കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഉദ്യാനത്തോടുചേർന്ന് ജലസേചനവകുപ്പ് സ്വകാര്യ പങ്കാളിത്തത്തോടുകൂടി നടപ്പാക്കുന്ന ‘വിനോദഗ്രാമം’ ടൂറിസംപദ്ധതിയുടെ നിർമാണം ഉടൻ തുടങ്ങും.
അനുമതി നൽകുന്നതിനുള്ള നടപടിക്രമങ്ങളിലാണെന്ന് പറഞ്ഞ മന്ത്രി മോൻസ് ജോസഫ് പദ്ധതിയുടെ വിശദമായ രൂപരേഖ ഏറ്റുവാങ്ങുകയും പരിശോധനയ്ക്കായി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷന് നൽകുകയും ചെയ്തു.
ഇതോടെ കാഞ്ഞിരപ്പുഴ പ്രദേശത്തിന്റെയും ജില്ലയുടെയും ടൂറിസംവികസനത്തിന്റെ പ്രതീക്ഷ വർധിച്ചു. നിർമാണാനുമതി കൈമാറുന്നതിന് മുൻപായി മന്ത്രി സ്ഥലം സന്ദർശിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രി കെ.എ. തുളസിയുമായും ചർച്ചചെയ്യും.
പദ്ധതി 161 കോടി രൂപ ചെലവിൽ
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്.എസ്.ഐ.ടി. കമ്പനി 30 വർഷത്തേക്കാണ് കരാറെടുത്തിട്ടുള്ളത്.
161 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കുക. ജലവിഭവ വകുപ്പിന്റെ 'ഇറിഗേഷൻ ടൂറിസം' പദ്ധതി സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്നതും കാഞ്ഞിരപ്പുഴയിലാണ്.
അണക്കെട്ടിന്റെ നിയന്ത്രിത പ്രദേശം ഒഴിവാക്കി 52 ഏക്കർ സ്ഥലത്താണ് വിനോദഗ്രാമംപദ്ധതി വരിക. 42 മാസംകൊണ്ട് അഞ്ച് മേഖലകളായി തിരിച്ച് നാല് ഘട്ടത്തിലൂടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തൊഴിലവസരവും വരുമാനവും
പദ്ധതി യാഥാർഥ്യമായാൽ കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകളുടെ വികസനത്തിനും കുതിപ്പാകും. 300 പേർക്ക് നേരിട്ടും 1,000 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
റവന്യൂവരുമാനത്തിന്റെ മൂന്നുശതമാനം നികുതിയും 18 ശതമാനം ജി.എസ്.ടി.യുമുൾപ്പെടെ സർക്കാരിന് കോടികൾ ലഭിക്കും.
ആകർഷകമായ വിനോദോപകരണങ്ങൾ
വാട്ടർ തീം പാർക്ക്, മറൈൻ അക്വേറിയം, ഗ്ലാസ് ബ്രിഡ്ജ്, കൺവെൻഷൻ സെന്റർ, ലൈറ്റ് ആൻഡ് ലേസർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിങ് കോംപ്ലക്സ്, ഡോം ഗെയിം സോൺ, ബാംബൂ റിസോർട്ടുകൾ, ഫുഡ് കോർട്ടുകൾ, ആൽക്കലൈൻ വാട്ടർ ബോട്ടിലിങ് പ്ലാന്റ്, അഗ്രിക്കൾച്ചറൽ ഗാർഡൻ, ടർഫ് എന്നിങ്ങനെ വിവിധ പദ്ധതികളാണ് വിനോദഗ്രാമം പദ്ധതിയിലുള്ളത്.
അടുത്തമാസം ഡോം ഗെയിം സോണിന്റെ ശിലാസ്ഥാപനം നടത്തും. 2027 മാർച്ചിൽത്തന്നെ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി സി.ഇ.ഒ. ഹബീബ് റഹ്മാൻ അറിയിച്ചു.
വിവാദം കാലതാമസമുണ്ടാക്കി
2025 ഒക്ടോബറിൽ കഴിഞ്ഞസർക്കാർ, കമ്പനിയുമായി കരാറിൽ ഏർപ്പെട്ട് ഉദ്യാനം കൈമാറിയിരുന്നു. എന്നാൽ, ജലസേചനവകുപ്പ്
അധികൃതർ ഇക്കഴിഞ്ഞ ഏപ്രിലിൽ ഉദ്യാനം കമ്പനിയിൽനിന്ന് തിരിച്ചെടുത്തതാണ് പദ്ധതിക്ക് കാലതാമസമുണ്ടാവാൻ കാരണം. ഈ നടപടിക്കെതിരേ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, ഹൈക്കോടതി വകുപ്പുനടപടി സ്റ്റേ ചെയ്യുകയായിരുന്നു.
പദ്ധതി നടപ്പിലെ കാലതാമസം ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളുമുയർന്നിരുന്നു. ഇതോടെ, മന്ത്രി ഉന്നതതലയോഗം വിളിച്ച് കോടതിവിധി നടപ്പാക്കാനും വിശദമായ രൂപരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ നൽകാനും നിർദേശിക്കയായിരുന്നു.
Published: 24 Nov 2026, 03:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented