കൊല്ലപ്പെട്ടവരും പിടിയിലായ ആളും ഒരേ ഗ്രാമക്കാർ
അട്ടപ്പാടിയിലെത്തിയത് ഒരുമാസംമുൻപ്
അഗളി : യുവതിയെയും കുട്ടിയെയും കൊന്ന് ശരീരഭാഗങ്ങൾ ചാക്കിലാക്കി പുഴയിൽ തള്ളിയ സംഭവത്തിൽ ഒരാളെ പശ്ചിമബംഗാളിൽവെച്ച് അറസ്റ്റുചെയ്തു. പശ്ചിമബംഗാൾ അലിപുർദ്വാർ സ്വദേശി പ്രവോദ് ദാസിനെയാണ് (35) പോലീസ് പിടികൂടിയത്. ഇതേ ഗ്രാമത്തിലുള്ള പ്രോണിത (35), മകൾ ജോഹിത (നാല്) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണച്ചുമതലയുള്ള അഗളി ഡിവൈ.എസ്.പി. ആർ. അശോക് പറഞ്ഞു.
പശ്ചിമബംഗാൾ പോലീസിന്റെ സഹായത്തോടെ അഗളി എസ്.ഐ. എച്ച്. ഹർഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അട്ടപ്പാടിയിലെ സ്വകാര്യ നഴ്‌സറിയിൽ ജോലിചെയ്തിരുന്ന സ്ത്രീയും കുട്ടിയും പശ്ചിമബംഗാൾ സ്വദേശികളാണെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം തിങ്കളാഴ്ചതന്നെ കോയമ്പത്തൂരിൽനിന്ന് വിമാനമാർഗം കൊൽക്കത്തയിലെത്തിയിരുന്നു. തുടർന്ന്, പശ്ചിമബംഗാൾ പോലീസിന്റെ സഹായത്തോടെ അലിപുർദ്വാർ ഗ്രാമത്തിലെത്തി നടത്തിയ ശ്രമകരമായ അന്വേഷണത്തിലാണ് പ്രവോദ് ദാസിനെ പിടികൂടിയത്. ഇയാളെ അട്ടപ്പാടിയിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ ചിലർ അട്ടപ്പാടിയിലെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രോണിതയുടെ ഭർത്താവും സഹോദരനുംകൂടി എത്തിയശേഷം മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിച്ച് നടപടികൾ പൂർത്തിയാക്കുമെന്നും ഡിവൈ.എസ്.പി. പറഞ്ഞു.
രണ്ടരമാസത്തെ പരിചയം, കൊലയ്ക്കുള്ള കാരണം അജ്ഞാതം
പ്രോണിതയും പ്രവോദ് ദാസും ദമ്പതിമാരാണെന്ന സൂചനയാണ് തുടക്കത്തിൽ പോലീസിനുണ്ടായിരുന്നത്. എന്നാൽ, പശ്ചിമബംഗാളിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒരേ ഗ്രാമക്കാരാണെന്നും പ്രോണിത മറ്റൊരാളുടെ ഭാര്യയാണെന്നും വിവരം ലഭിച്ചത്. അട്ടപ്പാടിയിലെ ചീരക്കടവിൽ തോട്ടത്തിൽ ജോലിചെയ്തിരുന്ന പ്രവോദ് ദാസ് രണ്ടരമാസംമുൻപാണ് നാട്ടിലേക്ക് പോയത്. ഈ സമയത്താണ് പ്രോണിതയുമായി പരിചയത്തിലാകുന്നതെന്ന് പോലീസ് പറയുന്നു. തുടർന്ന്, ഒരുമാസംമുൻപ് അട്ടപ്പാടിയിലേക്ക് വന്നപ്പോഴാണ് പ്രോണിതയെയും കുട്ടിയെയും കൂടെക്കൂട്ടിയത്.
അതേസമയം, നാട്ടിൽ ജോലിക്കുപോയിരുന്ന പ്രോണിത മറ്റൊരു സ്ഥലത്തേക്ക് ജോലിക്ക് പോകുന്നെന്നുമാത്രമാണ് ഭർത്താവിനോടും ബന്ധുക്കളോടും പറഞ്ഞിട്ടുള്ളത്. പ്രവോദ് ദാസിന്റെകൂടെ അട്ടപ്പാടിയിലേക്കാണ് പോകുന്നതെന്ന വിവരം മറച്ചുവെച്ചതായാണ് പോലീസിന് ലഭിച്ച വിവരം. ചീരക്കടവിൽ നഴ്‌സറിയിൽ ഒരുകുടുബം എന്നരീതിയിലാണ് ഇവർ താമസിച്ചിരുന്നത്.
കൊലപാതകത്തിനുള്ള കാരണം, കൃത്യം നടത്തിയസ്ഥലം തുടങ്ങിയ കാര്യങ്ങളിൽ പ്രതിയെ കൂടുതൽ ചോദ്യംചെയ്താൽമാത്രമേ വ്യക്തത വരുത്താനാവൂ എന്ന് ഡിവൈ.എസ്.പി. പറഞ്ഞു. ഞായറാഴ്ചയാണ് ഭവാനിപ്പുഴയിലെ ചീരക്കടവിൽ ചാക്കിൽ ഉപേക്ഷിച്ചനിലയിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടുദിവസത്തിനകംതന്നെ പ്രതിയെ പിടികൂടാനായത് കേരള പോലീസിന് നേട്ടമായി.
Published: 09 Sept 2026, 03:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented