'എയറില്‍' നിന്നുള്ള ഒരു വീഡിയോ ആണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നെക്‌സ്റ്റ് ഡോര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്ന് ആകാശത്തിന്റെ മനോഹരമായ ദൃശ്യം ചിത്രീകരിക്കവെ താഴേക്ക് പതിച്ച മൊബൈല്‍ ഫോണിന്റെ ക്യാമറയില്‍ പതിഞ്ഞ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

To advertise here,

ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നാണ് ഫോണ്‍ താഴെ വീണത്. വീഡിയോ ചിത്രീകരിക്കവെ അപ്രതീക്ഷിതമായി ഫോണ്‍ കയ്യില്‍ നിന്ന് വഴുതിപോകുകയായിരുന്നു. ആയിരക്കണക്കിന് അടി താഴേക്കാണ് ഫോണ്‍ പതിച്ചത്. നിലത്തെത്തുന്നത് വരെയും അതിന് ശേഷവും മൊബൈല്‍ ഫോണിലെ വീഡിയോ റെക്കോര്‍ഡിങ് ഓണായിരുന്നു. ഫോണ്‍ 'എയറി'ലായ സമയത്തെ കാറ്റിന്റെ ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. 

വിമാനത്തില്‍ നിന്ന് 'സ്‌കൈ ഡൈവ്' ചെയ്ത ഫോണ്‍ ഒരു പന്നിക്കൂട്ടിലാണ് വീണത്. ഇത്രയും ഉയരത്തില്‍ നിന്ന് വീണെങ്കിലും ഫോണിന് കാര്യമായി ഒന്നും പറ്റിയില്ല. വീണ ശേഷവും വീഡിയോ റെക്കോര്‍ഡിങ് തുടരുന്നുമുണ്ടായിരുന്നു. 

പന്നിക്കൂട്ടില്‍ ക്യാമറ ലെന്‍സ് മുകളിലായി വരുന്ന തരത്തിലാണ് ഫോണ്‍ വീണത്. ഫോണ്‍ നിലത്തെത്തിയ ശേഷമുള്ള വീഡിയോ ഭാഗത്ത് ആകാശത്തെ സൂര്യനെ കാണാം. തുടര്‍ന്നാണ് രസകരമായ മറ്റൊരു കാര്യം സംഭവിച്ചത്. 

കൂട്ടിലെ താമസക്കാരനായ ഒരു പന്നി ഫോണിനടുത്തേക്ക് വരുന്നതാണ് ഫോണ്‍ നിലംപതിച്ച് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം വീഡിയോയില്‍ കാണുന്നത്. ആകാംക്ഷയോടെ ഫോണിന് അടുത്തെത്തിയ പന്നി ഇതെന്താണ് സാധനമെന്നും, കഴിക്കാന്‍ പറ്റുന്നതാണോ എന്നുമൊക്കെ അറിയാനെന്ന പോലെ ഫോണ്‍ 'പരിശോധിക്കുന്ന'തും വീഡിയോയില്‍ കാണാം. 

'ലോകം കാണേണ്ട കാഴ്ചയാണ് ഇത്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയം കൊണ്ടുതന്നെ പത്ത് ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. അന്‍പതിനായിരത്തിലേറെ ലൈക്കുകള്‍ ലഭിച്ച വീഡിയോ ഇതിനകം 22,000-ത്തിലേറെ പേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. 

രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ഫോണ്‍ താഴെ വീഴുമ്പോള്‍ അതിവേഗം കറങ്ങിയതുകൊണ്ട് ദൃശ്യങ്ങള്‍ വളരെ വ്യക്തമാണ് എന്നാണ് ഒരാളുടെ കമന്റ്. 'ഷൂ ലെയ്‌സ് കെട്ടാനായി കുനിഞ്ഞപ്പോള്‍ കീശയില്‍ നിന്ന് താഴെ വീണ എന്റെ ഫോണ്‍ തകര്‍ന്നുപോയി. പക്ഷേ ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ നിന്ന് വീണിട്ടും ഈ ഫോണിന് ഒന്നും പറ്റിയില്ല എന്നത് അതിശയകരമാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.