പട്ടാമ്പി : രണ്ടാംവിള നെൽക്കൃഷി ഉണങ്ങിപ്പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് പരുതൂർ പാടശേഖരത്തിലെ കർഷകർ.
ജലസേചനപദ്ധതിയുടെ പമ്പ് ഹൗസിന്റെ ഉറവിട കിണർ ഭാഗത്തേക്ക് ഭാരതപ്പുഴയിലെ നീരൊഴുക്കുള്ള മറുകരഭാഗത്തുനിന്ന് ചെറിയ തടയണകെട്ടി ആഴത്തിൽ ചാലുകീറി വെള്ളമെത്തിക്കാൻ ശ്രമദാനം. 70-ഓളം കർഷകർ ഇതിൽ പങ്കാളിയായി.
ഇടവപ്പാതി കൈവിട്ടതോടെ ഒന്നാംവിള നെൽക്കൃഷി വ്യാപകമായി ഉണങ്ങിയിരുന്നു. 120 ഏക്കർ സ്ഥലത്തെ നെൽക്കൃഷിയിൽ 25 ഏക്കർ നെല്ലുമാത്രമേ കൊയ്തുള്ളൂ.
രണ്ടാംവിള നെൽക്കൃഷി ഇറക്കാൻ മഴ വിട്ടുനിന്നത് കർഷകരെ വിഷമാവസ്ഥയിലാക്കി. ജലസേചനപദ്ധതിയുടെ ഉറവിട ഭാഗം ചെളിയും കല്ലുംമണലും നിറഞ്ഞ് ഏറെക്കാലമായി പൊന്തക്കാടായി കിടക്കയാണ്.
1997-ൽ വെള്ളിയാങ്കല്ല് റെഗുലേറ്റർ-കം-ബ്രിഡ്ജിൽ ജലസംഭരണം തുടങ്ങിയതോടെ അതിനു താഴെയുള്ള പരുതൂർ, പട്ടിത്തറ, ആനക്കര ഭാഗങ്ങളിലൂടെ ഒഴുകുന്ന ഭാരതപ്പുഴ ശുഷ്ക്കമായി. ഉള്ള നീരൊഴുക്ക് മറുകരയിലൂടെയായി.
ഇതോടെ പരുതൂർ പാടശേഖരത്തിലെ നെൽക്കൃഷിയെ ഉണക്കുഭീഷണിയിൽനിന്ന് രക്ഷിക്കാൻ പുഴയിൽ ചാക്കുകളിൽ മണൽനിറച്ച് ചാലുകീറി ജലസേചനപദ്ധതിയുടെ ഉറവിടഭാഗത്തേക്ക് വെള്ളമെത്തിക്കുന്ന ദൗത്യം കർഷകർ ഏറ്റെടുക്കയായിരുന്നു.
പമ്പ് ഹൗസും 50, 40, 40 കുതിരശക്തിയുള്ള മൂന്നു മോട്ടോറും പദ്ധതിക്കുണ്ട്. പോയവർഷങ്ങളിൽ അരലക്ഷം മുതൽ മുക്കാൽലക്ഷം രൂപവരെ ചെലവഴിച്ചാണ് കർഷകർ താത്കാലിക തടയണകെട്ടി നെൽക്കൃഷിയെ രക്ഷിച്ചുപോന്നത്.
300 ഏക്കർ നെൽക്കൃഷിയാണ് രണ്ടാംവിളയ്ക്കുള്ളത്. അതിന് ഫെബ്രുവരി അവസാനംവരെ ജലസേചനം നടത്തേണ്ടതുണ്ട്.
ഈ ഭാഗത്ത് അടിഞ്ഞുകൂടിയ മണൽ നീക്കാനുള്ള നടപടി ചെറുകിട ജലസേചനവകുപ്പ് തുടങ്ങിയിട്ടുണ്ട്. പണി പൂർത്തിയാവാറായ കൂട്ടക്കടവ് റെഗുലേറ്റർ കമ്മിഷൻ ചെയ്യുന്നതുവരെ പരുതൂർ പാടശേഖരസമിതിക്ക് തടയണ കെട്ടേണ്ടിവരും.
Published: 24 Nov 2026, 03:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented