ആറിന് മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനംചെയ്യും
ആലത്തൂർ : സീഡ്ഫാമിൽ ഉത്പാദിപ്പിക്കുന്ന നെൽവിത്ത് അനുയോജ്യമായ താപനിലയിൽ സൂക്ഷിക്കാൻ അത്യാധുനിക സംഭരണശാല സജ്ജം. 100 ടണ്ണാണ് സംഭരണശേഷി. ഫാമിൽ ഉത്പാദിപ്പിക്കുന്ന ഫൗണ്ടേഷൻ-രണ്ട് ഇനത്തിൽപ്പെട്ട ഉമ നെൽവിത്തിന്റെ സുരക്ഷിത സംഭരണത്തിനാണിത്.
കമാന ആകൃതിയിലുള്ള ഷീറ്റ് മേൽക്കൂരയുള്ളതും ഉൾഭാഗത്ത് തൂണുകളുമില്ലാത്ത രീതിയിലാണ് (സ്‌ട്രെസ് ലെസ് റൂഫിങ്) ഇത് നിർമിച്ചിരിക്കുന്നത്. നെൽവിത്ത് കേടുകൂടാതെ സൂക്ഷിക്കുന്നതിന് അനുയോജ്യമായ താപനിലയും ആർദ്രതയും ഇതിനുള്ളിൽ നിലനിർത്താനാകും. വിത്തിന്റെ ഗുണനിലവാരവും മുളപ്പിക്കൽശേഷിയും ഉറപ്പാക്കാനാകും. ഉയർന്ന ഗുണനിലവാരമുള്ള വിത്ത് കർഷകർക്ക് വിതരണം ചെയ്യാനാകുന്നതിലൂടെ ഉത്പാദനവർധനവ് നേടാനുമാകുമെന്ന് സീഡ് ഫാം സീനിയർ ഓഫീസർ എം.വി. രശ്മി പറഞ്ഞു.
രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ 75 ലക്ഷം രൂപ െചലവിലാണ് സംഭരണകേന്ദ്രം പണിതത്. ജില്ലാപഞ്ചായത്തിനു കീഴിലുള്ള സീഡ്ഫാമിൽ മലമ്പുഴ കാർഷിക എൻജിനിയറിങ് വിഭാഗമാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. പോളിഹൗസ്, മഴമറ, മിസ്‌റ്റ് ചേംബർ, കാർഷികയന്ത്രങ്ങൾ യാർഡ്, സംരക്ഷണഭിത്തി, ഗേറ്റ്, കവാടം, കനാൽ നവീകരണം എന്നിവയ്ക്കായി 85.56 ലക്ഷം രൂപയുടെ പണികളും പൂർത്തിയാക്കി.
കൃഷിവകുപ്പിന്റെ നൂറുദിന കർമപരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും പുതിയ നെൽവിത്ത് സംഭരണശാലയും ഏഴു ജില്ലകളിലെ പാടശേഖരങ്ങളുടെ ഡിജിറ്റൽ വിവരശേഖരണ സംവിധാനത്തിന്റെ (ഡി.ഐ.എസ്.) മാപ്പിങ് പൂർത്തീകരണവും ഒക്ടോബർ ആറിന് ആലത്തൂർ സീഡ്ഫാമിൽ മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനംചെയ്യും. ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ആലത്തൂർ ബ്ലോക്കുതല കർഷകമേളയും ഉണ്ടാകും.
പരിപാടിയുടെ നടത്തിപ്പിനായി ടി.എം. ശശി എം.എൽ.എ. (ചെയ.), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു (വൈ. ചെയ.), ജില്ലാ കൃഷി ഓഫീസർ എസ്. അറുമുഖപ്രസാദ് (കൺ.), മലമ്പുഴ കാർഷിക എൻജിനിയറിങ് വിഭാഗം അസി. എക്‌സി. എൻജിനിയർ ജെ. ബിന്ദു, ആലത്തൂർ സീഡ് ഫാം സീനിയർ ഓഫീസർ എം.വി. രശ്മി, ആലത്തൂർ കൃഷി അസി. ഡയറക്ടർ പി.ആർ. കവിത (ജോ. കൺ.) എന്നിവർ ഭാരവാഹികളായി സംഘാടകസമിതി രൂപവത്കരിച്ചു.
Published: 27 Sept 2026, 02:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented