ഹിരാകാശ ഗവേഷണരംഗത്ത് സുപ്രധാനമായ പല നേട്ടങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കും സാക്ഷിയായ വര്‍ഷമാണ് 2023. വിവിധ രാജ്യങ്ങളുടെ ബഹിരാകാശ ഏജന്‍സികളും സ്വകാര്യ കമ്പനികളും ബഹിരാകാശ മേഖലയില്‍ കൂടുതല്‍ സജീവമാവുകയും മഹത്തായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. ചന്ദ്രയാന്‍ 3യുടെ വിജയം, നിര്‍മാണത്തിലിരിക്കുന്ന ലോകത്തെ ശക്തിയേറിയ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ വിക്ഷേപണങ്ങള്‍, സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ മുന്നേറ്റം എന്നിവയെല്ലാം 2023 ലെ ബഹിരാകാശ രംഗത്തെ സജീവമാക്കി നിര്‍ത്തി. 

To advertise here,

ചന്ദ്രയാന്‍ 3 യുടെ വിജയം

പോയ വര്‍ഷം സുപ്രധാന നേട്ടം കൈവരിച്ച രാജ്യം ഇന്ത്യയാണ്. 2023 ഓഗസ്റ്റ് 23 ന് ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള പ്രദേശത്ത് സുരക്ഷിതമായി ഇറക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇതോടെ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. 

14 ദിവസം മാത്രം നീണ്ടു നിന്ന ദൗത്യത്തില്‍ സുപ്രധാനമായ പല വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കാന്‍ വിക്രം ലാന്‍ഡറിനും പ്രഗ്യാന്‍ റോവറിനും സാധിച്ചു. ദക്ഷിണ ധ്രുവത്തിനടുത്ത പ്രദേശത്ത് നിന്ന് ആദ്യമായി സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയത് ചന്ദ്രയാന്‍ 3 ദൗത്യത്തിലൂടെയാണ്. ഒപ്പം പ്രദേശത്തെ മണ്ണിന്റെയും ജലസാന്നിധ്യത്തേയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ദൗത്യത്തിലൂടെ സാധിച്ചു.

ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ പ്രാപ്തി എത്രത്തോളമുണ്ടെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമാക്കുകയാണ് ചന്ദ്രയാന്‍ 3 ചെയ്തത്. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാന്‍ സങ്കീര്‍ണമായൊരു സ്ഥലത്ത് പേടകം ഇറക്കാന്‍ ഇന്ത്യയ്ക്കായി. 

ലൂണ-25 , റഷ്യയുടെ ചാന്ദ്രദൗത്യ പരാജയം

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ ലൂണാര്‍ ലാന്‍ഡര്‍ ദൗത്യമായിരുന്നു ലുണ 25. 47 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സോവിയറ്റ് കാലത്തിന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇത്. 2023 ഓഗസ്റ്റ് 10 ന് സോയുസി 2.1ബി റോക്കറ്റില്‍ വിക്ഷേപിച്ച ലൂണ 25 ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ഇറങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പായി ചന്ദ്രനിലിറങ്ങാനാണ് ലക്ഷ്യമിട്ടത്. ജൂലായില്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ഈ സമയം ചന്ദ്രനോട് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. അതിവേഗ സഞ്ചാരത്തിന് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് നേരിട്ടുള്ള സഞ്ചാരപഥമാണ് ലൂണ-25 ന് വേണ്ടി റോസ്‌കോസ്‌മോസ് തിരഞ്ഞെടുത്തത്. 

എന്നാല്‍ ഓഗസ്റ്റ് 19 ന് ലൂണ-25 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയും ദൗത്യം പരാജയപ്പെടുകയും ചെയ്തു. പരാജയം എന്നതിലുപരി ചാന്ദ്രപര്യവേക്ഷണ രംഗത്തേക്കുള്ള റഷ്യയുടെ തിരിച്ചുവരവിന്റെ സുപ്രധാന ചുവടുവെപ്പായിരുന്നു ഈ ദൗത്യം. 

സൂര്യനെ പഠിക്കാന്‍ ഇന്ത്യ- ആദിത്യ എല്‍1

ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ദൗത്യം വിജയകരമാക്കിയതിന് പിന്നാലെയാണ് ഐസെആര്‍ഒ ഇന്ത്യയുടെ ആദ്യ സോളാര്‍ സ്പേസ് ഒബ്സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ചത്. 2023 സെപ്റ്റംബര്‍ 2 ശനിയാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. ലാഗ്‌റേഞ്ച് പോയിന്റ് ലക്ഷ്യമാക്കി വിക്ഷേപിച്ച പേടകം 125 ദിവസം നീണ്ട യാത്രയ്‌ക്കൊടുവിലാണ് ലക്ഷ്യം കാണുക. ജനുവരി ആറിന് പേടകം ലാഗ്‌റേഞ്ച് പോയിന്റിലെത്തുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് അറിയിച്ചിട്ടുണ്ട്. 

