
നാളെ വീണ്ടും കാണാൻ പോകുന്ന സുഹൃത്തിനോട് 'ഇനി അടുത്ത കൊല്ലം കാണാം' എന്ന ക്ലാസിക് തമാശ നമ്മൾ പറയുന്ന ദിവസമാണ് ഡിസംബർ 31, വർഷത്തിന്റെ അവസാന ദിവസം. കഴിഞ്ഞ 365 ദിവസങ്ങളിലെ ഓർമ്മകൾ അയവിറക്കിയും വരാനിരിക്കുന്ന 366 ദിവസങ്ങളുടെ പ്രതീക്ഷ പങ്കുവെച്ചും നമ്മൾ ആഘോഷിക്കുന്ന ദിനം (വരാനിരിക്കുന്നത് അധിവർഷമായതുകൊണ്ടാണ് 366 ദിവസം!).
ഇവിടെ ഞായറാഴ്ച രാത്രി 11:59 കഴിഞ്ഞ് 60 സെക്കൻഡ് ആകുമ്പോൾ നമ്മുടെ മണ്ണിൽ പുതുവർഷം പിറക്കും. എന്നാൽ, 2024 അതിന് മുമ്പേ ഭൂമിയിലെത്തിയിട്ടുണ്ടാകും. അന്താരാഷ്ട്ര ദിനാങ്കരേഖയിൽ 'പറന്നിറങ്ങുന്ന' പുതുവർഷം അവിടെ നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഭൂമി ചുറ്റിവന്ന് യാത്ര തുടങ്ങിയ അതേ സ്ഥലത്തുതന്നെയെത്തും. പുതുവർഷപ്പിറവിയുടെ ഈ ലോകയാത്ര ഒരു മാപ്പിൽ രേഖപ്പെടുത്തിയാൽ ഇ.സി.ജി. ഗ്രാഫ് പോലെയാകും ഉണ്ടാകുക!
ജലത്തിൽ 'ഉത്ഭവിക്കുന്ന' പുതുവർഷം
ജീവൻ ആദ്യമായി ഉത്ഭവിച്ചത് ജലത്തിലാണ് എന്നാണ് ശാസ്ത്രം പറയുന്നത്. അതുപോലെ, പുതുവർഷവും ആദ്യം പിറക്കുക സമുദ്രത്തിലാണ്. ശാന്തസമുദ്രത്തിലെ മീനുകളും തിമിംഗിലവുമുൾപ്പെടെയുള്ള ജലജീവികളാണ് 'കൗണ്ട്ഡൗണും കരിമരുന്ന് പ്രയോഗ'വുമൊന്നും കൂടാതെ പുതുവർഷത്തെ ആദ്യം വരവേൽക്കുക! അന്താരാഷ്ട്ര ദിനാങ്കരേഖ സമുദ്രത്തിലൂടെ മാത്രം കടന്നുപോകുന്നതിനാലാണ് ഇത്.

നമ്മൾ ചെയ്ത ഒരു ചെറിയ ഉഡായിപ്പ് പരിപാടി കാരണമാണ് ഈ രേഖാംശരേഖ സമുദ്രത്തിലൂടെ മാത്രം കടന്നുപോകുന്നത്. ഇത് നേർരേഖയിൽ പോയാൽ അത് പല കരകളെയും സ്പർശിക്കും. അതൊഴിവാക്കാനാണ് വര വളച്ച് വരച്ച് കരകളെ 'രക്ഷിക്കുന്നത്'.
അന്താരാഷ്ട്ര ദിനാങ്കരേഖ കരയിലൂടെ കടന്നുപോയാൽ, ഒരേ രാജ്യത്തുതന്നെ വ്യത്യസ്ത തിയ്യതികൾ ഉണ്ടാകുകയും അത് ആശയക്കുഴപ്പത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതൊഴിവാക്കാനാണ് നമ്മൾ 'വളഞ്ഞവഴി' സ്വീകരിച്ചത്. എന്നാൽ, നമ്മൾ കരയിലെ പുതുവർഷത്തെ മാത്രമേ കണക്കിലെടുക്കാറുള്ളൂ എന്നതുകൊണ്ട് ഇതിന് വലിയ പ്രസക്തിയില്ല.

ലോകത്ത് പുതുവർഷം ആഘോഷിക്കുന്ന പ്രധാന കേന്ദ്രങ്ങൾ രേഖപ്പെടുത്തിയ ലോകഭൂപടം | ഫോട്ടോ: X (twitter) @FossilBonanza
കരകയറുന്ന പുതുവർഷം
ആദ്യമായി പുതുവർഷം പിറക്കുന്ന മനുഷ്യവാസമുള്ള രാജ്യങ്ങൾ ഏതെല്ലാമാണ് എന്ന് എല്ലാ പുതുവർഷക്കാലത്തും നമ്മൾ വാർത്തകളിൽ കാണാറുണ്ട്. അന്താരാഷ്ട്ര ദിനാങ്ക രേഖയ്ക്ക് തൊട്ടുപടിഞ്ഞാറുള്ള ഓഷ്യാനിയൻ രാജ്യമായ കിരിബത്തിയാണ് ലോകത്ത് ഏറ്റവുമാദ്യം 2024-ലേക്ക് ചുവടുവെയ്ക്കുന്നത്. കിരിബാത്തിയിൽ പുതുവർഷത്തിന്റെ വരവറിയിച്ച് മണി മുഴങ്ങുമ്പോൾ നമ്മൾ ഇന്ത്യക്കാർ ഓഫീസുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമെല്ലാം വീട്ടിലേക്ക് പോകാനുള്ള തത്രപ്പാടിലായിരിക്കും. കാരണം, അവിടെ പാതാരാത്രി 12 മണിയാകുമ്പോൾ ഇങ്ങിവിടെ ഇന്ത്യയിൽ ഡിസംബർ 31-ന് വൈകീട്ട് മൂന്നരയായിട്ടേ ഉണ്ടാകൂ (ഇത്തവണ ഡിസംബർ 31 ഞായറാഴ്ച ആയതിനാൽ, സ്‌കൂളും ഓഫീസുമെല്ലാം മറക്കാം!).

പുതുവർഷം ആദ്യമെത്തുന്ന രാജ്യമാണെങ്കിലും ന്യൂ ഇയർ ദ്വീപ് എന്നതിന് പകരം ക്രിസ്മസ് ദ്വീപ് എന്നാണ് കിരിബത്തിയുടെ മറ്റൊരു പേര് എന്നൊരു കൗതുകമുണ്ട്. വർണവിസ്മയം തീർക്കുന്ന കരിമരുന്ന് പ്രയോഗം ഉൾപ്പെടെ നടത്തി അടിപൊളിയായാണ് കിരിബാത്തിക്കാർ പുതുവർഷം ആഘോഷിക്കാറ്. എന്നാൽ ഈ ആഘോഷങ്ങൾ പൊതുവേ നമ്മൾ ശ്രദ്ധിക്കാറില്ല. ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡിലെ പുതുവർഷ വെടിക്കെട്ടും മറ്റുമാണ് ഭൂമിയിൽ പുതുവർഷം ആദ്യമായി പിറന്നു എന്ന വാർത്തയ്‌ക്കൊപ്പം ഇവിടെയുള്ള ടി.വി. ചാനലുകളിൽ കാണിക്കാറ്. ഭൂമിയുടെ നാല് അർധഗോളങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ലോകത്തെ ഏകരാജ്യം എന്ന പ്രത്യേകതയും കിരിബത്തിയ്ക്കുണ്ട്.
ഇടയിലുള്ള സമുദ്രങ്ങളെയും അതിലെ ജലജീവികളുടെ 'പുതുവർഷാഘോഷ'വുമെല്ലാം മാറ്റിനിർത്തിയാൽ കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡിന്റെ ഭാഗമായ ചാറ്റം ദ്വീപിലാണ് അടുത്തതായി 2024 എത്തുക. വലിയ ദൂരമില്ലാത്തതിനാൽ കിരിബാത്തിയിൽ നിന്ന് വെറും 15 മിനുറ്റ് കൊണ്ട് കക്ഷി ചാറ്റം ദ്വീപിലെത്തും. വൈകീട്ട് 03:45 ആയിട്ടേ ഉള്ളുവെന്നതിനാൽ ഇന്ത്യക്കാർ അപ്പോഴും ഓഫീസിൽ നിന്ന് ഇറങ്ങുന്നേ ഉണ്ടാകൂ.
ഒരേ സമയം നാലിടത്ത് കണ്ടിരിക്ക്ണു ചിലർ!
നന്ദനം എന്ന സിനിമയിലെ കുമ്പിടി സ്വാമിയെ പോലെയാണ് ഇനിയങ്ങോട്ട് പുതുവർഷത്തിന്റെ യാത്ര. പക്ഷേ ഒരേസമയം നാലിടത്തല്ല, അതിലുമേറെ ഇടങ്ങളിൽ ഈ 'സ്വാമി'യെ കാണാം. ചാറ്റം ദ്വീപിന് ശേഷം ന്യൂസിലാൻഡിന്റെ മെയിൻ ലാൻഡിലാണ് പുതുവർഷത്തെ നമ്മൾ കാണുന്നത്. ന്യൂസിലാൻഡിൽ നിന്നുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങൾ നമ്മുടെ വാർത്താ ചാനലുകളിൽ ഡിസംബർ 31-ന് വൈകീട്ട് നാലരയ്ക്കാണ് തത്സമയം കാണിക്കുക.

അന്റാർട്ടിക്കയിലെ മക്മർദോ സ്‌റ്റേഷനിൽ നടന്ന പുതുവർഷാഘോഷം. പുതുവർഷത്തോടനുബന്ധിച്ച് എല്ലാ വർഷവും ഇവിടെ 'ഐസ് സ്‌റ്റോക്ക്' എന്ന പാർട്ടി നടക്കാറുണ്ട് (ഫയൽ ചിത്രം) | Photo: X (twitter) @MikeLucibella
'കുമ്പിടിയായ' പുതുവർഷം ന്യൂസിലാൻഡിന് പുറമെ ഓഷ്യാനിയൻ രാജ്യങ്ങളായ സമോവ, ടോംഗ എന്നിവിടങ്ങളിലും കിരിബത്തിയുടെ ഭാഗമായ ഫിനിക്‌സ് ദ്വീപുകളിലും ഇതേസമയം പിറവിയെടുക്കും. ഒപ്പം -9 ഡിഗ്രി തണുപ്പും സഹിച്ച് അന്റാർട്ടിക്കയിലെ മക്മുർദോ സ്‌റ്റേഷനിലും മൂപ്പരെത്തും.
ഭൂമിയുടെ ദക്ഷിണധ്രുവത്തിലെ അമേരിക്കൻ ഗവേഷണകേന്ദ്രങ്ങളിൽ ഒന്നാണ് മക്മുർദോ സ്‌റ്റേഷൻ. റോസ് ദ്വീപിന്റെ തെക്കേ മുനമ്പിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പ്രയാണം തുടരുന്ന പുതുവർഷം
അടുത്തഘട്ടത്തിൽ പുതുവർഷം കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവേശിക്കും. ചുകോത്ക, കംചത്ക എന്നിങ്ങനെ റഷ്യയിലെ കടിച്ചാൽ പൊട്ടാത്ത പേരുള്ള ചില സ്ഥലങ്ങൾ, ഫിജി, ഓസ്‌ട്രേലിയയുടെ ഭാഗമായ നോർഫോക് ദ്വീപ്, ലോകത്തെ ഏറ്റവും ചെറിയ റിപ്പബ്ലിക്കായ നൗറു, ഓഷ്യാനിയൻ രാജ്യങ്ങളായ തുവാലു, മാർഷൽ ദ്വീപുകൾ എന്നിവിടങ്ങളിൽ പുതുവർഷം പിറക്കുമ്പോൾ ഇന്ത്യയിൽ വൈകീട്ട് അഞ്ചരയായിട്ടേ ഉണ്ടാകൂ.
ഓസ്ട്രേലിയയിലെ സിഡ്നി, മെൽബൺ, കാൻബെറ, വാനുവാഡു, ബോഗൺവില്ല ദ്വീപ് (പാപ്പുവ ന്യൂഗിനി), റഷ്യയിലെ മഗദൻ, യഷ്നോ-സഖലിൻ എന്നീ സ്ഥലങ്ങളിലാണ് അടുത്തതായി പുതുവർഷം കാലുകുത്തുന്നത്. സിഡ്‌നിയിലും മെൽബണിലുമുള്ളവർ ആഘോഷത്തിന് കൊഴുപ്പുകൂട്ടാനായി 'ചില പ്രത്യേക ദ്രാവകങ്ങൾ' കുടിക്കുമ്പോൾ ചില ഇന്ത്യക്കാർ അഞ്ചരമണിക്കൂർ കഴിഞ്ഞുള്ള പുതുവർഷാഘോഷത്തിനായി അതേ 'ദ്രാവകം' വാങ്ങാനായി നിൽക്കുകയാകും.

ഓസ്ട്രേലിയയിലെ ബ്രിസ്ബണിൽ നടന്ന പുതുവർഷാഘോഷം (ഫയൽ ചിത്രം) | Photo: X (twitter) @property_our
കേരളത്തിൽ ടി.വി. സീരിയലുകൾ തുടങ്ങുന്ന ഏഴുമണിയാകുമ്പോൾ ഓസ്ട്രേലിയയിലെ അഡലെയ്ഡിലാണ് പുതുവർഷം ഉണ്ടാകുക. ഏഴരയ്ക്ക് അടുത്ത സീരിയൽ തുടങ്ങുമ്പോൾ ഓസ്ട്രേലിയയിലെ ബ്രിസ്ബൺ, പാപ്പുവ ന്യൂഗിനി, നോർത്തേൺ മരിയാന ദ്വീപുകൾ റഷ്യയിലെ വ്ളാദിവോസ്റ്റോക്ക്, ഖബറോവ്സ്‌ക്, ബിറോബിദ്ജാൻ എന്നിവിടങ്ങളിലും 2024 പിറവിയെടുക്കും. ഇവിടെ എട്ടുമണിയാകുമ്പോൾ ഓസ്ട്രേലിയയിലെ ഡാർവിൻ, ആലിസ് സ്പ്രിങ്സ് എന്നിവിടങ്ങളിലാകും പുതുവർഷമെത്തുക.
ഉത്തരകൊറിയൻ പുതുവർഷം
ലോകത്തെ മറ്റെല്ലാവരിൽ നിന്നും വ്യത്യസ്തനാണ് കിം ജോങ് ഉന്നും അദ്ദഹത്തിന്റെ രാജ്യമായ ഉത്തരകൊറിയയും. കലണ്ടറിന്റെ കാര്യത്തിലും സ്ഥിതി അങ്ങനെ തന്നെയാണ്. നമ്മുടെ കണക്കിൽ അടുത്തതായി പുതുവർഷം എത്തുക ഉത്തരകൊറിയയിലെ പ്യോങ്‌യാങ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ്. ഇന്ത്യൻ സമയം രാത്രി എട്ടരയോടെയാണ് പുതുവർഷം അൽപ്പം 'ഭീതിയോടെ' ഉത്തരകൊറിയൻ മണ്ണിൽ കാലുകുത്തുക.
ജനുവരി ഒന്ന് ഉത്തരകൊറിയയിലും പിറക്കുമെങ്കിലും അത് 2024 അല്ല, മറിച്ച് 113 എന്ന വർഷമാണ്. ജുച്ചെ കലണ്ടർ എന്ന നോർത്ത് കൊറിയയുടെ 'എക്‌സ്‌ക്ലൂസിവ്' കലണ്ടർ പ്രകാരമുള്ള വർഷമാണ് ഇത്. മാസവും തിയ്യതിയും ലോകമാകെ ഉപയോഗിക്കുന്ന ഗ്രിഗേറിയൻ കലണ്ടറിന്റേതിന് സമാനമാണ്. വർഷം മാത്രമാണ് മാറുന്നത്. കൂടാതെ തിയ്യതി എഴുതുമ്പോൾ ഗ്രിഗേറിയൻ വർഷവും ഒപ്പമെഴുതും. ഉദാഹരണത്തിന്, ജനുവരി 1 എന്ന തിയ്യതി ഉത്തര കൊറിയക്കാർ ജനുവരി 1, ജുച്ചെ 113 (2024) എന്നാണ് എഴുതുക.

ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സുങ്ങിന്റെ ജന്മവർഷമായ 1912 ആണ് ജുച്ചെ കലണ്ടറിലെ വർഷം 1. കിം ഇൽ സുങ് രൂപീകരിച്ച പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ജുച്ചെ. സ്വാശ്രയം എന്നാണ് അതിന്റെ ഏതാണ്ട് തുല്യമായ പരിഭാഷ.
കിം ഇൽ സുങ്ങിന്റെ ചരമവാർഷികദിനമായ 1997 ജൂലൈ എട്ട് മുതലാണ് ജുച്ചെ കലണ്ടറിനെ ഉത്തരകൊറിയയുടെ ഔദ്യോഗിക കലണ്ടറായി പ്രഖ്യാപിക്കുന്നത്. അദ്ദേഹം ജനിച്ച ഏപ്രിൽ 15 സൂര്യന്റെ ദിവസം എന്നാണ് കൊറിയയിൽ അറിയപ്പെടുന്നത്. പുതുവർഷത്തെക്കാൾ ഗംഭീരമായി ഉത്തരകൊറിയക്കാർ ആഘോഷിക്കുന്ന ദിവസമാണ് ഇത്.
ഗ്രിഗേറിയൻ വർഷത്തെ ജുച്ചെ വർഷമായി 'കൺവെർട്ട്' ചെയ്യാനും വളരെ എളുപ്പമാണ്. ഗ്രിഗേറിയൻ വർഷത്തിൽ നിന്ന് 1912 കുറച്ച ശേഷം ഒന്ന് കൂട്ടിയാൽ ജുച്ചെ വർഷം ലഭിക്കും. ഉദാഹരണത്തിന് 2024 എടുക്കാം. 2024-ൽ നിന്ന് 1912 കുറച്ചാൽ 112. അതിനോട് ഒന്ന് കൂട്ടിയാൽ കിട്ടുന്ന 113 ആണ് ഉത്തരകൊറിയക്കാരുടെ 2024. കിം അണ്ണന്റെ ഓരോ തമാശകൾ!
ഉത്തരകൊറിയയ്ക്കൊപ്പം ഞങ്ങളുമുണ്ട്!
ഡിസംബർ 31-ന് രാത്രി എട്ടരയ്ക്ക് ഉത്തരകൊറിയയിൽ മാത്രമല്ല വേറേയും ഒട്ടേറെ രാജ്യങ്ങളിൽ 2024 പിറക്കും. ദക്ഷിണകൊറിയ, ജപ്പാൻ, ഓഷ്യാനിയൻ രാജ്യമായ പലാവു, ഇന്തോനേഷ്യയിലെ ജയപുര, കിഴക്കൻ തിമോർ, റഷ്യയിലെ യാകൂട്സ് എന്നിവിടങ്ങളാണ് കിം ജോങ് ഉന്നിന്റെ രാജ്യത്തിനൊപ്പം പുതുവർഷമാഘോഷിക്കുന്നത്.

രാത്രി 08:45-ന് പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ യൂക്ലയിലെത്തുന്ന പുതുവർഷം അടുത്തതായി വീണ്ടും ഒരുലോഡ് രാജ്യങ്ങളിലേക്ക് കടക്കും. ചൈനയിലെ ബെയ്ജിങ്, ഷാങ്ഹായ്, മക്കാവു, തായ്വാൻ, ഹോങ്കോങ്, സിംഗപ്പുർ, ഫിലിപ്പീൻസ്, മലേഷ്യ, മംഗോളിയ, ബ്രൂണെയ്, ഇന്തോനേഷ്യയിലെ ബാലി, റഷ്യയിലെ ഇർകുട്സ്‌ക്, ഓസ്ട്രേലിയയിലെ പെർത്ത് എന്നിവിടങ്ങളിൽ പുതുവർഷപ്പൂത്തിരി കത്തുമ്പോൾ ഇന്ത്യക്കാർ രാത്രി ഒമ്പതരയ്ക്ക് അത്താഴം കഴിക്കുകയാകും.
