അപകടം വെല്ലൂർ കാട്പാടിക്കടുത്ത്

To advertise here,

11 പേർക്ക് പരിക്കേറ്റു

ചെന്നൈ : വെല്ലൂരിനു സമീപം നിർമാണത്തിലിരുന്ന പള്ളിയുടെ മേൽക്കൂര തകർന്നുവീണ് മൂന്നു തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കാട്പാടിക്കടുത്ത മണ്ടി കൃഷ്ണപുരത്ത് സി.എസ്.ഐ. സഭയുടെ കീഴിലുള്ള പള്ളിയുടെ നിർമാണത്തിനിടെയാണ് ദുരന്തമുണ്ടായത്.

ബെംഗളൂരു സ്വദേശികളായ ജോൺ (40), സാമുവൽ (67), മകൻ ഇമ്മാനുവൽ(32) എന്നിവരാണു മരിച്ചത്. മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനായി തൊഴിലാളികൾക്കുവേണ്ടി 20 അടി ഉയരത്തിൽ താത്കാലികമായി ഉണ്ടാക്കിയ ഉരുക്കുഘടനയും മേൽക്കൂരയുടെ ഒരു ഭാഗവും പെട്ടെന്നു തകർന്നുവീഴുകയായിരുന്നു.

തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി. പോലീസും അഗ്നിരക്ഷാസേനാംഗങ്ങളും ആർക്കോണത്തുനിന്നുള്ള ദേശീയ ദുരന്ത നിവാരണസേനയും മെഡിക്കൽസംഘവും ഉടൻതന്നെ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. രണ്ടുപേരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെടുത്തു. ഒരാൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു.

പരിക്കേറ്റവരെ വെല്ലൂർ സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിലും റാണിപേട്ടിലെ ക്രിസ്ത്യൻ മെഡിക്കൽകോളേജിലും ആന്ധ്രയിലെ ചിറ്റൂരിലുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചുറ്റുമുള്ള ഗ്രാമങ്ങളിൽനിന്നും ബെംഗളൂരുവിൽനിന്നുമുള്ളവരാണ് പള്ളിപണിയുന്ന ജോലികളിലേർപ്പെട്ടിരുന്നത്. സംഭവത്തിൽ തിരുവലം പോലീസ് കേസെടുത്തു. അപകടത്തിന്റെ കാരണംകണ്ടെത്താൻ അന്വേഷണംതുടങ്ങി.

നിർമാണപ്രവർത്തനവുമായി ബന്ധപ്പെട്ട സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും മറ്റുമുള്ള കാര്യങ്ങൾ പരിേശാധിക്കും.