1500 കിഗ്രാം ഭാരമുണ്ട് ഇതിന്. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണ ഗ്രാഫ് (വി.ഇ.എല്‍.സി), സോളാര്‍ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ്പ് (എസ്.യു.ഐ.ടി), ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റര്‍ (എച്ച്യഇ.എല്‍.1.ഒ.എസ്), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്സ്പിരിമെന്റ് (എ.എസ്.പി.ഇ.എക്സ്), പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ (പി.എ.പി.എ.), മാഗ്‌നറ്റോ മീറ്റര്‍, സോളാര്‍ ലോ എനര്‍ജി എക്സ്റേ സ്പെക്ട്രോമീറ്റര്‍ (എസ്.ഒ.എല്‍.ഇ.എക്സ്.എസ്) എന്നിങ്ങനെ ഏഴ് പരീക്ഷണോപകരണങ്ങള്‍ (പേലോഡുകള്‍) ആണ് ആദിത്യ എല്‍ 1 ല്‍ ഉള്ളത്. 
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തേക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭ്യമാക്കാനും ദൗത്യത്തിന് സാധിക്കുമെന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടനയുടെ പ്രതീക്ഷ. 

ഒസൈറിസ് റെക്‌സ് ദൗത്യം- ബെന്നു ചിഹ്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിള്‍ ഭൂമിയിലെത്തിച്ച് നാസ

ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ വിജയകരമായി നാസ ഭൂമിയിലെത്തിച്ചു. ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമായിരുന്നു ഒസൈറിസ് റെക്സ്. പ്രധാന പേടകത്തില്‍ നിന്ന് വേര്‍പെട്ട സാമ്പിള്‍ റിട്ടേണ്‍ കാപ്സ്യൂള്‍ സെപ്റ്റംബര്‍ 24 ഞായറാഴ്ച രാത്രി 8.12-ന് ആണ് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അതിവേഗം ഭൂമിയിലേക്ക് വീണുകൊണ്ടിരുന്ന പേടകത്തെ ഡ്രോഗ് പാരച്യൂട്ടുകള്‍ വിന്യസിച്ച് വേഗം നിയന്ത്രിച്ചാണ് സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ ഇറക്കിയത്. ബെന്നുവില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്‌സ്യൂളിലുണ്ടായിരുന്നത്. 

ശക്തരായി മാറിയ സ്‌പേസ് എക്‌സ്

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് എന്ന സ്വകാര്യ ബഹിരാകാശ സാങ്കേതിക വിദ്യാ സ്ഥാപനം നാസ ഉള്‍പ്പടെയുള്ള മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ക്കൊപ്പം ശക്തരായി വളര്‍ന്നു. വിവിധ ലോകരാജ്യങ്ങളും സ്വകാര്യ കമ്പനികളും ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കായി സ്‌പേസ് എക്‌സിനെ ആശ്രയിക്കുന്നത് നാം കണ്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാസ ഗവേഷകരുടെ യാത്രകള്‍ ഇപ്പോള്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തിലാണ്. റഷ്യയും യുഎസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേറ്റതും യുക്രൈനുമായുള്ള യുദ്ധവും സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ റഷ്യന്‍ ബഹിരാകാശ റോക്കറ്റുകളെ ആശ്രയിച്ചിരുന്നവര്‍ പകരം സ്‌പേസ് എക്‌സ് ഉള്‍പ്പടെയുള്ള മറ്റ് സേവനദാതാക്കളെ ആശ്രയിക്കുന്ന സാഹചര്യം വരെ ഉണ്ടായി. 2023 ല്‍ മാത്രം 87 റോക്കറ്റ് വിക്ഷേപണങ്ങളാണ് സ്‌പേസ് എക്‌സ് നടത്തിയത്. ഇത് റെക്കോര്‍ഡ് നേട്ടമാണ്. ഇതില്‍ ഭൂരിഭാഗവും സ്‌പേസ് എക്‌സിന്റെ തന്നെ ഉപഗ്രഹ ശൃംഖലയ്ക്ക് വേണ്ടിയുള്ളതായിരുന്നു. 

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പരീക്ഷണങ്ങള്‍

ലോകത്തെ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലുതും ശക്തിയേറിയതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ വിജയപരാജയങ്ങള്‍ക്ക് പോയ വര്‍ഷം ലോകം സാക്ഷിയായി. രണ്ട് തവണ വിക്ഷേപണങ്ങള്‍ക്കിടെ പൊട്ടിത്തെറിച്ച സ്റ്റാര്‍ഷിപ്പ് നവംബറില്‍ 8 മിനിറ്റ് നേരം വിജയകരമായി ആകാശത്തേക്കുയര്‍ന്നു. യുഎസിന്റെ ആര്‍ട്ടമിസ് ദൗത്യങ്ങള്‍ക്കും, ഭാവി ചൊവ്വാ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ശക്തമായ ഈ റോക്കറ്റ് നിര്‍മിക്കുന്നത്. പൂര്‍ണമായും പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഈ റോക്കറ്റിന്റെ നിര്‍മാണത്തില്‍ സ്‌പേസ് എക്‌സിന്റെ അതിവേഗമുള്ള പുരോഗതി ശ്രദ്ധേയമാണ്. 

ഇന്ത്യന്‍ സ്‌പേസ് എക്‌സ് ആയി വളരുന്ന- സ്‌കൈറൂട്ട് 

യുഎസിനെ പോലെ ഇന്ത്യയുടെ ബഹിരാകാശരംഗം സ്വകാര്യ നിക്ഷേപകര്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ട്. ഇതിനകം വിവിധ സ്വകാര്യ കമ്പനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2023 ഒക്ടോബറിലാണ് ഇന്ത്യന്‍ എയറോസ്പേസ് സ്റ്റാര്‍ട്ട് അപ്പ് ആയ സ്‌കൈറൂട്ട് എയറോസ്പേസ് തങ്ങളുടെ പുതിയ വിക്ഷേപണ റോക്കറ്റ് പുറത്തിറക്കിയത്. ഏഴ് നിലയോളം ഉയരമുള്ള ഈ മള്‍ടി സ്റ്റേജ് റോക്കറ്റിന് വിക്രം-1 എന്നാണ് പേര്. ഉപഗ്രഹങ്ങള്‍ വിന്യസിക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആഗോള തലത്തിലെ ചുരുക്കം ചില സ്വകാര്യ റോക്കറ്റുകളിലൊന്നാണ് വിക്രം-1 എന്ന് കമ്പനി അവകാശപ്പെടുന്നു. സ്‌കൈറൂട്ട് പുറത്തിറക്കുന്ന രണ്ടാമത്തെ റോക്കറ്റാണിത്. വിക്രം-എസ് എന്നായിരുന്നു ആദ്യ റോക്കറ്റിന്റെ പേര്. ഒരു സ്വകാര്യ കമ്പനി നിര്‍മിച്ച രാജ്യത്തെ ആദ്യ റോക്കറ്റാണിത്. കഴിഞ്ഞ നവംബറില്‍ ഇത് വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു.

ഏകദേശം 300 കിലോഗ്രാം ഭാരമുള്ള പേലോഡ് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാന്‍ ഈ റോക്കറ്റിന് സാധിക്കും. 3 ഡി പ്രിന്റ് ചെയ്ത ലിക്വിഡ് എഞ്ചിനുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏത് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും 24 മണിക്കൂര്‍ കൊണ്ട് റോക്കറ്റ് തയ്യാറാക്കി വിക്ഷേപണം നടത്താനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2024 ആദ്യം റോക്കറ്റിന്റെ ആദ്യ വിക്ഷേപണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

വരും വര്‍ഷങ്ങളിലെ പ്രതീക്ഷ

ബഹിരാകാശ ദൗത്യങ്ങള്‍ അനന്തമായി തുടരുമെന്നതില്‍ യാതൊരു സംശയവും വേണ്ട. വാണിജ്യ ബഹിരാകാശ യാത്രയും, വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ വിക്ഷേപണങ്ങളും ബഹിരാകാശ രംഗത്തേക്കുള്ള സ്വകാര്യ കമ്പനികളുടെ വര്‍ധിച്ച കടന്നുവരവും 2024 ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉണ്ടായേക്കും. ഗവേഷകരും, ശാസ്ത്രജ്ഞരുമല്ലാത്ത സാധാരണ മനുഷ്യരുടെ ബഹിരാകാശ യാത്രകള്‍ കൂടുതല്‍ സജീവമായേക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ബഹിരാകാശ നടത്തവും അടുത്ത വര്‍ഷങ്ങളില്‍ നടന്നേക്കും. വ്യാഴത്തെ ലക്ഷ്യമിട്ടുള യൂറോപ്പ ക്ലിപ്പര്‍, യൂറോപ്പിന്റെ ഏരിയന്‍ 6 റോക്കറ്റിന്റെ ആദ്യ വിക്ഷേപണം, ആര്‍ട്ടെമിസ് ദൗത്യങ്ങളുടെ ഭാഗമായുള്ള വിക്ഷേപണങ്ങള്‍ എന്നിവ 2024 ലോ അതിന് ശേഷമുള്ള വര്‍ഷങ്ങളിലോ നടക്കും. ഇതിനെല്ലാം പുറമേ. സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ പൂര്‍ണതോതിലുള്ള വിജയകരമായ വിക്ഷേപണവും വരുംവര്‍ഷം നടന്നേക്കും.