ടെഹ്‌റാൻ: അമേരിക്കയുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ. നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാനും കൂടുതൽ സംഘർഷങ്ങളിൽപ്പെടാതിരിക്കാനും അമേരിക്ക ഇറാന്റെ അവകാശങ്ങളും നിബന്ധനകളും അംഗീകരിക്കേണ്ടി വരുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. എന്നാൽ ആ ഏഴ് ഉപാധികൾ എന്തൊക്കെയാണെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

To advertise here,

തങ്ങളുടെ നിലപാട് വ്യക്തമാണെന്നും നയതന്ത്ര ചർച്ചകളിലേക്ക് നീങ്ങണമെങ്കിൽ അമേരിക്ക ഇറാന്റെ അവകാശങ്ങളും ഉപാധികളും അംഗീകരിച്ചേ തീരൂ എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇറാന്റെ സന്ദേശം വ്യക്തവും സംശയരഹിതവുമാണ്. സ്വയം സൃഷ്ടിച്ച കുരുക്കിൽ നിന്ന് രക്ഷപ്പെടാനും അതിൽ കൂടുതൽ കുടുങ്ങിപ്പോകാതിരിക്കാനും അമേരിക്കയ്ക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഇറാന്റെ അവകാശങ്ങളും ഉപാധികളും അംഗീകരിക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗ്ഗങ്ങളില്ല.’-റെസായി തന്റെ പോസ്റ്റിൽ പറഞ്ഞു. നിർണായകമായ ഒരു യുദ്ധത്തിന് ഇറാൻ പൂർണ്ണമായും സജ്ജമാണെന്നും റസായി കൂട്ടിച്ചേർത്തു.

ഇതിനിടെ അമേരിക്കയുടെ ഭാഗത്തുനിന്ന് മറ്റൊരു സൈനിക ആക്രമണത്തിന് വലിയ സാധ്യതയുണ്ടെന്നും അതിനാൽ തങ്ങളുടെ സൈനിക പദ്ധതികളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ റസായി വെളിപ്പെടുത്തി. പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലെ അമേരിക്കൻ നാവികസേനാ ആസ്തികളെ കേന്ദ്രീകരിച്ചാണ് ഇറാന്റെ ഇപ്പോഴത്തെ സൈനിക പ്ലാനുകൾ.

അമേരിക്കൻ യുദ്ധക്കപ്പലിനോ എയർക്രാഫ്റ്റ് കാരിയറിനോ സമീപത്തായി മൾട്ടി-വാർഹെഡ് ആന്റി-ഷിപ്പ് മിസൈൽ ഇറാൻ വിജയകരമായി പരീക്ഷിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ഇനി ഉണ്ടാകുന്ന ഏതൊരു തിരിച്ചടിയിലും മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളും വാണിജ്യ താല്പര്യങ്ങളും ഇറാന്റെ ലക്ഷ്യമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുമെന്ന് റസായി വ്യക്തമാക്കി. ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാൻ ഇറാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയോ വിഷയം യു.എൻ. രക്ഷാസമിതിക്ക് വിടുകയോ ചെയ്താൽ കരാറിൽ നിന്ന് പിന്മാറാൻ നിർബന്ധിതരായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.