ് ഇവിടെ കലുങ്ക് പൂർത്തിയാക്കുന്നത്. ചുരം നവീകരണം നടത്തുന്ന കരാർ കമ്പനിയാണ് കലുങ്കിന്റെ പ്രവൃത്തികൾ പൂർത്തിയാക്കിവരുന്നത്.

കുഴിയെടുത്തശേഷം കോൺക്രീറ്റിങ്ങിനായുള്ള കമ്പികളും കെട്ടിക്കഴിഞ്ഞു.

അടുത്തദിവസങ്ങളിൽ കോൺക്രീറ്റ് പ്രവൃത്തികളും നടക്കുമെന്ന് അധികൃതർ പറഞ്ഞു. റോഡിന്റെ ഒരുവശത്തുകൂടിയാണ് ഇപ്പോഴും വാഹനങ്ങൾ കടത്തിവിടുന്നത്.