മാവേലിക്കരയിലെ ആറുവയസ്സുകാരി നക്ഷത്രയും കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജില്‍ അതിദാരുണമായി കൊല്ലപ്പെട്ട ഒന്നരമാസം പ്രായമുള്ള കുഞ്ഞും ആലുവയിലെ അഞ്ചുവയസ്സുകാരിയും 2023-ല്‍ കേരളത്തിന്റെ നോവായി. കളമശ്ശേരിയിലെ ബോംബ് സ്ഫോടനം ഉൾപ്പെടെ നാടിനെ നടുക്കിയ നിരവധി കുറ്റകൃത്യങ്ങളാണ് പോയവർഷവും സംസ്ഥാനത്ത് അരങ്ങേറിയത്. കോഴിക്കോട്ട് ഹോട്ടലുടമയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് ചുരത്തില്‍ തള്ളിയതും മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ടതുമെല്ലാം ഞെട്ടലുണ്ടാക്കി. ഡ്യൂട്ടിക്കിടെ ഒരു ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവവും 2023-ല്‍ കേരളത്തിലുണ്ടായി. തിരുവനന്തപുരത്തെ യുവഡോക്ടറുടേത് അടക്കമുള്ള ആത്മഹത്യകളും സത്രീധനമരണങ്ങളും കണ്ണീര്‍പടര്‍ത്തി. ഇതിനുപുറമേ കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ഒരുദിവസത്തോളം കേരളത്തെ മുള്‍മുനയിലാക്കി. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ആറുവയസ്സുകാരിയെ സുരക്ഷിതമായി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതോടെയാണ് മലയാളികള്‍ക്ക് ആശ്വാസമായത്. ഇത്തരത്തില്‍ 2023-ല്‍ കേരളത്തെ നടുക്കിയ ചില കുറ്റകൃത്യങ്ങളിലേക്ക് ഒരു എത്തിനോട്ടം.

To advertise here,

ഡോ.വന്ദനാദാസ് കൊലപാതകം...

ഡ്യൂട്ടിക്കിടെ ഒരു ഡോക്ടര്‍ കൊല്ലപ്പെട്ട കേരളത്തിലെ ആദ്യസംഭവമായിരുന്നു കൊട്ടാരക്കരയിലെ ഡോ.വന്ദനദാസ് കൊലക്കേസ്. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായ വന്ദനാദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍വെച്ചാണ് പോലീസ് കസ്റ്റഡിയിലുള്ളയാളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2023 മെയ് പത്താം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം.

placeholder
Dr Vandana Das, Accused Sandeep
കൊല്ലപ്പെട്ട ഡോ.വന്ദന, പ്രതി സന്ദീപ്

സ്‌കൂള്‍ അധ്യാപകനായ സന്ദീപാണ് യുവഡോക്ടറെ ആശുപത്രിയിലെ ചികിത്സാമുറിയിലിട്ട് ക്രൂരമായി കുത്തിക്കൊന്നത്. മദ്യലഹരിയില്‍ പ്രശ്നങ്ങളുണ്ടാക്കിയ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം. വന്ദനയെയും സഹപ്രവര്‍ത്തകരെയും ആശുപത്രിയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മാരകമായി കുത്തേറ്റ വന്ദന മരിച്ചു.

ആശുപത്രിയില്‍ ഡോക്ടര്‍ കൊല്ലപ്പെട്ടതോടെ മെഡിക്കല്‍രംഗത്ത് ജോലിചെയ്യുന്നവരുടെ ശക്തമായ പ്രതിഷേധത്തിനും കേരളം സാക്ഷിയായി.

കോട്ടയം കടുത്തുരുത്തി മുട്ടുചിറ പട്ടാണിമുക്കില്‍ന നമ്പിച്ചിറക്കാലായില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായ വന്ദനയ്ക്ക് മരണാനന്തര ബഹുമതിയായി ആരോഗ്യസര്‍വകലാശാല എം.ബി.ബി.എസ്. ബിരുദം സമ്മാനിച്ചു. കേസിന്റെ വിചാരണ നടപടികള്‍ കൊല്ലത്തെ കോടതിയില്‍ തുടരുകയാണ്.

കളമശ്ശേരിയിലെ സ്‌ഫോടനം...

കളമശ്ശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന ബോംബ് സ്‌ഫോടനത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ 29-ന് രാവിലെയായിരുന്നു കേരളത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. തമ്മനം സ്വദേശിയായ മാര്‍ട്ടിന്‍ ഡൊമിനിക്കായിരുന്നു കേസിലെ പ്രതി. സംഭവത്തിന് ശേഷം ഇയാള്‍തന്നെ കുറ്റം ഏറ്റെടുത്തുള്ള വീഡിയോ പുറത്തുവിട്ടു. പിന്നാലെ പോലീസിലും കീഴടങ്ങി. 

placeholder
From (R) Accused Dominic Martin, people fleeing from the explosion site.
കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിനുള്ളില്‍ സ്‌ഫോടനം നടന്നപ്പോള്‍ ഓടി രക്ഷപ്പെടുന്നവര്‍, പ്രതി മാര്‍ട്ടിന്‍

യഹോവകളുടെ സാക്ഷിയായിരുന്ന മാര്‍ട്ടിന്‍ ഡൊമിനിക്കിന് പിന്നീട് ഇവരുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് ബോംബ് നിര്‍മിച്ച് സ്‌ഫോടനം നടത്തുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവദിവസം മൂന്നുപേരാണ് ബോംബ് സ്‌ഫോടനത്തില്‍ തല്‍ക്ഷണം കൊല്ലപ്പെട്ടത്. 52 പേര്‍ക്ക് പൊള്ളലേറ്റു. ഇതിനിടെ ചികിത്സയിലായിരുന്ന അഞ്ചുപേര്‍ കൂടി പിന്നീട് മരിച്ചു. 
 

ആലുവയില്‍ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം...

കേരളത്തില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ച കേസുകളിലൊന്നായിരുന്നു ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം. അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഏവരെയും ഞെട്ടിച്ചു. ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലമായിരുന്നു കേസിലെ പ്രതി.

2023 ജൂലായ് 28-നാണ് ആലുവയിലെ ചൂര്‍ണിക്കരയില്‍നിന്ന് ബിഹാറി ദമ്പതിമാരുടെ മകളായ അഞ്ചുവയസ്സുകാരിയെ കാണാതായത്. സമീപത്തുതാമസിച്ചിരുന്ന അസ്ഫാക്ക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പിന്നീട് വ്യക്തമായി. ജ്യൂസ് വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ കൊണ്ടുപോയത്. തുടര്‍ന്ന് ബസ്സില്‍ കയറി ആലുവ നഗരത്തിലെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്തെ ഒഴിഞ്ഞസ്ഥലത്തുവെച്ച് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി. മൃതദേഹം പെരിയാറിനോട് ചേര്‍ന്നുള്ള ചതുപ്പില്‍ ഒളിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് അന്നുരാത്രി തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, മദ്യലഹരിയായതിനാല്‍ ഇയാളില്‍നിന്ന് വ്യക്തമായ മൊഴി ലഭിച്ചില്ല. ഒടുവില്‍ പിറ്റേദിവസം രാവിലെയാണ് കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ചസ്ഥലം പ്രതി വെളിപ്പെടുത്തിയത്.

placeholder
Asfaq Alam
പ്രതി അസ്ഫാക്ക് ആലത്തെ എറണാകുളത്തെ പോക്‌സോ കോടതിയില്‍നിന്ന് പുറത്തേക്കു കൊണ്ടുവരുന്നു | ഫോട്ടോ: മാതൃഭൂമി

കേസില്‍ 35-ാം ദിവസം അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 26 ദിവസം കൊണ്ട് കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി. ഒടുവില്‍ സംഭവം നടന്ന് 110-ാം ദിവസം കേസില്‍ ശിക്ഷയും വിധിച്ചു. കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. വിധിപ്രസ്താവം നവംബര്‍ 14 ശിശുദിനത്തിലായിരുന്നു എന്നതും ഈ കേസിന്റെ പ്രത്യേകതയായിരുന്നു.

കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകം, ഹണിട്രാപ്പില്‍ കുടുക്കി, മൃതദേഹം രണ്ടായി മുറിച്ചു

കോഴിക്കോട്ടെ ഹോട്ടലുടമയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അതിദാരുണമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2023-ല്‍ കേരളത്തെ ഞെട്ടിച്ച കുറ്റകൃത്യങ്ങളിലൊന്നായിരുന്നു കോഴിക്കോട്ടെ ഹോട്ടലുടമയായ സിദ്ദിഖിന്റെ കൊലപാതകം. കോഴിക്കോട് നഗരത്തിലെ എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍വെച്ചാണ് സിദ്ദിഖിനെ യുവതി ഉള്‍പ്പെടെയുളള മൂന്നുപ്രതികളും വെട്ടിനുറുക്കിയത്. ശേഷം മൃതദേഹം ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

മലപ്പുറം തിരൂര്‍ സ്വദേശിയായ മേച്ചരി സിദ്ദിഖ് (58) കോഴിക്കോട് മാങ്കാവിന് സമീപമാണ് ഹോട്ടല്‍ നടത്തിയിരുന്നത്. മേയ് 18-ാം തീയതി ഹോട്ടലില്‍നിന്ന് കാറുമായാണ് സിദ്ദിഖ് പുറത്തേക്ക് പോയത്. എന്നാല്‍, ഇതിനുശേഷം സിദ്ദിഖിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

മേയ് 18-നും തൊട്ടടുത്തദിവസങ്ങളിലും സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ പിന്‍വലിച്ചിരുന്നു. ഇതുസംബന്ധിച്ച് മകന്റെ മൊബൈല്‍ നമ്പറിലേക്കാണ് സന്ദേശം ലഭിച്ചത്. ഇതോടെ ബന്ധുക്കള്‍ക്ക് സംശയമായി. മാത്രമല്ല, സിദ്ദിഖിന്റെ ഫോണ്‍ രണ്ടുദിവസമായിട്ടും സ്വിച്ച് ഓഫായതും സംശയത്തിന് കാരണമായി. തുടര്‍ന്ന് സിദ്ദിഖിനെ കാണാനില്ലെന്ന് സ്ഥിരീകരിക്കുകയും കുടുംബം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

placeholder
സിദ്ദിഖ് വധക്കേസിലെ പ്രതികളായ ഷിബിലി, ഫര്‍ഹാന, ആഷിഖ്. കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറി.

തിരൂര്‍ പോലീസാണ് സിദ്ദിഖിന്റെ തിരോധാനത്തില്‍ അന്വേഷണം നടത്തിയത്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളും സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ ചെര്‍പ്പുളശ്ശേരി സ്വദേശി ഫര്‍ഹാന, വല്ലപ്പുഴ സ്വദേശി ഷിബിലി, ഇവരുടെ സുഹൃത്തായ ആഷിഖ് എന്നിവരെക്കുറിച്ച് സൂചന ലഭിച്ചത്.

പ്രതികളിലൊരാളായ ഷിബിലി സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഫര്‍ഹാനയെയും സിദ്ദിഖിന് പരിചയമുണ്ടായിരുന്നു. ഫര്‍ഹാന ആവശ്യപ്പെട്ടതനുസരിച്ചാണ് ഷിബിലിക്ക് ഹോട്ടലില്‍ ജോലിനല്‍കിയത്. എന്നാല്‍, സിദ്ദിഖില്‍നിന്ന് പണം തട്ടാനുള്ള പദ്ധതിയാണ് ഇവര്‍ ആസൂത്രണം ചെയ്തത്.

മേയ് 18-നും 19-നും ഇടയിലാണ് മൂവരും ചേര്‍ന്ന് സിദ്ദിഖിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ലോഡ്ജിലെത്തിയ സിദ്ദിഖിനെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാല്‍, സിദ്ദിഖ് ഇതിനെ ചെറുത്തതോടെ പ്രതികള്‍ ആക്രമിച്ചു. ഫര്‍ഹാന നേരത്തെ കൈയില്‍കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് ഷിബിലിയാണ് സിദ്ദിഖിന്റെ തലയ്ക്കടിച്ചത്. പിന്നാലെ നെഞ്ചില്‍ ഉള്‍പ്പെടെ ക്രൂരമായി മര്‍ദിച്ചു. സിദ്ദിഖ് മരിച്ചെന്ന് ഉറപ്പിച്ചതോടെ ലോഡ്ജ്മുറിയില്‍നിന്ന് മൃതദേഹം നീക്കംചെയ്യാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട് നഗരത്തിലെ കടയില്‍നിന്ന് ട്രോളിബാഗും ഇലക്ട്രിക് കട്ടറും വാങ്ങി. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് പ്രതികള്‍ മൃതദേഹം വെട്ടിമുറിച്ചു. പിന്നാലെ ഇത് ട്രോളി ബാഗുകളിലാക്കി സിദ്ദിഖിന്റെ കാറില്‍തന്നെയാണ് ഇവര്‍ കോഴിക്കോടുനിന്നും കടന്നുകളഞ്ഞത്. യാത്രയ്ക്കിടെ സിദ്ദിഖിന്റെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചു. ചോരപുരണ്ട വസ്ത്രങ്ങളും മറ്റും പെരിന്തല്‍മണ്ണയിലെ ആളൊഴിഞ്ഞസ്ഥലത്ത് ഉപേക്ഷിച്ചു. മൃതദേഹം സൂക്ഷിച്ച ട്രോളി ബാഗ് ഉപേക്ഷിക്കാനായി മൂന്നാംപ്രതി ആഷിഖിന്റെ നിര്‍ദേശപ്രകാരമാണ് അട്ടപ്പാടി ഭാഗത്തേക്ക് പോയത്. തുടര്‍ന്ന് ചുരത്തിലെ മൂന്നാംവളവില്‍നിന്ന് ട്രോളി ബാഗുകള്‍ കൊക്കയിലേക്ക് എറിയുകയായിരുന്നു.

placeholder
Shibili and Farhana, cultprits in the Siidique murder case, arrested by police. Photo: Mathrubhumi
ഷിബിലിയെയും ഫര്‍ഹാനയെയും തിരൂര്‍ ഡിവൈ.എസ്.പി. ഓഫീസിലെത്തിച്ചപ്പോള്‍(ഇടത്ത്) ചിരട്ടാമലയില്‍നടന്ന തെളിവെടുപ്പില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലം ഫര്‍ഹാന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുക്കുന്നു(വലത്ത്) | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

മൃതദേഹം ഉപേക്ഷിച്ചശേഷം ഫര്‍ഹാന ചെര്‍പ്പുളശ്ശേരിയിലെ വീട്ടിലെത്തി. സിദ്ദിഖിന്റെ കാറുമായി ഷിബിലിയും നാട്ടിലെത്തി. എന്നാല്‍, പോലീസ് അന്വേഷണത്തില്‍ കുടുങ്ങുമെന്ന് ഭയന്ന് ഇരുവരും പിന്നീട് കാര്‍ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് കടന്നു. കാര്‍ ചെറുതുരുത്തിയില്‍ ഉപേക്ഷിച്ചശേഷം ട്രെയിന്‍ മാര്‍ഗമാണ് ഇരുവരും ചെന്നൈയിലേക്ക് രക്ഷപ്പെട്ടത്. പക്ഷേ, ഇവിടെനിന്ന് മറ്റൊരിടത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഫര്‍ഹാനയെയും ഷിബിലിയെയും പോലീസ് പിടികൂടുകയായിരുന്നു.

ചോരയില്‍ കുളിച്ച് നക്ഷത്ര, വെട്ടിക്കൊന്ന അച്ഛനും മാസങ്ങള്‍ക്ക് ശേഷം ജീവനൊടുക്കി

കുഞ്ഞുങ്ങളുടെ മരണങ്ങളും കൊലപാതകങ്ങളും എല്ലായ്പ്പോഴും ഒരുനോവാണ്. 2023-ല്‍ മാവേലിക്കരയില്‍ നക്ഷത്ര എന്ന ആറുവയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ കേരളം തേങ്ങി. എപ്പോഴും ചിരിച്ച്, ഏവരുടെയും ഓമനയായിരുന്ന ആ ആറുവയസ്സുകാരിയെ വെട്ടിക്കൊന്നത് അച്ഛനായിരുന്നു. ആറുമാസങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി തിരികെ മടങ്ങുന്നതിനിടെ കേസിലെ പ്രതിയായ അച്ഛന്‍ ശ്രീമഹേഷും ജീവനൊടുക്കി. ആലപ്പുഴയിലെ കോടതിയില്‍നിന്ന് തിരുവനന്തപുരത്തെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ശ്രീമഹേഷ് ട്രെയിനില്‍നിന്ന് ചാടി ജീവനൊടുക്കിയത്. ഡിസംബര്‍ 15-നായിരുന്നു ഈ സംഭവം.

ജൂണ്‍ ഏഴാം തീയതി രാത്രിയാണ് മാവേലിക്കര പുന്നമൂട്ടിലെ വീട്ടില്‍വെച്ച് ശ്രീമഹേഷ് മകള്‍ നക്ഷത്രയെ മഴുകൊണ്ട് വെട്ടിക്കൊന്നത്. രണ്ടുവര്‍ഷം മുന്‍പ് ഭാര്യ ജീവനൊടുക്കിയതിന് പിന്നാലെ ശ്രീമഹേഷ് പുനര്‍വിവാഹത്തിനായി ശ്രമിച്ചിരുന്നു. മകള്‍ കാരണമാണ് തന്റെ പുനര്‍വിവാഹം നടക്കാത്തതെന്ന് കരുതിയാണ് ശ്രീമഹേഷ് കൊടുംക്രൂരത കാട്ടിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

placeholder
Sree Mahesh, Nakshatra | Photo: Mathrubhumi
ശ്രീമഹേഷ്, നക്ഷത്ര

മകള്‍ നക്ഷത്രയെ വീട്ടില്‍വെച്ച് വെട്ടിക്കൊന്ന ശ്രീമഹേഷ്, ബഹളംകേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. ഒടുവില്‍ പോലീസെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. എന്നാല്‍, മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ ശ്രീമഹേഷ് ആത്മഹത്യാശ്രമം നടത്തി. പേപ്പര്‍കട്ടര്‍ ഉപയോഗിച്ച് സ്വയംമുറിവേല്‍പ്പിച്ച പ്രതിയെ ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പ്രതിയെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റി. ഡിസംബര്‍ 15-ന് കോടതിയില്‍ ഹാജരാക്കാനായാണ് ശ്രീമഹേഷിനെ ജയിലില്‍നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയത്. കോടതിയില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചതിന് പിന്നാലെ കുറ്റംനിഷേധിച്ച പ്രതി കോടതിയില്‍നിന്ന് ജയിലിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രെയിനില്‍നിന്ന് ചാടി ജീവനൊടുക്കിയത്.

സ്ത്രീധനം ഇപ്പോഴും വില്ലന്‍, നൊമ്പരമായി യുവഡോക്ടറുടെ മരണം...

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ പീഡനത്തിനിരയായ വിസ്മയ ജീവനൊടുക്കിയത് രണ്ടുവര്‍ഷം മുന്‍പാണ്. കേരളത്തെ ഉലച്ച സ്ത്രീധനമരണം. ഈ വര്‍ഷവും സമാനരീതിയില്‍ യുവതികള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിച്ചു. അതില്‍ ഏറ്റവും ചര്‍ച്ചയായത് തിരുവനന്തപുരത്തെ യുവഡോക്ടര്‍ ഷഹ്നയുടെ മരണമായിരുന്നു.

ഡിസംബര്‍ നാലിന് രാത്രിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനിയായ ഷഹ്നയെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. അനസ്തേഷ്യയ്ക്കുള്ള മരുന്ന് കുത്തിവെച്ചായിരുന്നു ഷഹ്നയുടെ ആത്മഹത്യ.

മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം പി.ജി. വിദ്യാര്‍ഥിയായ ഡോ. റുവൈസ് ഷഹ്നയെ വിവാഹം ആലോചിച്ചിരുന്നു. വിവാഹത്തെ സംബന്ധിച്ച് ഇരുവീട്ടുകാരും സംസാരിക്കുകയും ചെയ്തു. എന്നാല്‍, റുവൈസും കുടുംബവും ആവശ്യപ്പെട്ട ഉയര്‍ന്ന സ്ത്രീധനം നല്‍കാന്‍ ഷഹ്നയുടെ വീട്ടുകാര്‍ക്കായില്ല. ഇതോടെ റുവൈസ് വിവാഹത്തില്‍നിന്ന് പിന്മാറിയെന്നും ഇതാണ് ഷഹ് നയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നുമായിരുന്നു കുടുംബത്തിന്റെ പരാതി. ഇക്കാര്യം സൂചിപ്പിക്കുന്ന ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.

150 പവനും 15 ഏക്കര്‍ ഭൂമിയും ബി.എം.ഡബ്ല്യൂ കാറുമാണ് റുവൈസും കുടുംബവും സ്ത്രീധനമായി ആവശ്യപ്പെട്ടതെന്നായിരുന്നു ഷഹ് നയുടെ ബന്ധുക്കളുടെ ആരോപണം. അഞ്ചേക്കര്‍ ഭൂമിയും ഒരുകാറും നല്‍കാമെന്ന് അറിയിച്ചെങ്കിലും റുവൈസിന്റെ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

placeholder
From (R) Dr EA Ruwais and Dr Shahana.
ഷഹന, റുവൈസ്

ഷഹ് ന ജീവനൊടുക്കിയതിന്റെ മൂന്നാംദിവസമാണ് കേസില്‍ ഡോ. റുവൈസിനെ പോലീസ് പിടികൂടിയത്. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരേ ചുമത്തി. റുവൈസിന്റെ പിതാവ് റഷീദും കേസില്‍ പ്രതിയാണ്. റിമാന്‍ഡിലായിരുന്ന ഡോ.റുവൈസിന് പിന്നീട് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഓര്‍ക്കാട്ടേരിയിലെ ഷബ്ന...

ഷഹ്നയുടെ മരണത്തിന് പിന്നാലെയാണ് കോഴിക്കോട് ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയിലെ ഷബ്നയും ആത്മഹത്യ ചെയ്ത സംഭവമുണ്ടായത്. ഭര്‍തൃവീട്ടിലെ പീഡനായിരുന്നു ആത്മഹത്യയ്ക്ക് കാരണം. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഭര്‍ത്താവിന്റെ അമ്മാവന്‍ ഷബ്നയെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഭര്‍ത്താവിന്റെ മാതാവും സഹോദരിയും ഷബ്നയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഇതേത്തുടര്‍ന്ന് ഷബ്‌ന വീടുമാറാന്‍ തീരുമാനിക്കുകയും വിവാഹസമയത്ത് നല്‍കിയ സ്വര്‍ണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെപേരിലാണ് വീണ്ടും തര്‍ക്കമുണ്ടായത്. ഭര്‍ത്താവിന്റെ മാതാവും പിതാവും സഹോദരിയും മാതാവിന്റെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഷബ്‌ന മുറിയില്‍ക്കയറി വാതിലടച്ചത്. അകത്തുനിന്ന് ശബ്ദംകേട്ടപ്പോള്‍ പത്തുവയസ്സുകാരി മകള്‍ ഇക്കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ആരും വാതില്‍തുറക്കാന്‍ ശ്രമിച്ചില്ല. വീട്ടില്‍ എന്തോ പ്രശ്നമുണ്ടെന്ന് ഷബ്‌നയുടെ ഭര്‍ത്താവ് വിദേശത്തുനിന്ന് വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അരൂരില്‍നിന്ന് കുന്നുമ്മക്കരയില്‍ എത്തിയശേഷമാണ് വാതില്‍ ചവിട്ടിത്തുറന്നത്. അപ്പോഴേക്കും ഷബ്‌ന മരിച്ചിരുന്നു.

placeholder
ഷബ്‌ന

ഷബ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃമാതാവ് നബീസ, ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവരാണ് പ്രതികള്‍.

തൃശ്ശൂര്‍ പെരുമ്പിലാവിലും സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവമുണ്ടായി. കല്ലുംപുറം പുത്തന്‍പീടികയില്‍ ആബിദിന്റെ ഭാര്യ സബീന(26)യാണ് ഒക്ടോബര്‍ 25-ന് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭര്‍ത്താവിന്റെ ഭര്‍തൃവീട്ടുകാരുടെയും നിരന്തരപീഡനമാണ് സബീനയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നായിരുന്നു കുടുംബത്തിന്റെ പരാതി. തുടര്‍ന്ന് കേസില്‍ ഭര്‍ത്താവ് ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹസമയത്ത് 40 പവന്റെ സ്വര്‍ണാഭരണങ്ങളാണ് സബീനയുടെ വീട്ടുകാര്‍ നല്‍കിയത്. പിന്നീട് രണ്ടുതവണയായി ആറുപവനും നല്‍കി. ഒടുവില്‍ കാര്‍ വാങ്ങാനായി പത്തുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതെന്നാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്.

വിവാഹവീട്ടില്‍ അരുംകൊല; വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

സന്തോഷം നിറഞ്ഞുനിന്ന വിവാഹവീട്ടില്‍ കല്യാണത്തലേന്ന് നടന്നത് അരുംകൊല. കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ഗൃഹനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയത് വധുവിന്റെ മുന്‍സുഹൃത്തും. 2023 ജൂണ്‍ 27-ന് രാത്രിയാണ് തിരുവനന്തപുരം കല്ലമ്പലത്ത് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്ലമ്പലം വടശ്ശേരിക്കോണം രാജനെ മകളുടെ വിവാഹദിവസം അക്രമികള്‍ കൊലപ്പെടുത്തിയത്. രാജന്റെ മകളുടെ മുന്‍സുഹൃത്തായ ജിഷ്ണുവും കൂട്ടാളികളുമായിരുന്നു കേസിലെ പ്രതികള്‍.

ജൂണ്‍ 28-നായിരുന്നു രാജന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. 27-ന് രാത്രി വീട്ടില്‍ വിവാഹസത്കാരമെല്ലാം കഴിഞ്ഞതിന് പിന്നാലെയാണ് ജിഷ്ണുവും കൂട്ടരും ഇരച്ചെത്തിയത്. തുടര്‍ന്ന് വധുവിനെയും ബന്ധുക്കളെയും അക്രമിസംഘം ക്രൂരമായി മര്‍ദിച്ചു. സംഭവസമയത്ത് മാലിന്യം നിക്ഷേപിക്കാനായി പോയിരുന്ന രാജന്‍ ബഹളംകേട്ട് ഓടിയെത്തി. തുടര്‍ന്ന് രാജനെ പ്രതികള്‍ മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

placeholder
വീട്ടിലൊരുക്കിയ വിവാഹപന്തല്‍, കൊല്ലപ്പെട്ട രാജന്‍

ശ്രീലക്ഷ്മിയുടേയും ജിഷ്ണുവിന്റേയും വിവാഹം നേരത്തെ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ വിവാഹം വേണ്ടെന്നുവെച്ചു. പിന്നീട് മകള്‍ക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് ജിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കി പിതാവിനെ കൊലപ്പെടുത്തിയത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച ശ്രീലക്ഷ്മിയുടെ വിവാഹചടങ്ങുകള്‍ ആഴ്ചകള്‍ക്ക് ശേഷം നടന്നു.

ചേര്‍പ്പിലെ സദാചാരക്കൊല...

2023 ഫെബ്രുവരി 18-ന് രാത്രിയിലാണ് സ്വകാര്യബസ് ഡ്രൈവറായ സഹറി(32)നെ തൃശ്ശൂര്‍ ചേര്‍പ്പ് തിരുവാണിക്കാവില്‍വെച്ച് എട്ടംഗസംഘം ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ് 17 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ സഹര്‍ മാര്‍ച്ച് ഏഴാം തീയതി മരിച്ചു. ഇതിനുപിന്നാലെയാണ് സഹറിന്റെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ പുറത്തുവന്നത്.

സഹര്‍ സ്ത്രീസുഹൃത്തിനെ കാണാന്‍ പോയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരമര്‍ദനത്തിലും കൊലപാതകത്തിലും കലാശിച്ചത്. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ ക്ഷേത്രത്തിലെ സി.സി.ടി.വി. ക്യാമറയില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.  കുറുമ്പിലാവ് സ്വദേശികളായ രാഹുല്‍, വിജിത്ത്, വിഷ്ണു, ഡീനോ, അഭിലാഷ്, അമീര്‍, അരുണ്‍, കാറളം സ്വദേശി ജിഞ്ചു എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തിന് പിന്നാലെ ഇവരെല്ലാം ഒളിവില്‍പോയിരുന്നു. ഇതില്‍ ചില പ്രതികളെ പിന്നീട് ഉത്തരാഖണ്ഡില്‍നിന്നാണ് പോലീസ് പിടികൂടിയത്.

വിഷം ഉള്ളില്‍ച്ചെന്ന് പത്താം ക്ലാസുകാരി മരിച്ചു, പിതാവ് വിഷം കുടിപ്പിച്ചെന്ന് മൊഴി, ദുരഭിമാനക്കൊല

ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിലാണ് എറണാകുളം ആലങ്ങാട് പത്താംക്ലാസുകാരിയായ ഫാത്തിമയെ പിതാവ് വിഷം കുടിപ്പിച്ചത്. വിഷം ഉള്ളില്‍ച്ചെന്ന് അത്യാസന്നനിലയിലായ പെണ്‍കുട്ടി പിന്നീട് മരിച്ചു. പിതാവ് മര്‍ദിച്ചെന്നും കളനാശിനി വായിലൊഴിച്ചെന്നുമായിരുന്നു ഫാത്തിമയുടെ മരണമൊഴി. ഇതേത്തുടര്‍ന്ന് പിതാവ് അബീസിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 29-ന് അബീസ് കമ്പിപാര കൊണ്ട് ഫാത്തിമയെ മര്‍ദിച്ചെന്നും കളനാശിനി കുടിപ്പിച്ചെന്നുമാണ് പോലീസ് പറയുന്നത്. ഫാത്തിമയുടെ കൈയില്‍നിന്ന് മൊബൈല്‍ഫോണ്‍ കണ്ടെടുത്തതിന് ശേഷമായിരുന്നു പിതാവ് മര്‍ദനം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു.

കൊല്ലത്തെ ആറുവയസ്സുകാരിയുടെ തട്ടിക്കൊണ്ടുപോകല്‍, കേരളം ഉറങ്ങാത്ത രാത്രി

നവംബര്‍ 27, കേരളം ഉറക്കമിളച്ചിരുന്ന രാത്രി. കൊല്ലം ഓയൂരില്‍നിന്ന് അബിഗേല്‍ സാറാ റെജിയെന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നാടാകെ ഉണര്‍ന്നിരുന്നു. പോലീസും നാട്ടുകാരും എല്ലായിടങ്ങളിലും തിരച്ചില്‍ നടത്തി. കുഞ്ഞിനെ സുരക്ഷിതയായി തിരികെ കിട്ടാന്‍ പ്രാര്‍ഥനകളില്‍ മുഴുകി. ഒടുവില്‍ മണിക്കൂറുകള്‍ ആശങ്കകള്‍ക്ക് ശേഷം പിറ്റേദിവസം ഉച്ചയോടെ അബിഗേലിനെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതോടെയാണ് ഏവര്‍ക്കും ആശ്വാസമായത്.

കൊല്ലം ചാത്തന്നൂര്‍ സ്വദേശികളായ പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരാണ് ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തികപ്രതിസന്ധി കാരണം കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടതെന്നാണ് പോലീസ് ഭാഷ്യം. പ്രതികളായ മൂന്നുപേരെയും ദിവസങ്ങള്‍നീണ്ട അന്വേഷണത്തിന് ശേഷമാണ് പോലീസ് പിടികൂടിയത്. എന്നാല്‍, കേസില്‍ പല പൊരുത്തക്കേടുകളും ചോദ്യങ്ങളും ഇപ്പോഴും ബാക്കിയാണ്.

placeholder
പദ്മകുമാര്‍, അനുപമ, അനിതാകുമാരി

നവംബര്‍ 27-ാം തീയതി വൈകിട്ട് 4.20-ഓടെയാണ് ഓയൂര്‍ കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒന്‍പതുവയസ്സുകാരനായ കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ കാറിലെത്തിയവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ജോനാഥനെ തള്ളിയിട്ട് കാറിലെത്തിയവര്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ നാടാകെ കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ നടന്നു. തെക്കന്‍ജില്ലകളും സംസ്ഥാന അതിര്‍ത്തികളും കേന്ദ്രീകരിച്ച് പോലീസും വിപുലമായ പരിശോധന നടത്തി. പോലീസ് നാടാകെ അരിച്ചുപെറുക്കുന്നതിനിടെയാണ് പിറ്റേദിവസം ഉച്ചയ്ക്ക് ആറുവയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. എല്ലായിടത്തും പോലീസ് പരിശോധന നടത്തുകയാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഓട്ടോയില്‍ ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാത്തന്നൂര്‍ സ്വദേശിയായ പദ്മകുമാറും കുടുംബവുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. പോലീസ് സംഘം തമിഴ്‌നാട്ടിലെ തെങ്കാശിയില്‍നിന്നാണ് മൂവരെയും പിടികൂടിയത്. ഐ.ജി. സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡി.ഐ.ജി. ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

തുവ്വൂര്‍ സുജിത കൊലക്കേസ്...

മലപ്പുറം തുവ്വൂര്‍ കൃഷിഭവനിലെ താത്കാലിക ജീവനക്കാരി സുജിത(35)യെ കാണാനില്ലെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പുറത്തറിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം. 2023 ഓഗസ്റ്റ് 11-നാണ് കൃഷിഭവനിലെ താത്കാലിക ജീവനക്കാരി സുജിതയെ കാണാനില്ലെന്ന പരാതി പോലീസിന് മുന്നിലെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൃത്യം 11-ാം ദിവസം സുജിതയുടെ തിരോധാനത്തിന്റെ ചുരുളഴിഞ്ഞത്. തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന വിഷ്ണു(27) ഉള്‍പ്പെടെയുള്ളവരാണ് സുജിതയെ കൊന്ന് കുഴിച്ചിട്ടതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഓഗസ്റ്റ് 22-ാം തീയതി വിഷ്ണുവിന്റെ വീട്ടുമുറ്റത്തുനിന്ന് കുഴിച്ചിട്ടനിലയില്‍ സുജിതയുടെ മൃതദേഹവും കണ്ടെടുത്തു. കേസില്‍ വിഷ്ണുവിന്റെ അച്ഛനും സഹോദരങ്ങളും അടക്കം ആകെ അഞ്ചുപ്രതികളാണുള്ളത്.

