ഗാസ ലോകത്തിന്റെ മുറിപ്പാടായ വർഷം. വിറങ്ങലിച്ച കുഞ്ഞുനിലവിളികൾ നെഞ്ച് തറച്ചു കയറിയ വർഷം. കടലാഴത്തിലെ നോവായ ടൈറ്റനും പ്രത്യാശയായ ആമസോണിലെ അത്ഭുത രക്ഷപ്പെടലും തുർക്കിയെ തകർത്ത ഭൂചലനവും ലോകത്തെ പിടിച്ചുലച്ച വർഷം. യുദ്ധം ബാക്കിയാക്കിയ ചോരപ്പാടുമായി 2023 കടന്നു പോകുമ്പോൾ ലോകം സാക്ഷിയായ പ്രധാനസംഭവങ്ങൾ ഏതെന്ന് നോക്കാം.

To advertise here,

ജനുവരി- സ്ഥാനമൊഴിഞ്ഞ ജസിന്ത

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേണിന്റെ അപ്രതീക്ഷിത  രാജിയോടെയാണ് 2023- ന്റെ നാടകീയത ആരംഭിക്കുന്നത്. ഏറെ ഉത്തരവാദിത്വമുള്ള പദവി ആണെന്നും  അതിനോട് നീതി പുലർത്താനുള്ള കരുത്തില്ലാത്തതിനാൽ രാജിവെക്കുകയാണെന്നുമാണ് ജസിന്ത വ്യക്തമാക്കിയത്. 2017ലാണ് ജസിന്ത ന്യൂസിലാൻഡ് പ്രധാനമന്ത്രിയാവുന്നത്.

സ്ഥാനമേറ്റടുക്കുമ്പോൾ 37 വയസ്സായിരുന്ന ജസിന്ത ആർഡേൺ അന്ന് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. കോവിഡ് മഹാമാരിക്കാലത്തും ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികളിൽ ഭീകരാക്രമണം നടന്നപ്പോഴും വൈറ്റ് ഐലൻഡ് അഗ്നിപർവ്വത സ്ഫോടനമുണ്ടായപ്പോഴുമുള്ള ജസിന്തയുടെ ഇടപെടലുകൾ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. രാജി വെച്ചൊഴിഞ്ഞ ശേഷം ഭീകരതയ്ക്കെതിരെയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാഗമാണ് ജസിന്ത. 

ജനുവരി- ജെയിംസ് വെബ് കണ്ടെത്തിയ ‘ഭൂമി’

നാസയുടേയും, യൂറോപ്യൻ സ്പേസ് ഏജൻസിയുടേയും കനേഡിയൻ സ്പേസ് ഏജൻസിയുടേയും സംയുക്ത സംരംഭമായ ജെയിംസ് വെബ് ദൂരദർശിനി ഒരു പുറംഗ്രഹത്തെ കണ്ടെത്തിയതായി  ജനുവരി 11-നാണ് നാസ വ്യക്തമാക്കുന്നത്. ഭൂമിയുടെ വ്യാസത്തിനോട് അടുത്ത് നിൽക്കുന്ന പുറംഗ്രഹത്തിന് എൽ എച്ച് എസ് 475 ബി എന്നാണ് പേരിട്ടത്. ഭൂമിയിൽ നിന്ന് 41 പ്രകാശവർഷം അകലെ ഒക്ടൻസ് എന്ന നക്ഷത്രസമൂഹത്തിലാണ് പാറ നിറഞ്ഞ ഈ പുറംഗ്രഹം സ്ഥിതി ചെയ്യുന്നത്. ഭൂമിയേക്കാൾ 100 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള എൽ എച്ച് എസ് 475 ബി വെറും രണ്ട് ദിവസം കൊണ്ടാണ് സൂര്യന് ചുറ്റും ഭ്രമണം പൂർത്തിയാക്കുന്നത്.

ഫെബ്രുവരി- ഭൂകമ്പത്തിൽ തകർന്ന് തുർക്കി

തുർക്കി- സിറിയ അതിർത്തിയിൽ ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തിൽ 59000 പേർ കൊല്ലപ്പെട്ടു.  റിക്‌ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ വൻഭൂചലനമാണ് തെക്കുകിഴക്കൻ തുർക്കിയിലും സിറിയയുടെ പല ഭാഗങ്ങളും നാശം വിതച്ചത്. ഏകദേശം 11 മിനിറ്റുകൾക്ക് ശേഷം 6.7 തീവ്രതയോടു കൂടിയ ഒരു തുടർചലനം കൂടി ഉണ്ടായി. ഒമ്പത് മണിക്കൂർ കഴിഞ്ഞ് 7.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും അനുഭവപ്പെട്ടു. വലുതും ചെറുതുമായ ഇരുനൂറോളം തുടർചലനങ്ങളാണ് ഈ ഭൂപ്രദേശത്ത് ഉണ്ടായത്. ഇതിൽ മുപ്പതിലേറെ തുടർചലനങ്ങളും 4.5 അല്ലെങ്കിൽ അതിന് മുകളിലോ തീവ്രത ഉള്ളവയായിരുന്നു. മുപ്പതിനായിരത്തോളം തുടവചലനങ്ങൾ തുർക്കിയിലുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫെബ്രുവരി- ചാറ്റ് ജിപിടിയെ നേരിടാൻ ഗൂഗിൾ ബാർഡ്

മൈക്രോസോഫ്റ്റിന്റെ പങ്കാളിത്തത്തോടെയുള്ള ഓപ്പൺ എഐ അവതരിപ്പിച്ച ചാറ്റ് ജിപിടി എന്ന ആർടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടിനുള്ള മറുപടിയെന്നോണമാണ് ഫെബ്രുവരി 6-ന് ഗൂഗിൾ ബാർഡ് എന്ന പേരിൽ ഒരു ചാറ്റ് ബോട്ട് മാതൃകമ്പനിയായ ആൽഫബെറ്റ് അവതരിപ്പിച്ചത്. ഗൂഗിൾ ഒരു വർഷം മുമ്പ് അവതരിപ്പിച്ച ലാംഗ്വേജ് മോഡൽ ഫോർ ഡയലോഗ് ആപ്ലിക്കേഷൻസ് എന്ന ലാംഡ എഐയുടെ (LaMDA AI) പിന്തുണയോടെ പ്രവർത്തിക്കുന്ന സേവനമാണ് ബാർഡ്.

കമ്പനിയുടെ ബൃഹത്തായ ലാംഗ്വേജ് മോഡലുകളുടെ ശക്തിയും ബുദ്ധിയും ക്രിയാത്മകതയും ഉൾക്കൊള്ളുന്നതാവും ബാർഡ് എന്നായിരുന്നു സുന്ദർ പിച്ചെ വ്യക്തമാക്കിയത്. ചാറ്റ് ജിപിടിയ്ക്ക് സമാനമായി, ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങളുടേയും ഉപയോക്താക്കൾ നൽകുന്ന മറുപടികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ബാർഡിന്റെ പ്രവർത്തനം. എന്നാൽ ചാറ്റ് ജിപിടിയ്ക്കുള്ള ജനപ്രീതി സ്വന്തമാക്കാൻ ബാർഡിനായില്ല. 

ഏപ്രിൽ- സുഡാൻ ആഭ്യന്തരയുദ്ധം

അധികാരത്തിനായി സുഡാനിൽ സൈന്യവും അർധസൈന്യവും അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും(ആർ.എസ്.എഫ്.) തമ്മിലുള്ള സംഘർഷം ആഭ്യന്തരയുദ്ധത്തിലേക്ക് വഴിമാറി.  പലയിടങ്ങളായി നടന്ന ഏറ്റുമുട്ടലിൽ ഇതുവരെ ഒമ്പതിനായിരം പേരാണ് കൊല്ലപ്പെട്ടത്. ജനാധിപത്യസംവിധാനത്തിലേക്ക് മാറാനുള്ള സുഡാൻ ജനതയുടെ ആഗ്രഹത്തിന് മങ്ങലേൽപ്പിച്ച് മാസങ്ങളായി ഇരുസേനകളുടെയും ഏറ്റുമുട്ടൽ. പട്ടാള അട്ടിമറികളുടെ ചരിത്രംപേറുന്ന ഉത്തര ആഫ്രിക്കൻ രാജ്യമായ സുഡാൻ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയത് മുതൽ നിരവധി പോരാട്ടങ്ങൾക്കാണ് സാക്ഷിയായത്.

ഏപ്രിൽ- ചൈനയെ കടത്തിവെട്ടി ഇന്ത്യ

ഐക്യരാഷ്ട്രജനസംഖ്യാനിധി(United Nations Population Fund)യുടെ റിപ്പോര്‍ട്ട് പ്രകാരം ലോകജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ. ചൈനയുടെ 142. 57 ബില്യൺ എന്ന ജനസംഖ്യാ നിരക്കിനെ മറികടന്നാണ് 142. 86 ബില്യൺ ജനങ്ങളുമായി ഇന്ത്യ റെക്കോഡിട്ടത്. ചൈനയെ അപേക്ഷിച്ച് ഇന്ത്യൻ ജനസംഖ്യയിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. 25 ശതമാനവും 14 വയസ്സു വരെയുള്ളവരാണ്. 10 മുതൽ 19 വയസ്സ് വരെയുള്ളവർ 18 ശതമാനവും. 7 ശതമാനം മാത്രമാണ് 65 വയസ്സിനു മുകളിലുള്ളവർ. ജനനനിരക്ക് കുറയ്ക്കാനുള്ള കർശനനിയമങ്ങളാണ് ചൈനയിലെ ജനസംഖ്യാ ശോഷണത്തിന് കാരണം.

ഏപ്രിൽ-അവസാന ആണവനിലയവും പൂട്ടി ജർമനി

രാജ്യത്തെ ആണവനിലയങ്ങൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് ദശാബ്ദങ്ങളായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് അവസാനത്തെ ആണവനിലയവും ജർമനി അടച്ചു പൂട്ടിയത്. നെക്കാർവെസ്തിം, എംസ്ലൻഡ്, ഐസർ എന്നിവിടങ്ങളിലെ ആണവനിലയങ്ങളാണ് ഏപ്രിൽ മധ്യത്തോടെ സർക്കാർ അടച്ചത്. ആണവോർജമുക്തമായി പൂർണമായും ഹരിതോർജത്തിലേക്ക് മാറുക എന്നതാണ് ലക്ഷ്യം. പല പാശ്ചാത്യ രാജ്യങ്ങളും ആണവോർജത്തിൽ നിക്ഷേപം വർധിപ്പിക്കുമ്പോഴാണ് ആണവയുഗം അവസാനിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി ജർമനി മുന്നോട്ടു പോയത്. ഇത് ഒരു യുഗത്തിന്റെ അവസാനമാണെന്നായിരുന്നു മൂന്ന് റിയാക്‌ടറുകൾ വൈദ്യുതി ഗ്രിഡിൽനിന്ന് വിച്ഛേദിച്ചതായി സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് സർക്കാർ അറിയിച്ചത്.

ഏപ്രിൽ-മസ്കിന്റെ സ്റ്റാർഷിപ്പ്

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് നിർമിച്ച ഏറ്റവും ശക്തിയും വലിപ്പവുമുള്ള റോക്കറ്റായിരുന്നു സ്റ്റാർഷിപ്പ്. ഭൂഖണ്ഡത്തിൽ നിന്ന് ഭൂഖണ്ഡത്തിലേക്ക് ബഹിരാകാശം വഴി യാത്ര നടത്തുന്നതും, ചൊവ്വ, ചന്ദ്രൻ എന്നിവിടങ്ങളിലേക്കുള്ള യാത്രയും ചരക്കുനീക്കവും സുഗമമാക്കുന്നതുമെല്ലാമാണ് സ്റ്റാർഷിപ്പ് റോക്കറ്റിലൂടെ സ്പേസ് എക്സ് ലക്ഷ്യമിട്ടത്. അപ്പോളോ ദൗത്യത്തിനു ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ആർട്ടെമിസ് 3 ദൗത്യത്തിന് നാസ സ്റ്റാർഷിപ്പ് ഹെവി റോക്കറ്റിനെ തിരഞ്ഞെടുക്കുകയും ചെയ്തു. കുതിച്ചുയർന്ന റോക്കറ്റ് ആകാശത്ത് വെച്ച് പൊട്ടിത്തെറിച്ചതോടെ ഏപ്രിൽ 20-ന് നടന്ന ആദ്യ പരീക്ഷണം പരാജയപ്പെട്ടു.  നവംബർ 18-ന് നടന്ന രണ്ടാം ശ്രമത്തിൽ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചെങ്കിലും ബഹിരാകാശത്തെത്തി മിനിറ്റുകൾക്കകം റോക്കറ്റോമായുള്ള ബന്ധം നഷ്ടപ്പെട്ടു.

ഏപ്രിൽ-മോക്സി നിർമിച്ച ഓക്സിജൻ

നാസയുടെ ചൊവ്വാദൗത്യവേഹനമായ പെർസിവിയറൻസ് ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള കാർബൺ ഡൈ ഓക്സൈഡിൽ നിന്ന് ഓക്സിജൻ ഉത്പാദിപ്പിച്ചതായി ഏപ്രിൽ 22-നാണ് നാസ ലോകത്തെ അറിയിച്ചത്. അതോടെ ഭൂമിക്ക് പുറത്തൊരു ഗ്രഹത്തിൽ ഓക്സിജൻ ഉത്പാദിപ്പിക്കുക എന്ന ചരിത്ര നേട്ടവും നാസയ്ക്ക് സ്വന്തം. ബഹിരാകാശ യാത്രികർക്ക് ശ്വസനത്തിനാവശ്യമായ ഓക്സ‌ിജൻ മാത്രമല്ല റോക്കറ്റ് പ്രൊപ്പലന്റിന്റെ പ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ കൂടി ഇത്തരത്തിൽ ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശയാത്രകൾക്കാവശ്യമായ ഓക്സിജൻ ഭൂമിയിൽ നിന്ന് കൊണ്ടു പോകുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

മോക്സി (MOXIE) എന്ന The Mars Oxygen In-Situ Resource Utilization Experiment ഒരു കാർ ബാറ്ററിയുടെ വലിപ്പമുള്ള ഒരു പെട്ടിയാണ് ഓക്സിജൻ നിർമാതാവ്. പെർസിവിയറൻസ് റോവറിന്റെ മുൻഭാഗത്ത് വലതുവശത്തായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുതി ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെ കാർബൺ ഡൈ ഓക്സൈഡ് തന്മാത്രകളെ കാർബൺ ആറ്റവും ഓക്സിജൻ ആറ്റങ്ങളുമായി വിഘടിപ്പിക്കുകയാണ് മോക്സ‌ി ചെയ്യുന്നത്. അഞ്ചു ഗ്രാം ഓക്സിജൻ ആയിരുന്നു ആദ്യഘട്ടത്തിൽ മോക്സി ഉത്പ്പാദിപ്പിച്ചത്. 

പതിമൂന്നും ഒമ്പതും നാലും ഒന്നും പ്രായമായ നാല് കുട്ടികൾ, ആമസോൺ കാട്ടിലകപ്പെട്ട ഇവരുടെ 40 ദിവസത്തിന് ശേഷമുള്ള കണ്ടെത്തൽ 2023-ൽ ലോകം സാക്ഷിയായ അത്ഭുതം എന്നല്ലാതെ മറ്റൊരുവാക്കിൽ വിശേഷിപ്പിക്കാനില്ല. നാലുകുട്ടികളും മാതാവും ഒരു പൈലറ്റും മറ്റൊരു സഹപൈലറ്റുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്ന 206 ചെറുവിമാനം മേയ് ഒന്നിനാണ് ആമസോൺ വനാന്തരഭാഗത്ത് തകർന്നുവീണത്. 

