വടക്കഞ്ചേരി മേൽപ്പാലത്തിലെ ജോയിന്റുകൾ നന്നാക്കുന്നതിനുപിന്നാലെ പൊളിയുന്നു സുരക്ഷയിൽ ആശങ്കയേറുന്നു

To advertise here,

വടക്കഞ്ചേരി : ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിലെ ജോയിന്റുകൾ നന്നാക്കുന്നതിനുപിന്നാലെ പൊളിയുന്നതിനെത്തുടർന്ന് സുരക്ഷയിലുള്ള ആശങ്ക കൂടുന്നു. മുൻപ് ആറോ ഏഴോമാസം കൂടുമ്പോഴാണ് ജോയിന്റുകൾ കുത്തിപ്പൊളിച്ച് നന്നാക്കിയിരുന്നതെങ്കിൽ ഇപ്പോൾ മൂന്നുമാസം കൂടുമ്പോൾ കുത്തിപ്പൊളിച്ച് നന്നാക്കേണ്ട സ്ഥിതിയാണ്.

ജോയിന്റുകളിലെ കോൺക്രീറ്റ് പൊളിയുമ്പോഴോ നിരപ്പുവ്യത്യാസം രൂപപ്പെടുമ്പോഴോ ആണ് കുത്തിപ്പൊളിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്യുന്നത്. പാലം നിർമിച്ചപ്പോഴുള്ള നേരിയ അപാകമാണ് ജോയിന്റുകൾ അതിവേഗം പൊളിയാൻ കാരണമെന്നാണ് ആരോപണം.

നിലവിൽ തൃശ്ശൂർ ദിശയിലേക്കുള്ള പാലത്തിൽ പത്തിടങ്ങളിലാണ് കുത്തിപ്പൊളിക്കൽ നടക്കുന്നത്. ഇതേയിടങ്ങളിൽ മൂന്നുമാസം മുൻപ് കുത്തിപ്പൊളിച്ച് നന്നാക്കിയിരുന്നു. പാലത്തിന്റെ നിർമാണഘട്ടത്തിൽ തൂൺ തകർന്നുവീണ സംഭവവും ഉണ്ടായിരുന്നു. ഗതാഗതം ആരംഭിച്ച ശേഷം കോൺക്രീറ്റ് ബീമുകളിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. ഇത് സിമന്റുതേച്ച് അടയ്ക്കയായിരുന്നു. പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയരുന്ന സാഹചര്യത്തിൽ വദഗ്ധ പരിശോധന വേണമെന്നാണ് ആവശ്യം. 2021 ഫെബ്രുവരിയിൽ പാലം ഗതാഗത്തിനായി തുറന്നശേഷം 120 തവണയാണ് കുത്തപ്പൊളിച്ച് നന്നാക്കിയത്. കുതിരാൻ തുരങ്കത്തിന്റെ കിഴക്കു ഭാഗത്ത് പീച്ചി സംഭരണിയുടെ മുകളിലൂടെ തുരങ്കവുമായി ബന്ധിപ്പിച്ചിട്ടുള്ള പാലത്തിലും ജോയിന്റുകളിൽ കുത്തിപ്പൊളിക്കൽ പതിവാണ്.