വിഷ്ണുവും സുജിതയും നേരത്തെ പരിചയമുള്ളവരാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് പ്രതികള്‍ കൃത്യം നടത്തിയതെന്നുമാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഓഗസ്റ്റ് 11-ന് മുഖ്യപ്രതി വിഷ്ണു സുജിതയെ ഫോണില്‍ വിളിക്കുകയും തന്റെ വീട്ടിലെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍ ഒളിഞ്ഞിരിക്കുകയായിരുന്ന വിഷ്ണുവിന്റെ സഹോദരങ്ങളായ വൈശാഖ്(21) വിവേക്(20) എന്നിവരും ഇവരുടെ സുഹൃത്തായ ഷിഹാനും വിഷ്ണുവിനൊപ്പം ചേര്‍ന്ന്. പിന്നാലെ പ്രതികള്‍ യുവതിയെ ശ്വാസംമുട്ടിച്ചശേഷം 20 മിനിറ്റോളം കെട്ടിത്തൂക്കി മരണം ഉറപ്പാക്കി. അന്നേദിവസം രാത്രി എട്ടുവരെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചു. അന്നുവൈകിട്ട് തന്നെ സുജിതയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്ത് തുവ്വൂരില്‍ വില്‍പ്പന നടത്തി. തുടര്‍ന്ന് അര്‍ധരാത്രി 11.30-ഓടെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. ഇതിനുമുകളില്‍ മെറ്റലും എം.സാന്‍ഡും നിരത്തി. ശേഷം പ്രതികളെല്ലാം പുറത്തുപോയി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങി.

placeholder
വിഷ്ണു, സുജിത

സുജിതയെ കാണാതായ സംഭവത്തില്‍ വിപുലമായ അന്വേഷണം ആവശ്യപ്പെട്ട് മുന്‍നിരയിലുണ്ടായിരുന്നത് പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വിഷ്ണുവായിരുന്നു. സേതുരാമയ്യര്‍ സി.ബി.ഐ.യിലെ 'ടെയ്‌ലര്‍ മണി'യെന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു വിഷ്ണുവിന്റെ ഇടപെടലുകള്‍. സുജിതയെ കാണാനില്ലെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പങ്കുവെച്ചും സുജിത മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതാണെന്ന കഥകള്‍ പ്രചരിപ്പിച്ചും ഇയാള്‍ അന്വേഷണസംഘത്തിന്റെ ശ്രദ്ധതിരിച്ചുവിടാന്‍ ശ്രമിച്ചു. എന്നാല്‍ സുജിതയുടെ തിരോധാനത്തില്‍ വിഷ്ണുവിന് പങ്കുണ്ടെന്ന് വ്യക്തമായതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തു. കൃത്യത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും വീട്ടില്‍വെച്ച് സുജിതയെ കൊലപ്പെടുത്തിയതും മൃതദേഹം കുഴിച്ചിട്ടതുമെല്ലാം വിഷ്ണുവിന്റെ അച്ഛനും അറിഞ്ഞിരുന്നു. ഇതിനാലാണ് കേസില്‍ ഇയാളെയും പ്രതിചേര്‍ത്തത്.

നൊമ്പരമായി ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം, അതിക്രൂരം...

കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജില്‍വെച്ച് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയത് ഡിസംബര്‍ നാലിനായിരുന്നു. ചേര്‍ത്തല സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് സുഹൃത്തായ കണ്ണൂര്‍ സ്വദേശി ഷാനിഫ് അതിക്രൂരമായി കൊലപ്പെടുത്തിയത്. അശ്വതിക്ക് മറ്റൊരുബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൃത്യം നടത്തിയതെന്നായിരുന്നു ഷാനിഫിന്റെ മൊഴി. കേസില്‍ അശ്വതിയും അറസ്റ്റിലായി.

നാലുമാസമായി അടുപ്പത്തിലായിരുന്ന അശ്വതിയും ഷാനിഫും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെയാണ് മറ്റൊരുബന്ധത്തിലുണ്ടായ കുഞ്ഞ് പിറന്നത്. തുടര്‍ന്ന് കുഞ്ഞിനെ ഇല്ലാതാക്കാനായി ഷാനിഫിന്റെ ശ്രമം. പലതവണ ചെറിയരീതിയില്‍ പരിക്കേല്‍പ്പിച്ച് സ്വാഭാവികമരണമായി വരുത്തിതീര്‍ക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. കുഞ്ഞ് ജനിച്ച് ഏതാനുംദിവസങ്ങള്‍ പിന്നിട്ടതുമുതല്‍ ഷാനിഫ് ഇത്തരത്തില്‍ ഉപദ്രവം തുടങ്ങി. എന്നാല്‍, ഇത് പരാജയപ്പെട്ടതോടെയാണ് കറുകപ്പള്ളിയിലെ ലോഡ്ജില്‍ മുറിയെടുത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഇതിനുമുന്‍പേ കുഞ്ഞിനെ കൊല്ലാന്‍ പോവുകയാണെന്ന് ഷാനിഫ് അശ്വതിയോട് പറഞ്ഞിരുന്നു. അശ്വതി ഇതിനെ എതിര്‍ക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്തില്ല. തുടര്‍ന്ന് സുഹൃത്തിന്റെ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ ഇരുവരും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ഇതോടെ കുഞ്ഞ് കൈയില്‍നിന്ന് വീണതാണെന്ന് പ്രതി മൊഴിമാറ്റി. തുടര്‍ന്ന് പോലീസെത്തി ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചത്.

കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഷാനിഫും അശ്വതിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കാനായി എത്തിച്ചപ്പോഴാണ് ഇരുവരും ഏറ്റുമുട്ടിയത്. അതേസമയം, കൊല്ലപ്പെട്ട കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്തിയിരുന്നില്ല. ഇതോടെ ദിവസങ്ങള്‍ക്ക് ശേഷം പോലീസാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാരം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ജനപ്രതിനിധികളും നാട്ടുകാരും സംസ്‌കാരചടങ്ങില്‍ പങ്കെടുത്തിരുന്നു.

ലോണ്‍ ആപ്പുകളുടെ ഭീഷണി, കടമക്കുടിയിലെ കൂട്ട ആത്മഹത്യ...

ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് എറണാകുളം കടമക്കുടിയില്‍ ഒരുകുടുംബം കൂട്ട ആത്മഹത്യ ചെയ്തതും 2023-ലായിരുന്നു. സെപ്റ്റംബര്‍ 12-നാണ് കടമക്കുടിയിലെ നിജോ, ഭാര്യ ശില്പ, മക്കളായ ഏബല്‍, ആരോണ്‍ എന്നിവരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. മക്കളെ കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയാണ് കൂട്ടമരണത്തിന് കാരണമായതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിസന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.

ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ കെണിയില്‍കുടുങ്ങി ജീവിതം അവസാനിപ്പിച്ച മറ്റു ചില സംഭവങ്ങളും 2023-ലുണ്ടായി. വയനാട് അരിമുളയില്‍ യുവാവ് ജീവനൊടുക്കിയതിന് പിന്നിലും ലോണ്‍ ആപ്പുകാരുടെ ഭീഷണിയാണെന്നായിരുന്നു ആരോപണം. ഇതിനുപുറമേ കുറ്റ്യാടിയില്‍ വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവുമുണ്ടായി.

നടുക്കി കൂട്ടമരണങ്ങള്‍...

പോയവര്‍ഷവും നാടിനെ നടുക്കിയ കൂട്ട ആത്മഹത്യകളുണ്ടായി. സാമ്പത്തിക ബാധ്യതകളും കുടുംബപ്രശ്നങ്ങളുമായിരുന്നു മിക്ക ആത്മഹത്യകളുടെയും കാരണം.

2023 മെയ് 24-നാണ് കണ്ണൂര്‍ ചെറുപുഴ പാടിച്ചാലില്‍ ദമ്പതിമാരും മൂന്നുമക്കളും ഉള്‍പ്പെടെ അഞ്ചംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. പാടിച്ചാല്‍ സ്വദേശി ശ്രീജ, ശ്രീജയുടെ മക്കളായ സുജിന്‍,സൂരജ്,സുരഭി, ശ്രീജയുടെ രണ്ടാംഭര്‍ത്താവ് ഷാജി എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ശ്രീജയും ഷാജിയും ജീവനൊടുക്കിയെന്നായിരുന്നു കണ്ടെത്തല്‍. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. വിവാഹച്ചടങ്ങ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു നാടിനെ നടുക്കിയ കൂട്ടമരണം.

തൃശ്ശൂര്‍ കാറളത്ത് ഒരുകുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടത് ഫെബ്രുവരി 15-നായിരുന്നു. കാറളം ഹരിപുരം സ്വദേശി മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് മരിച്ചത്. വയനാട് ചിതലയത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം ഒക്ടോബര്‍ 21-നായിരുന്നു. ചിതലയം പുത്തന്‍പുരയ്ക്കല്‍ ഷാജുവാണ് ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. കുടുംബപ്രശ്നങ്ങളായിരുന്നു കാരണം. വര്‍ഷം അവസാനിക്കാനിരിക്കെ ഡിസംബര്‍ 23-ന് കൊല്ലം കുണ്ടറയിലും ഒരു കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. പ്രിന്റിങ് പ്രസ്സ് ഉടമയായ രാജീവ് രാമകൃഷ്ണന്‍, ഭാര്യ ആശ രാജീവ്, മകന്‍ മാധവ് എന്നിവരാണ് മരിച്ചത്. മകന് വിഷംനല്‍കിയ ശേഷം ദമ്പതിമാര്‍ തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സാമ്പത്തിക ബാധ്യതയായിരുന്നു കാരണം.

എലത്തൂരിലെ ട്രെയിന്‍ തീവെപ്പ്...

മുന്‍പൊന്നും കേട്ടിട്ടില്ലാത്തരീതിയിലുള്ള സംഭവമായിരുന്നു എലത്തൂരിലെ ട്രെയിന്‍ തീവെപ്പ്. 2023 ഏപ്രില്‍ രണ്ടാം തീയതി രാത്രിയാണ് ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ഡി-1 കോച്ചില്‍ ഷാരൂഖ് സെയ്ഫി എന്നയാള്‍ തീയിട്ടത്. യാത്രക്കാരുടെ ദേഹത്തും സീറ്റുകളിലും പെട്രോളൊഴിച്ചശേഷം തീകൊളുത്തിയ ഇയാള്‍ പിന്നാലെ രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ട്രെയിനില്‍നിന്ന് ചാടിയ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ രണ്ടരവയസ്സുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ഒമ്പതുപേര്‍ക്ക് ആക്രമണത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തു.

placeholder
Investigation team at crime scene, Shahrukh Saifi | Photo: Mathrubhumi
എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരെ തീകൊളുത്തിയ ബോഗിയില്‍ പോലീസ് പരിശോധന നടത്തുന്നു(ഇടത്ത്) പ്രതി ഷാരൂഖ് സെയ്ഫി(വലത്ത്) | ഫോട്ടോ: മാതൃഭൂമി

ട്രെയിനില്‍ തീവെപ്പ് നടത്തിയ ഷാരൂഖ് സെയ്ഫിയെ പിന്നീട് മഹാരാഷ്ട്രയില്‍നിന്ന് മഹാരാഷ്ട്ര എ.ടി.എസാണ് കസ്റ്റഡിയിലെടുത്തത്. ആദ്യം കേരള പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുത്തു. ജിഹാദി പ്രവര്‍ത്തനമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും തീവ്ര ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു പ്രതിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.