ആമസോൺ പ്രവിശ്യയിലെ അരാരക്വാറയിൽനിന്ന് സാൻ ജോസ് ഡെൽ ഗ്വവിറോയിലേക്കുള്ള യാത്രക്കിടയിലാണ്  വിമാനം തകർന്നത്. എൻജിൻ തകരാറിനെത്തുടർന്നായിരുന്നു അപകടം. കുട്ടികളുടെ അമ്മ മഗ്ദ‌ലേന മ്യുകുറ്റിയുടേതടക്കം മൂന്ന് മുതിർന്നവരുടേയും മൃതദേഹം സൈന്യം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽതന്നെ കുട്ടികൾ ദുരന്തത്തെ അതിജീവിച്ചിട്ടുണ്ടാവാമെന്നും മഴക്കാടുകളിലെവിടെയോ അലഞ്ഞുതിരിയുന്നുണ്ടാവാമെന്നും മനസിലായി. തുടർന്ന് ഓപ്പറേഷൻ ഹോപ് എന്ന പേരിൽ രക്ഷാദൗത്യം തുടങ്ങി.

കുട്ടികൾ വഴികളിൽ ഉപേക്ഷിച്ചുപോയ പല സാധനങ്ങളും തിരച്ചിലിനിടെ സൈന്യത്തിന് ലഭിച്ചു. വെള്ളക്കുപ്പികൾ, കത്രിക, മുടിക്കുടുക്ക്, താത്‌കാലിക ഷെൽട്ടർ എന്നിവ സൈന്യത്തിന് തിരച്ചിലിനിടെ ലഭിച്ചു. കുഞ്ഞുകാലടികളും അവർ പലയിടത്തും കണ്ടു. ഇതാണ് സൈന്യത്തിന് കുട്ടികൾ ദുരന്തത്തെ അതിജീവിച്ചിട്ടുണ്ടാവാമെന്ന പ്രതീക്ഷ നൽകിയത്. എന്നാൽ, ജാഗ്വാറുകളും പാമ്പുകളുമടക്കമുള്ള ഇരപിടിയൻ മൃഗങ്ങൾ ഏറെയുള്ള മഴക്കാടുകളിൽ കുട്ടികൾക്ക് എത്രത്തോളം പിടിച്ചുനിൽക്കാൻ കഴിയുമെന്നത് ആശങ്കയായിരുന്നു.

കൊളംബിയയിലെ പ്രാദേശിക ഗോത്രവിഭാഗമായ ഹ്യൂട്ടോട്ടോ വിഭാഗത്തിൽനിന്നുള്ള കുട്ടികൾക്ക്, അവർക്ക് പരമ്പരാഗതമായി ലഭിച്ച അറിവ് ഉപയോഗിച്ച് കാട്ടിൽ അതിജീവിക്കാൻ കഴിഞ്ഞേക്കുമെന്നായിരുന്നു പ്രതീക്ഷ. ഒടുവിൽ തിരച്ചിലിന്റെ നാൽപതാം നാൾ ശുഭവാർത്തയെത്തി.

ജൂൺ- റഷ്യൻ സർക്കാരിനെതിരെ വാഗ്നർ പട്ടാളം

റഷ്യന്‍ സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്ന സ്വകാര്യ-പാരാമിലിട്ടറി ഗ്രൂപ്പായ വാഗ്നര്‍ ഗ്രൂപ്പ് 2023 ജൂണ്‍ 23ന് സര്‍ക്കാരിനെതിരേ നീങ്ങിയത് റഷ്യയെ സമ്മര്‍ദത്തിലാക്കി. പുതിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗനി പ്രിഗോഷിന്‍ 2014-ല്‍ രൂപവത്കരിച്ച  സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്നര്‍ അഥവാ വാഗ്നര്‍ പട്ടാളം. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിലും വാഗ്നര്‍ ഗ്രൂപ്പ് സജീവമായി പങ്കെടുത്തു. 

റഷ്യന്‍ സേനയുടെ നേതൃത്വത്തെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന നിലപാടിലായിരുന്നു വാഗ്‌നര്‍ ഗ്രൂപ്പ്.  റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരെ കുറച്ചുകാലമായി പ്രിഗോഷിന്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ചുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് സൈന്യവും വാഗ്നര്‍ ഗ്രൂപ്പും തമ്മിലുള്ള ബന്ധം മോശമാകുന്നത് തങ്ങള്‍ക്കെതിരേയും സൈന്യം മാരകമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് പ്രിഗോഷിന്‍ ആരോപിച്ചു. എന്നാല്‍, പ്രഗോഷിനിന്റെ ആരോപണം നിഷേധിച്ച റഷ്യന്‍ അധികൃതര്‍, പ്രിഗോഷിന്‍ തന്റെ നിയമവിരുദ്ധമായ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് സംഘര്‍ഷം ഒഴിവായത്. 

2023 ഓഗസ്റ്റ് 23നുണ്ടായ വിമാനാപകടത്തില്‍ പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. ഇയാളുടെ  മരണത്തിനുപിന്നില്‍ പുതിന്റെ ഗൂഢാലോചനയാണെന്ന ആരോപണവുമായി  യു.എസ്. ഉള്‍പ്പെടെ പാശ്ചാത്യരാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

ജൂൺ-ആഴക്കടൽ വിഴുങ്ങിയ ടൈറ്റൻ

ഒരു നൂറ്റാണ്ട് മുമ്പ് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്ലാന്റിക് സമുദ്രാന്തർഭാഗത്തേക്ക് അഞ്ച് സഞ്ചാരികളുമായി പുറപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത ജലപേടകം ടൈറ്റൻ. ജൂൺ 18-നാണ് പോളാർ പ്രിൻസ് എന്ന കനേഡിയൻ കപ്പലിൽനിന്ന് ഓഷ്യൻ ഗേറ്റ് എക്സ്പെഡീഷൻസ് കമ്പനിയുടെ ടൈറ്റൻ ജലപേടകം യാത്രക്കാരുമായി ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്ര ആരംഭിച്ചത്. സമുദ്രാന്തർഭാഗത്തേക്ക് ഊളിയിട്ട് മണിക്കൂറുകൾക്കുള്ളിൽ ടൈറ്റനുമായുള്ള ബന്ധം പോളാർ പ്രിൻസിന് നഷ്‌ടപ്പെടുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം പേടകത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി സ്ഥിരീകരണം വന്നു. ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരൻ ഷെഹ്‌സാദ ദാവൂദ്, മകൻ സുലേമാൻ എന്നിവരും ടൈറ്റൻ ജലപേടകത്തിന്റെ ഉടമകളായ ഓഷൻഗേറ്റ് എക്സ്പെഡീഷൻസിന്റെ സി.ഇ.ഒ. സ്റ്റോക്ടൻ റഷ്, മുങ്ങൽവിദഗ്‌ധൻ പോൾ ഹെന്റി നാർജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവർ.

ജൂലായ്- കിളി പറന്ന ട്വിറ്റർ

ജനപ്രിയ സോഷ്യൽ മീഡിയാ വെബ്സൈറ്റുകളിലൊന്നായ ട്വിറ്റർ റീബ്രാൻഡ് ചെയ്തു‌. ട്വിറ്റർ വെബ്സൈറ്റിലെ പക്ഷിയുടെ ചിഹ്നം മാറി X എന്ന പുതിയ ലോഗോ നൽകിയത്. ഏറെ ജനപ്രീതി നേടിയ ലോഗോ ആയിരുന്നു ലാറി എന്ന നീലക്കിളി.

എക്സ് എവരിതിങ് ആപ്പ് എന്ന പേരിൽ ട്വിറ്ററിനെ പരിവർത്തനം ചെയ്യുമെന്ന് കഴിഞ്ഞ വർഷം തന്നെ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ട്വിറ്റർ ഏറ്റെടുത്തിന് ശേഷം രജിസ്റ്റർ ചെയ്ത്‌ പുതിയ കമ്പനിയുടെ പേര് X corp എന്നായിരുന്നു.

എഐ പിന്തുണയിൽ പ്രവർത്തിക്കുന്ന ഓഡിയോ, വീഡിയോ മെസേജിങ്, പണമിടപാട്, ബാങ്കിങ് എന്നീ സൗകര്യങ്ങളും വിവിധ ആശയങ്ങൾ, സാധനങ്ങൾ, സേവനങ്ങൾ, അവസരങ്ങൾ എന്നിവയ്ക്കുള്ള ഒരു ആഗോള വിപണിയായുമാണ് കമ്പനി പുതിയ പ്ലാറ്റ്ഫോമിനെ ആവിഷ്കരിച്ചിരിക്കുന്നത്.

ഓഗസ്റ്റ്- ഇമ്രാൻ ഖാൻ അറസ്റ്റിൽ

തോഷാഖാന അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ പാകിസ്താന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ വൻമാറ്റങ്ങളുണ്ടായി. പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ സർക്കാരിന്റെ തോഷഖാന വകുപ്പിലേക്ക് കൈമാറണമെന്ന നിയമം ലംഘിച്ച് ഇമ്രാൻ ഇവ വിറ്റ് പണമാക്കിയെന്നാണ് കേസ്. 2022 ഓഗസ്റ്റിൽ മുഹ്സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാകിസ്താൻ സർക്കാരിലെ മറ്റു ചിലരും ചേർന്നാണ് ഇമ്രാനെതിരേ കേസ് ഫയൽ ചെയ്തത്. ഗൾഫ് രാജ്യങ്ങളിൽനിന്നു സമ്മാനമായിക്കിട്ടിയ മൂന്നു വാച്ച് വിറ്റുമാത്രം ഇമ്രാൻ 3.6 കോടി രൂപ നേടിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സംഭവങ്ങൾ നവാസ് ഷരീഫിന്റെ തിരിച്ചു വരവിന് വഴിയൊരുക്കി. 

സെപ്റ്റംബർ- നയതന്തത്തിൽ ഉലഞ്ഞ് ഇന്ത്യയും കാനഡയും

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്റെ മരണത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് സൂചിപ്പിക്കുന്ന 'തെളിവുകൾ' കണ്ടെത്തിയെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. ഈ അവകാശവാദങ്ങൾ അസംബന്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നിരസിക്കുകയും ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്ക് ഇടം നൽകിയതിന് കാനഡയെ ആക്ഷേപിക്കുകയും ചെയ്തു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനായിരുന്നു നിജ്ജാർ, ജൂണിലാണ് വീടിന് പുറത്ത് വെടിയേറ്റ് മരിക്കുന്നത്. ആരോപണങ്ങൾക്ക് പിന്നാലെ ഇന്ത്യ കനേഡിയൻ നയതന്ത്രജ്ഞനെ രാജ്യത്ത് നിന്ന് പുറത്താക്കി കാനഡ ഇന്ത്യൻ നയതന്ത്രജ്ഞനെയും മടക്കിയയച്ചു. 

ഒക്ടോബർ-  ഒടുങ്ങാത്ത യുദ്ധവെറി; ശവപ്പറമ്പായ ഗാസ

ഒക്‌ടോബർ 7 ന് ഇസ്രയേൽ അതിർത്തി ഭേദിച്ച്  ബോംബുകൾ പാഞ്ഞടുത്തു. പിന്നാലെ ഹമാസിന്റെ യുദ്ധപ്രഖ്യാപനമെത്തി. ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1200 പേർ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടു. 

ആയിരക്കണക്കിന് ഇസ്രായേലികൾക്ക് പരിക്കേൽക്കുകയും 240 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. പിന്നാലെ ഇസ്രയേൽ പ്രത്യാക്രമണം കടുപ്പിച്ചു. ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഗാസ മുനമ്പ് ഉപരോധിച്ചു. ഇസ്രയേൽ ആക്രമണത്തൊൽ ഇതുവരെ, 20,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ജീവൻ നഷ്ടമേയവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും അവശേഷിച്ച ഭൂരിഭാഗം ആളുകളും തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. മറ്റു ലോക രാഷ്ട്രങ്ങളുടെ ഇടപെടലിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും വീണ്ടും ആക്രമണം തുടർന്നു. ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ, ജീവിതം തുടങ്ങുന്നതിനു മുമ്പ് മരണത്തെ പുൽകിയ നിസ്സഹായ ബാല്യങ്ങളുടെ ചുടലപ്പറമ്പാണിന്ന് ഗാസ. 

ഒക്ടോബര്‍- ജയിലറയ്ക്കുള്ളിലെ നോവല്‍

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിലെ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തക നര്‍ഗീസ് മൊഹമ്മദിക്ക് ലഭിച്ചു. ഇറാനിലെ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അടിച്ചമർത്തലുകൾക്കെതിരെയും  മനുഷ്യാവകാശവും സ്വാതന്ത്ര്യവും എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിനുവേണ്ടിയും അവര്‍ നടത്തിയ പോരാട്ടങ്ങൾക്കായിരുന്നു പുരസ്‌കാരം. നര്‍ഗീസ് മൊഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

ഇറാന്‍ ഭരണകൂടം നര്‍ഗീസ് മൊഹമ്മദിയെ 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വര്‍ഷത്തോളം അവര്‍ ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരെയും അവരുടെ കുടുംബത്തേയും സഹായിക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്ന് 2011- ല്‍ ആണ് ആദ്യമായി നര്‍ഗീസ് മൊഹമ്മദി തടവിലാക്കപ്പെട്ടത്. രണ്ടുവര്‍ഷത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ അവര്‍ വധശിക്ഷയ്‌ക്കെതിരായ പ്രചാരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 2015-ല്‍ വീണ്ടും അവര്‍ തടവിലാക്കപ്പെട്ടു. ജയിലിലേക്ക് തിരിച്ചെത്തിയ ഇവര്‍, രാഷ്ട്രീയ തടവുകാര്‍ക്കെതിരെ, പ്രത്യേകിച്ചും സ്ത്രീ തടവുകാര്‍ക്കെതിരെ ഇറാന്‍ ഭരണകൂടം നടത്തുന്ന പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും എതിരായ പോരാട്ടം ആരംഭിച്ചു.

2023-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞരായ കാറ്റലിന്‍ കരീക്കോ, ഡ്രൂ വീസ്മാന്‍ എന്നി‍വർ അര്‍ഹരായി. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയത് യു.എസ്. സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിനാണ്. തൊഴില്‍ മേഖലയിലെ സ്ത്രീകളെ കുറിച്ചുള്ള പഠനമാണ് ക്ലോഡിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പ്രകാശത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങള്‍ രൂപപ്പെടത്തിയ മൂന്ന് ശാസ്ത്രജ്ഞര്‍ 2023 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. യു.എസ് ഗവേഷകന്‍ പിയറി അഗൊസ്തിനി, ജര്‍മന്‍ ഗവേഷകന്‍ ഫെറെന്‍ ക്രാസ്, സ്വീഡിഷ് ഗവേഷക ആന്‍ ലൂലിയെ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 

നിര്‍മ്മിത ബുദ്ധി ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ചും അവ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത ആദ്യ ഉച്ചകോടി ബ്രിട്ടണില്‍ നടന്നു. ബക്കിങ്ങാംഷെയറിലെ ബ്ലെച്‌ലി പാര്‍ക്കില്‍ നടന്ന എ.ഐ. സുരക്ഷാ ഉച്ചകോടിയില്‍ ഇന്ത്യയുള്‍പ്പടെ 29 രാജ്യങ്ങളാണ് ഒപ്പുവെച്ചത്. ആധുനിക സാങ്കേതിക വിദ്യകളുടെ വികസനത്തിലും ഉപയോഗത്തിലും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുക, വിവരങ്ങള്‍ പങ്കുവെക്കുക, ഈ മേഖലയില്‍ സുതാര്യത, വിശ്വാസ്യത എന്നിവ ഉറപ്പുവരുത്തുക, പൊതു നന്മയ്ക്കും ഭീഷണികള്‍ കുറയ്ക്കുന്നതിനും ഒന്നിച്ച് പ്രവര്‍ത്തിക്കുക എന്നീ വ്യവസ്ഥകളാണ് പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിലൂടെ രാജ്യങ്ങള്‍ അംഗീകരിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പൊതുനന്മയ്ക്കും ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി രൂപകല്‍പന ചെയ്യുകയും വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുമെന്നും സുരക്ഷിതമായി, മനുഷ്യ കേന്ദ്രീകൃതമായി ഉത്തരവാദിത്വത്തോടെ അത് ഉപയോഗിക്കുമെന്നും രാജ്യങ്ങള്‍ പരസ്പരം ഉറപ്പുനല്‍കി.