പാലക്കാട്-കുളപ്പുള്ളി പാതയിലും വേണം, പ്രത്യേക പരിശോധന

To advertise here,

ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി പാതയിലേക്ക് കയറിയാൽപ്പിന്നെ എല്ലാവർക്കും തിരക്കാണ്. നല്ലപാതയാണെന്ന ധാരണയുള്ളതിനാൽ ഭൂരിഭാഗം വാഹനങ്ങൾക്കും വേഗമേറെയാണ്. എന്നാൽ, മുൻപത്തെപ്പോലെ അത്ര നല്ലതല്ല ഇപ്പോൾ കുളപ്പുള്ളി പാത. ചിലയിടത്ത് കുഴികളും ചിലയിടത്ത് മുകളിലെ പ്രതലത്തിന് കേടുപാടുണ്ടായതും അപകടസാധ്യതയായി നിൽക്കുന്നു. ഇതിനുപുറമേ, അനധികൃത പാർക്കിങ്ങും.

മാങ്കുറുശ്ശിയിലെത്തിയാൽ റോഡിലേക്കിറക്കി നിർത്തിയ കാറുകൾ കാണാം. പലരും കടയിലേക്ക് ഇറങ്ങിയതാണ്. വേഗം തിരിച്ചുവരാമെന്ന മനസ്സോടെയാണ് ഒതുക്കിനിർത്താതെ കാറുകൾ റോഡിലേക്ക് ഇറക്കിനിർത്തിയത്. എന്നാൽ, ഒറ്റനിമിഷം മതി ഇത് അപകടത്തിലേക്കെത്താൻ. മങ്കരയിലും റോഡിലെ വാഹനങ്ങളെ പരിഗണിക്കാതെ നിർത്തിയിട്ട കാറുകൾ കാണാം. വളവാണെന്നതുപോലും പരിഗണിക്കാതെയാണിത്.

കുരുക്കുന്ന പാലം

വാഹനങ്ങൾ കുരുങ്ങുന്നതുകണ്ടാൽ ഉറപ്പിക്കാം ഒറ്റപ്പാലമെത്താറായി. ഈസ്റ്റ് ഒറ്റപ്പാലത്തുനിന്ന് തുടങ്ങും കുരുക്ക്. അതിനുകാരണവും റോഡിലേക്കിറങ്ങിനിൽക്കുന്ന പാർക്കിങ് തന്നെ. റോഡ് മുറിച്ചുകടക്കാനും പെടാപ്പാടുപെടും. ഇവിടെ രണ്ടാഴ്ചമുൻപാണ് മൂന്ന് സ്കൂൾ വിദ്യാർഥികളെ സീബ്രാലൈനിൽ ബൈക്കിടിച്ചത്. ഈ ഭാഗത്തൊക്കെ റോഡിന് 14 മീറ്ററോളം വീതിയുണ്ട്. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് വീതി ഏഴുമീറ്ററാണ്. ഇത് പരിഹരിക്കാൻ പുതിയപാലം നിർമിക്കുന്നിടത്താണ് ഇപ്പോൾ ഗതാഗതത്തിരക്ക്. പാലംപണി മന്ദഗതിയിൽ നടക്കുമ്പോൾ ബുദ്ധിമുട്ടിയാണ് ഇവിടെ വാഹനങ്ങൾ കടന്നുപോകുന്നത്. പാലം കടന്ന ഉടനെ പഴയ അഴുക്കുചാലിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ റോഡിൽ കിടക്കുന്നുണ്ട്. ഇതിലിടിച്ച് ഒരു കാർ അപകടത്തിൽപ്പെട്ടിട്ട് ഒരു മാസമാകുന്നതേയുള്ളൂ. ഭാഗ്യംകൊണ്ടാണ് അന്ന് ആർക്കും ഗുരുതരപരിക്കേൽക്കാതിരുന്നത്. ഇപ്പോഴും ഈ കോൺക്രീറ്റ് ഭാഗം ഇവിടെക്കിടക്കുകയാണ്. മുന്നറിയിപ്പ് ബോർഡ് വെച്ചിട്ടുണ്ടെങ്കിലും വെളിച്ചക്കുറവുള്ള ഈ പ്രദേശത്ത് രാത്രി അപകടസാധ്യത കൂടുതലാണെന്നാണ് നാട്ടുകാർ പറയുന്നത്.

കണ്ണിയംപുറത്ത് നിരങ്ങിനിരങ്ങി...

കണ്ണിയംപുറം എൽ.പി. സ്കൂൾ പരിസരം കഴിഞ്ഞാൽപ്പിന്നെ നിരങ്ങിനിരങ്ങിയേ സഞ്ചരിക്കാനാകൂ. തിരക്ക് അത്രയ്ക്കുണ്ട്. കുറച്ച് മുന്നോട്ടുപോയാൽ ഇരുവശവും വാഹനങ്ങളാണ്. ഇവിടെ രണ്ട് ആശുപത്രികളിലേക്കുവരുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ്. കുറച്ചെണ്ണം മിനിസിവിൽസ്റ്റേഷനിലേക്കും. അപകടങ്ങൾ പെരുകുന്ന സ്ഥിരംകാഴ്ചയാണ് കണ്ണിയംപുറത്ത്. പാർക്കിങ്ങ്‌മൂലം നടക്കാൻ സ്ഥലമില്ല. റോഡ് മുറിച്ചുകടക്കുന്നവർക്ക് വാഹനം നിർത്തിനൽകുകയുമില്ല. രണ്ട് കാൽനടയാത്രക്കാരാണ് ഇവിടെ ഒരുമാസത്തിനിടെ വണ്ടിയിടിച്ചുമരിച്ചത്. കണ്ണിയംപുറത്തെ പാർക്കിങ്ങിനെതിരേ കർശന നടപടി വേണമെന്നും ഏറെ നേരത്തേക്കാണ് ഇവിടത്തെ പാർക്കിങ്ങെന്നും പ്രദേശവാസി കെ. ബാബു പറഞ്ഞു.

ലോറി ചന്തയിലേക്ക്, പാർക്കിങ് റോഡിൽ

വാണിയംകുളം കന്നുകാലിച്ചന്തയിലേക്കെത്തുന്ന വാഹനങ്ങളെല്ലാം നിർത്തിയിടുന്നത് പാതയോരത്താണ്. ചന്തയിൽ നിർത്താൻ ഇടമില്ലാത്തതാണ് പ്രശ്നം. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കന്നുകാലികളുമായി നൂറോളം ലോറികളാണ് ഇവിടെയെത്തുക.

ബുധനാഴ്ചയോടെ എത്തുന്ന പല ലോറികളും വെള്ളിയാഴ്ചയോടെയാണ് റോഡിൽനിന്ന് പോവുക. മനിശ്ശീരിമുതൽ അജപാമഠംവരെയുള്ള സ്ഥലത്താകും ഇവയുടെ പാർക്കിങ്. പഞ്ചായത്തോഫീസ് പരിസരത്തും ലോറികളുണ്ടാകും. ഈ ഭാഗത്ത് റോഡിന് വീതിയേറെയുണ്ട്. നിർത്താൻ സ്ഥലമുണ്ടാകും. എന്നാൽ, രാത്രിയിൽ വെളിച്ചംകൂടിയില്ലാത്തപ്പോൾ പിന്നിൽ വാഹനങ്ങൾ ഇടിച്ചുകയറാൻ സാധ്യതയുണ്ട്.

ലോറികൾക്ക് കൃത്യമായ പാർക്കിങ് സൗകര്യമൊരുക്കണമെന്നും റോഡിൽ നിർത്തിയിടുന്നവർ അപകടമുന്നറിയിപ്പ് സംവിധാനങ്ങൾ വെക്കണമെന്നും മനിശ്ശീരി സ്വദേശി എം. ഗീതു പറഞ്ഞു. മനിശ്ശീരിയിൽ സപ്ലൈകോ ഗോഡൗണിലേക്കെത്തുന്ന ലോറികളും റോഡരികിൽ നിർത്താറുണ്ട്. വാഹനപരിശോധനയ്ക്ക് വരുന്ന വാഹനങ്ങളും പലപ്പോഴും നിർത്തുന്നത് റോഡരികിലാണ്. ഗുരുതര അപകടങ്ങൾ നടക്കുന്ന മേഖലയാണിതെന്ന് ഈസ്റ്റ് മനിശ്ശീരി സ്വദേശി കെ. മുകില പറയുന്നു.

തുടർന്ന്, സഞ്ചരിച്ചാൽ കൂനത്തറയിൽ ആളൊഴിഞ്ഞ പ്രദേശമാണ്. ദീർഘദൂര ലോറികൾ സ്ഥിരം നിർത്തിയിടുന്നത് ഇവിടെയാണ്. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സ്ഥലത്തുമാണത്. തിങ്കളാഴ്ച ഉച്ചസമയത്തുൾപ്പെടെ അവിടെ ലോറി കിടപ്പുണ്ട്.