ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് ഇന്ന് ഉപരോധിക്കുമെന്ന് ജനകീയക്കൂട്ടായ്മ
ഒറ്റപ്പാലം : ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡുനിർമാണം വൈകുന്നതിനെതിരേ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. വരോട്ട് രൂപവത്കരിച്ച ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിൽ വരോട് സെന്ററിൽ ചൊവ്വാഴ്ച പത്തിന് റോഡുപരോധിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു. നിർമാണക്കമ്പനി ചെയ്യാമെന്നുറപ്പുനൽകിയിരുന്ന പണികളിൽ അഴുക്കുചാൽ നിർമാണംപോലും മന്ദഗതിയിൽ നീങ്ങുന്നതിനെതിരേയാണ് പ്രദേശവാസികളുടെ ഉപരോധം.
എത്രയുംപെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കുക, ഇടയ്ക്കിടെ തകർന്നുവീഴുന്ന സംരക്ഷണഭിത്തി പുനർനിർമിക്കുക, അനങ്ങൻമലയിൽനിന്നെത്തുന്ന വെള്ളം ഒഴുക്കിവിടാൻ സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനകീയക്കൂട്ടായ്മയുടെ പ്രതിഷേധമെന്ന് ചെയർമാനും നഗരസഭാ കൗൺസിലറുമായ മുഹമ്മദലി നാലകത്ത്, കൺവീനർ വി.കെ. മോഹനൻ, എം. സുനിൽ, അമീർ ഹംസ എന്നിവർ പറഞ്ഞു.
റോഡുനിർമാണം തുടങ്ങിയിട്ട് രണ്ടരവർഷത്തോളമായി. പലയിടത്തും നിർമിച്ച അഴുക്കുചാലും കലുങ്കുകളുമുൾപ്പെടെ അശാസ്ത്രീയമാണ്. പല വളവുകളും നിവർത്തിയിട്ടില്ല. അനങ്ങൻമലയിലെ വെള്ളം ഒഴുക്കിവിടാൻ സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ മഴ ശക്തമായാൽ വെള്ളം മരപ്പാലത്ത് റോഡിലും വീടുകളിലുമെത്തുന്ന സ്ഥിതിയാണ്. പണി നിലച്ചതോടെ പൊടിശല്യംമൂലം പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നങ്ങൾ കൂടുകയാണെന്നും കച്ചവടക്കാരെ വലഞ്ഞ അവസ്ഥയിലാണെന്നും ഇവർ പറഞ്ഞു.
പനമണ്ണയിലും അനങ്ങനടിയിലുമെല്ലാം ജനകീയ പ്രതിഷേധങ്ങളെത്തുടർന്നാണ് ആദ്യഘട്ട ടാറിങ് നടത്തിയിരുന്നത്.
ഇതേ മാതൃകയിലാണ് വരോട്ടും പ്രതിഷേധം നടക്കുന്നത്. റോഡുനിർമാണത്തിന്റെ വിലയിരുത്തലിനായി രണ്ടാഴ്ചമുൻപ് എം.എൽ.എ.മാരുടെ നേതൃത്വത്തിൽ പ്രത്യേകയോഗം നടന്നിരുന്നു.
നവംബറിനകം അഴുക്കുചാൽ പ്രവൃത്തികൾ പൂർത്തിയാക്കാമെന്നും ജനുവരി 15-നകം ആദ്യഘട്ട ടാറിങ് പൂർത്തിയാക്കാമെന്നുമാണ് നിർമാണക്കമ്പനിയും കെ.ആർ.എഫ്.ബി.യും ഉറപ്പുനൽകിയിരുന്നത്.
Published: 24 Nov 2026, 03:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented