റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം. ഹൂതി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ സൗദി അറേബ്യയിൽ പുകപടലങ്ങൾ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് പുക ഉയർന്നത്. ശനിയാഴ്ച റിയാദിൽ രണ്ട് ഉഗ്ര സ്‌ഫോടനശബ്ദങ്ങൾ കേട്ടതായും റിയാദിൽനിന്നുള്ള ചില വിമാന സർവീസുകൾ വൈകിയതായും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളത്തിലെ ഇന്ധനസംഭരണ കേന്ദ്രങ്ങൾക്കുനേരെയാണ് ആക്രമണം നടന്നത്. റിയാദിലെ അതീവ സുരക്ഷാ കേന്ദ്രങ്ങളേയും എണ്ണക്കമ്പനിയായ സൗദി അരാംകോയേയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു.
മിസൈലുകൾ വ്യോമസേന വിജയകരമായി പ്രതിരോധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടക്കത്തിൽ റിയാദിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അപകടസാധ്യത ഒഴിവായതായി അധികൃതർ പറഞ്ഞു. ഹൂതികളുമായുള്ള സംഘർഷം രൂക്ഷമായ ശേഷം ആദ്യമായാണ് സൗദി തലസ്ഥാനത്ത് ഇത്തരമൊരു ഭീഷണി മുന്നറിയിപ്പ് നൽകുന്നത്. ആക്രമണത്തിൽ ആളപായമോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, സൗദിയിലെ ആക്രമണങ്ങൾ വിജയകരമായിരുന്നെന്നും ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ വലിയ തീപ്പിടിത്തമുണ്ടായെന്നും ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. യമനിലെ ഹൂതി മേഖലകളിൽ സൗദി നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് തക്കതായ തിരിച്ചടിയാണിത്. സൗദി വ്യോമാക്രമണം അവസാനിപ്പിക്കുകയും ഉപരോധങ്ങൾ നീക്കുകയും ചെയ്യുന്നതുവരെ ആക്രമണങ്ങൾ തുടരുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.
Published: 20 Sept 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented