ആരോപണവുമായി എലപ്പുള്ളി പോരാട്ട ജനകീയസമിതി

To advertise here,

എലപ്പുള്ളി : മണ്ണുകാട് സ്വകാര്യകമ്പനി ബ്രൂവറി പ്ലാന്റിനായി വാങ്ങിയ സ്ഥലത്തേക്കുള്ള വഴിയെച്ചൊല്ലി വീണ്ടും തർക്കം. പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിയിലേക്ക് മറ്റൊരു സ്വകാര്യകമ്പനിയുടെ വഴി പൊതുവഴിയാക്കാൻ പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നുവെന്നാണ് കമ്പനിക്കെതിരേ സമരരംഗത്ത് സജീവമായിരുന്ന എലപ്പുള്ളി പോരാട്ട ജനകീയസമിതിയുടെ ആരോപണം.

ഒയാസിസ് കമ്പനി വാങ്ങിയ സ്ഥലത്തേക്ക് കമ്പനിക്ക് സ്വന്തമായി വഴിയില്ല. പരിസരത്തെ മറ്റൊരു കമ്പനിയുടെ സ്വകാര്യ വഴി പൊതുവഴിയാക്കിയാൽ അത് ഒയാസിസ് കമ്പനി ഉപയോഗിക്കാനുള്ള സാധ്യത ഏറെയാണെന്ന് സമരസമിതി ആരോപിക്കുന്നു.

ഈ ഭൂമിയിലേക്കുള്ള സ്വകാര്യ വഴി പൊതുവഴിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ഭരണസമിതി സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നതായും പരിശോധന വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിരുന്നതായും സമരസമിതി ഭാരവാഹികൾ പറഞ്ഞു. നേരത്തെ ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ഇതിനായി ഇടപെടൽ നടത്തിയെന്നും സമരസമിതി ആരോപിച്ചു.

വിവരം മുൻകൂട്ടി അറിഞ്ഞ സമരസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രാരംഭ അനുമതി റദ്ദാക്കിയ സാഹചര്യത്തിൽ അവിടെ നിർമാണം പാടില്ലെന്ന് ഹൈക്കോടതി മാർച്ചിൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് സെക്രട്ടറി ഭരണസമിതിക്ക് അനുമതി നൽകാതിരുന്നതെന്നും സമരസമിതി പറയുന്നു.

എന്നാൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് പഞ്ചായത്ത് സംരക്ഷിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവിന്റെ പറഞ്ഞു. ഇത് വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ച് വരുന്ന വഴിയാണ്. ഒന്നര കിലോമീറ്റർ മാത്രമുള്ള ഈ വഴി പൊതുവഴിയല്ലെന്ന് പറഞ്ഞ് പുതിയതായി എത്തുന്ന കമ്പനി അധികൃതർ അവിടെ ജനങ്ങളെ തടയുകയാണെങ്കിൽ അത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

നിലവിൽ ഈ വഴി മറ്റൊരു കമ്പനിയുടെ ഉടമസ്ഥതയിലാണുള്ളത്. ഇത് പൊതുവഴിയാക്കാൻ അനുവദിക്കില്ലെന്ന് കമ്പനി അധികൃതർ പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് ഈ വഴി ഏറ്റെടുക്കുകയോ തുക കൊടുത്ത് വാങ്ങുകയോ ചെയ്താൽ മാത്രമേ പൊതുവഴിയാക്കാൻ സാധിക്കൂവെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മുൻ ഭരണസമിതിയിലും തർക്കം

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ബ്രൂവറി നിർമിക്കാൻ മണ്ണുകാട്ട് വാങ്ങിയ സ്ഥലത്തേക്ക് വാളയാർ ഉപകനാൽ ബണ്ടിലൂടെ റോഡ് നിർമിക്കണമെന്ന ആവശ്യം കമ്പനി അധികൃതർ ഉന്നയിച്ചിരുന്നു. ഇതിനായി കനാൽ ബണ്ടിലൂടെ റോഡ് നിർമിക്കാൻ 2021-ൽ പ്രദേശത്തെ കർഷകർക്ക് പഞ്ചായത്ത് നൽകിയ യൂട്ടിലിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി കെ-സ്മാർട്ടിലൂടെയാണ് കമ്പനി അധികൃതർ ഓൺലൈനായി അപേക്ഷ നൽകിയത്. സംഭവം അറിഞ്ഞ അന്നത്തെ യു.ഡി.എഫ്. ഭരണസമിതി പ്രത്യേക യോഗം ചേർന്ന് യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത് റദ്ദാക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

പ്രത്യേക ഭരണസമിതി യോഗത്തിൽ അന്നത്തെ സി.പി.എം. അംഗങ്ങളും കോൺഗ്രസിൽ നിന്നുള്ള അംഗം അപ്പുക്കുട്ടനും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നതായി മുൻ പഞ്ചായത്ത് അധ്യക്ഷ കെ. രേവതി ബാബു പറഞ്ഞു.