ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു 'രാഷ്ട്രീയ തടവുകാരൻ' ആണെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ ബിലാവൽ ഭൂട്ടോ സർദാരി. ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയിലെ പ്രധാന സഖ്യകക്ഷിയായ പാർട്ടിയുടെ തലവനിൽ നിന്നുണ്ടായ ഈ പ്രസ്താവന പാകിസ്താൻ ഭരണകൂടത്തിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

To advertise here,

കറാച്ചി പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ബിലാവൽ ഭൂട്ടോ സ്വന്തം സർക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടികളെ പരസ്യമായി ചോദ്യം ചെയ്തത്. പാകിസ്താനിൽ അധികാരമൊഴിയുന്ന ഓരോ പ്രധാനമന്ത്രിയും ജയിലിലേക്ക് അയക്കപ്പെടുന്ന വിചിത്രമായ രീതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'അധികാരമൊഴിയുന്ന ഏതൊരു പ്രധാനമന്ത്രിയും ജയിലിലേക്ക് പോകുന്ന ഈ രീതിക്ക് ഒരു മാറ്റം വരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ പ്രധാനമന്ത്രിമാരും കള്ളന്മാരാണെന്ന് വിശ്വസിക്കണമോ അതോ ഇത് രാഷ്ട്രീയ പകപോക്കലാണോ?' എന്ന് ബിലാവൽ തുറന്നടിച്ചു. ഇമ്രാൻ ഖാനെ വ്യക്തിപരമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അദ്ദേഹത്തെ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് പാകിസ്താനിൽ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് ബിലാവൽ വ്യക്തമാക്കി. ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരെ ഉടനടി മോചിപ്പിക്കണം. ബലപ്രയോഗത്തിലൂടെ സിന്ധ് പ്രവിശ്യ വിഭജിക്കാൻ ശ്രമിച്ചാൽ അത് തെരുവുകളിൽ വലിയ രക്തച്ചൊരിച്ചിലിനും ജനങ്ങൾക്കിടയിൽ ആയുധമെടുക്കുന്ന സാഹചര്യത്തിനും വഴിവെക്കുമെന്ന് ബിലാവൽ മുന്നറിയിപ്പ് നൽകി.

പ്രതിപക്ഷ കക്ഷിയായ പിടിഐയുടെ സംവരണം ചെയ്ത പാർലമെന്റ് സീറ്റുകൾ തടഞ്ഞുവെച്ച നടപടി വലിയ അനീതിയാണെന്നും ഭരണഘടനാ ഭേദഗതികളിൽ സമവായം ഉണ്ടാക്കാതെ മുന്നോട്ടു പോകുന്നത് രാഷ്ട്രീയ സംവിധാനത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷെഹ്ബാസ് ഷെരീഫിന്റെ പിഎംഎൽ-എൻ സർക്കാരുമായി പിപിപിക്ക് നിലവിലുള്ള ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് ബിലാവൽ ഭൂട്ടോയുടെ ഈ ശക്തമായ പ്രതികരണം.