ഇന്ത്യയിലേക്ക് അടുക്കുന്നു
ഈ യാത്രയിൽ ഭൂരിഭാഗം സമയവും പുതുവർഷത്തിനൊപ്പമുള്ള റഷ്യയിലെ ക്രാസ്നോയാർസ്‌ക്, കെമെറോവോ, തായ്ലാൻഡിലെ ബാംഗോക്ക്, വിയറ്റ്നാം, ലാവോസ്, കംബോഡിയ, ഇന്തോനേഷ്യയുടെ ഭാഗമായ ജാവ-സുമാത്ര ദ്വീപുകൾ, ഓസ്ട്രേലിയയുടെ ഭാഗമായ ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങൾ പുതിയ വർഷത്തെ വരവേൽക്കുമ്പോൾ നമ്മൾ ഇന്ത്യക്കാർ ഒന്നര മണിക്കൂർ മാത്രം അകലെയുള്ള പുതുവർഷത്തിനായി അക്ഷമരായി കാത്തിരിക്കുകയാകും.
അടുത്തതായി ഇന്ത്യയുടെ അയൽവാസികളാണ് ന്യൂ ഇയർ ആഘോഷിക്കുക. മ്യാന്മറിലെ യംഗോൺ, ഓസ്ട്രേലിയയുടെ ഭാഗമായ കോകോസ് ദ്വീപുകൾ എന്നിവിടങ്ങളിൽ പുതുവർഷമണിയടിക്കുമ്പോൾ ഡിസംബർ 31-ന് രാത്രി 11 മണിയാണ് ഇന്ത്യയിൽ. 2023-ൽ ഇനി നമുക്ക് ശേഷിക്കുന്നത് 60 മിനുറ്റ് മാത്രം. പുതുവർഷം ഇന്ത്യയോട് കൂടുതൽ അടുക്കുമ്പോൾ ബംഗ്ലാദേശിലെ ധാക്ക, ഭൂട്ടാൻ, ഡീഗോ ഗാർഷ്യ, കസാക്കിസ്താൻ, കിർഗിസ്താൻ, റഷ്യയിലെ ഒംസ്‌ക് എന്നിവിടങ്ങളിൽ 2024 പിറക്കും. അപ്പോൾ സമയം രാത്രി 11:30. നേപ്പാളിലെ കാഠ്മണ്ഡുവിലെ ആഘോഷം കൂടി കഴിഞ്ഞേ ഇന്ത്യയിൽ പുതുവർഷമെത്തൂ. നമ്മൾ പുതിയ വർഷത്തിന് 15 മിനുറ്റ് മാത്രം അകലെയുള്ളപ്പോൾ നേപ്പാളുകാർ 2024-നെ സ്വീകരിക്കും.

ഇതിന് ശേഷമാണ് ഇന്ത്യയിലെ കൗണ്ട്ഡൗൺ പൂജ്യത്തിലേക്ക് എത്തുന്നത്. പരസ്പരം ആശംസകൾ നേർന്നും ആർത്തുവിളിച്ചും വെടിക്കെട്ട് നടത്തിയും പപ്പാഞ്ഞിയെ കത്തിച്ചുമെല്ലാം പലതരത്തിൽ നമ്മൾ പുതിയ വർഷത്തെ വരവേൽക്കുമ്പോൾ ക്ലോക്കിൽ 12 മണി അടിച്ചിട്ടുണ്ടാകും. ശ്രീലങ്കയും നമുക്കൊപ്പമാണ് പുതുവർഷം ആഘോഷിക്കുന്നത്. എന്നാൽ ക്രിക്കറ്റിൽ മാത്രമല്ല ഇക്കാര്യത്തിലും പാക്കിസ്താൻ നമുക്ക് പിന്നിലാണ്. നമ്മൾ ആഘോഷം തുടങ്ങി അരമണിക്കൂർ കഴിഞ്ഞേ പാക്കിസ്താനിൽ പുതുവർഷമെത്തൂ.
ഉലകം ചുറ്റൽ കഴിഞ്ഞില്ല
പുതുവർഷപ്പിറവിയുടെ ലോകം ചുറ്റൽ ഇന്ത്യയിലെത്തിയതേ ഉള്ളൂ. അതായത്, ഇനിയും ഭൂഗോളത്തിന്റെ പകുതിയിലേറെ ദൂരം സഞ്ചരിക്കാനുണ്ട് എന്നർത്ഥം!
റഷ്യയിലെ മോസ്കോ ഉൾപ്പെടെയുള്ള വിവിധ നഗരങ്ങൾ, അഫ്ഗാനിസ്ഥാൻ, പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഇറാൻ, ആഫ്രിക്കൻ രാജ്യങ്ങൾ, ഗ്രീസ്, ഫ്രാൻസ്, യു.കെ, ഗ്രീൻലാൻഡ്, ബ്രസീൽ, ചിലി, അർജന്റീന, പരഗ്വേയ്, യുറുഗ്വേയ്, കാനഡ, മെക്‌സിക്കോ, ഫ്രഞ്ച് പോളിനേഷ്യ എന്നിവിടങ്ങളിൽ പുതുവർഷമെത്തും.
യു.എസ്സിൽ ന്യൂയോർക്കിലും വാഷിങ്ടൺ ഡി.സിയിലുമാണ് പുതുവർഷം അതിന്റെ യാത്രയുടെ അവസാന ലാപ്പിൽ ആദ്യം പിറക്കുക. തുടർന്ന് ഷിക്കാഗോ, ഹൂസ്റ്റൺ, ഡെൻവർ, ലോസ് ആഞ്ചലസ്, സിയാറ്റിൽ, അലാസ്‌കൻ നഗരമായ ആങ്കറേജ്, ഹവായ് എന്നിവിടങ്ങളിൽ പുതുവർഷം ജനിക്കും.

അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാനത്തെ കീ വെസ്റ്റിലെ പുതുവർഷത്തിന് മുന്നോടിയായുള്ള ആഘോഷത്തിൽ നിന്നും | Photo: AP
യു.എസ്സിന്റെ കീഴിലുള്ള അമേരിക്കൻ സമോവ, ശാന്തസമുദ്രത്തിലെ ചെറുദ്വീപുരാഷ്ട്രമായ നിയുവെ എന്നിവിടങ്ങളാണ് പുതുവർഷം പിറവിയെടുക്കുന്ന ആൾപ്പാർപ്പുള്ള അവസാനത്തെ നാടുകൾ. ഇന്ത്യൻ സമയം ജനുവരി ഒന്നിന് വൈകീട്ട് നാലരയ്ക്കാണ് ഇവിടെ പുതുവർഷം പിറക്കുക.
പുതുവർഷത്തിന്റെ 24 മണിക്കൂർ നീളുന്ന ലോകസഞ്ചാരത്തിന് ഇവിടെ സമാപനമാകുകയാണ്. ആൾപ്പാർപ്പില്ലാത്ത ബേക്കർ ദ്വീപ്ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളാണ് ഭൂമിയിൽ പുതുവർഷം അവസാനമായി എത്തുന്ന കരകൾ. അന്താരാഷ്ട്ര ദിനാങ്കരേഖയ്ക്ക് തൊട്ടുകിഴക്കായാണ് ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഭാവിയിൽ ഈ ദ്വീപുകളിലും ആരെങ്കിലുമൊക്കെ പോയി ന്യൂ ഇയർ ആഘോഷിക്കുമെന്ന പ്രതീക്ഷയോടെ, എല്ലാവർക്കും പുതുവത്സരാശംസകൾ!
(വിവരങ്ങൾക്ക് കടപ്പാട്: worldtimezone.com)
Content Highlights: Travelling around the globe with new year as new year appears at different time at different places.
Published: 31 Dec 2023, 02:47 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented