കോയമ്പത്തൂർ : മഴക്കുറവും കാവേരി കരാർപ്രകാരം കൃത്യമായി വെള്ളം ലഭിക്കാത്തതുംമൂലം മേട്ടൂർ ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ 90 അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി കുറയുന്നതായി ജലവിഭവവകുപ്പിന്റെ റിപ്പോർട്ട്. ഡാമുകളുടെ ആകെശേഷിയുടെ 36.28 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. ഇതോടെ, കൃഷിക്കും കുടിവെള്ളത്തിനും ആവശ്യത്തിന് വെള്ളം കിട്ടില്ലെന്ന് ആശങ്കയുയരുന്നുണ്ട്.

To advertise here,

90 ഡാമുകളിലെ ആകെശേഷി 224.343 ടി.എം.സി.യാണ്. എന്നാൽ, കഴിഞ്ഞദിവസത്തെ കണക്കുപ്രകാരം ഡാമുകളിലുള്ളത് 81.39 ടി.എം.സി. മാത്രമാണ്. അതായത് ശേഷിയുടെ 36.28 ശതമാനം മാത്രമേ വെള്ളമുള്ളൂ. കഴിഞ്ഞവർഷം ഇതേസമയം ഡാമുകളിൽ 185.70 ടി.എം.സി. വെള്ളമുണ്ടായിരുന്നു. ആകെ ശേഷിയുടെ 82.78 ശതമാനം.

2024-ൽ ഇതേസമയത്ത് 75.23 ശതമാനവും 2023-ൽ 45.44 ശതമാനവും 2022-ൽ 86.14 ശതമാനവും വെള്ളമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും കുറവ് വെള്ളമുള്ളത് ഇപ്പോഴാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ മേട്ടൂർ അണക്കെട്ടിൽ 93.47 ടി.എം.സി.യാണ് പരമാവധി ശേഷിയെങ്കിലും ഇപ്പോഴുള്ളത് 25.84 ടി.എം.സി. മാത്രമാണ്. കഴിഞ്ഞവർഷം ഇതേസമയത്ത് 82.87 ടി.എം.സി. വെള്ളമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ നെൽക്കൃഷിചെയ്യുന്ന ഡെൽറ്റ മേഖലയിലെ 12 ജില്ലകൾ കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്നത് മേട്ടൂർ ഡാമിലെ ജലമാണ്. കർണാടകത്തിൽനിന്നുള്ള കാവേരിവിഹിതം കുത്തനെ കുറഞ്ഞതാണ് മേട്ടൂരിൽ ജലനിരപ്പ് കുറയാൻ കാരണമെന്ന് ജലവിഭവവകുപ്പ് പറയുന്നു.

തമിഴ്‌നാട് നിരന്തരം ആവശ്യപ്പെട്ടിട്ടും നിയമപ്രകാരം കിട്ടേണ്ട വെള്ളംപോലും കർണാടക തന്നിട്ടില്ല.

മേട്ടൂർഡാമിൽനിന്ന് ആവശ്യത്തിന് വെള്ളം കിട്ടിയില്ലെങ്കിൽ ഈ സീസണിലെ നെൽക്കൃഷിയെ ഗുരുതരമായി ബാധിക്കും. ജലസേചന കനാലുകളിലെ വാലറ്റത്തുള്ള കർഷകർക്കാണ് കൂടുതൽ ദുരിതം നേരിടേണ്ടിവരിക. കൃഷിനശിക്കാനും വിളവ് കുത്തനെ കുറയാനും കാരണമാകും. കൃഷിക്ക് ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥ പരിഗണിച്ച് ഡെൽറ്റ ജില്ലകളിലെ കർഷകർക്ക് സഹായധനം പ്രഖ്യാപിക്കണമെന്ന് കർഷകസംഘടനകൾ പറയുന്നു.