ന്യൂയോര്‍ക്ക്: റഷ്യയുമായുള്ള വ്യാപാരബന്ധം നിലനിര്‍ത്തുന്നതില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തിയിരുന്നു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരെയാണ് യുഎസ് നീക്കം. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ രാജ്യങ്ങള്‍ക്കുമേല്‍ കനത്ത തീരുവ ചുമത്തുമെന്നും അതുവഴി അവരുടെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുമെന്നും യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമാണ് മുന്നറിയിപ്പ് നല്‍കിയത്.
ആരാണ് ഈ ലിന്‍ഡ്‌സെ ഗ്രഹാം? ആദ്യം ട്രംപിന്‍റെ വിമർശകനായിരുന്നെങ്കിലും പിന്നീട് ട്രംപ് പ്രസിഡന്‍റായതോടെ നിലപാട് മാറ്റുകയും ട്രംപിന്‍റെ അടുപ്പക്കാരനായിമാറുകയും ചെയ്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരേ കനത്ത നികുതി ചുമത്തണമെന്ന് നേരത്തെയും അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടുണ്ട് ഇയാൾ. അവസരവാദ നിലപാടുകൾക്ക് പേരുകേട്ട ആൾ. പലപ്പോഴും ട്രംപിന്‍റെ യുക്തിരഹിതമായ നികുതി പ്രഖ്യാപനങ്ങൾക്കു പിന്നിൽ സ്വാധീനശക്തിയായി ഗ്രഹാം പ്രവർത്തിച്ചിരുന്നു എന്നാണ് വിലയിരുത്തൽ.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഹായിയായ ഇയാള്‍, ഒരു മുന്‍ യുഎസ് വ്യോമസേന ഉദ്യോഗസ്ഥനും അഭിഭാഷകനുമാണ്. 2003 മുതല്‍ സൗത്ത് കരോലിനയിലെ മൂന്നാം കോണ്‍ഗ്രസ്ഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നുള്ള യുഎസ് സെനറ്ററാണ്. നിലവില്‍ സെനറ്റ് ബജറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് ലിന്‍ഡ്‌സെ ഗ്രഹാം. കൂടാതെ 2019-നും 2021-നും ഇടയില്‍ ഒരു യുഎസ് സെനറ്റ് കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്നു. യുഎസ് എയര്‍ഫോഴ്‌സില്‍ റസര്‍വ് അംഗമായിരുന്ന ഇദ്ദേഹം 2015-ല്‍ കേണല്‍ പദവിയില്‍ നിന്നാണ് വിരമിച്ചത്. 2016-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ശ്രമിച്ചിരുന്നു. അക്കാലത്ത് ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ചിരുന്നുവെങ്കിലും ട്രംപ് വൈറ്റ് ഹൗസില്‍ പ്രവേശിച്ചതോടെ ഗ്രഹാം നിലപാട് മാറ്റി. മുന്‍കാലങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം, തോക്ക് നിയന്ത്രണ നിയമനിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ ഉഭയകക്ഷി സമവായത്തിനായും പ്രവർത്തിച്ചിരുന്നു.
നേരത്ത റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് തടയാന്‍ ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി ചുമത്താനുള്ള യുഎസ് നീക്കത്തിനു പിന്നിലും ഈ ലിന്‍ഡ്‌സെ ഗ്രഹാമായിരുന്നു. ചൈനയുമായി വ്യാപാരക്കരാര്‍ ഒപ്പിടുകയും ഇന്ത്യയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു ഇത്തരമൊരു ബില്‍ ഗ്രഹാം മുന്നോട്ടുവെച്ചത്. യുക്രൈന്‍ യുദ്ധത്തില്‍നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ അവരെ സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്നതാണ് ബില്ലിന്റെ ഉദ്ദേശം.
റഷ്യന്‍ എണ്ണയുടെ 70 ശതമാനവും വാങ്ങുന്ന ഇന്ത്യയും ചൈനയും യുഎസില്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കണമെങ്കില്‍ ഉയര്‍ന്ന നികുതി നല്‍കുകതന്നെ വേണമെന്നാണ് ലിന്‍ഡ്സെ ഗ്രഹാം പറയുന്നത്. ബില്‍ നിയമം ആയാല്‍ ഇന്ത്യയുടെ ഫാര്‍മ, ടെക്സ്‌റ്റൈല്‍, ഐടി മേഖലകളെ സാരമായി ബാധിക്കും.
കഴിഞ്ഞദിവസം ഫോക്‌സ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിനിടെയാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ രാജ്യങ്ങള്‍ക്കുമേല്‍ കനത്ത തീരുവ ചുമത്തുമെന്ന് ഗ്രഹാം ഭീഷണ മുഴക്കിയത്. ഈ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍, അവര്‍ കൂടുതല്‍ ഉയര്‍ന്ന തീരുവ നേരിടേണ്ടിവരുമെന്ന് ലിന്‍ഡ്‌സെ ഗ്രഹാം വ്യക്തമാക്കി. എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഈ മൂന്ന് രാജ്യങ്ങളാണെന്നും ഈ വ്യാപാര ബന്ധം വ്‌ളാദിമിര്‍ പുടിന് യുക്രൈനിലെ യുദ്ധത്തിന് ധനസഹായം നല്‍കാന്‍ സഹായിക്കുന്നുണ്ടെന്നും ഗ്രഹാം ആരോപിച്ചു.
'റഷ്യന്‍ എണ്ണ വാങ്ങുന്ന ആളുകള്‍ക്ക് - ചൈന, ഇന്ത്യ, ബ്രസീല്‍ എന്നിവര്‍ക്ക് ട്രംപ് തീരുവ ചുമത്താന്‍ പോകുന്നു. ചൈനയോടും ഇന്ത്യയോടും ബ്രസീലിനോടും ഞാന്‍ പറയുന്നത് ഇതാണ്; ഈ യുദ്ധം തുടരാന്‍ നിങ്ങള്‍ വിലകുറഞ്ഞ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുകയാണെങ്കില്‍, ഞങ്ങള്‍ നിങ്ങളെ തകര്‍ക്കും, നിങ്ങളുടെ സമ്പദ്വ്യവസ്ഥ തകര്‍ക്കും', അഭിമുഖത്തില്‍ ഗ്രഹാം പറഞ്ഞു.
റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡോയില്‍ വാങ്ങുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 2022-ല്‍ യുക്രൈനിലേക്ക് റഷ്യ അധിനിവേശം നടത്തിയതിന് ശേഷം റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു.
പരമാധികാര രാഷ്ട്രങ്ങളെ ആക്രമിച്ച് സോവിയറ്റ് യൂണിയനെ പുനരുജ്ജീവിപ്പിക്കാന്‍ പുടിന്‍ ശ്രമിക്കുന്നതായും ഇദ്ദേഹം ആരോപിച്ചു. മറ്റ് രാജ്യങ്ങളില്‍ അധിനിവേശം നടത്തി പഴയ സോവിയറ്റ് യൂണിയനാകാനാണ് പുടിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരമാധികാരം സംരക്ഷിക്കുമെന്ന ഉറപ്പിന്‍മേല്‍ 1700 കിലോ ആണവായുധങ്ങളാണ് യുക്രെയ്ന്‍ റഷ്യക്ക് കൈമാറിയത്. എന്നാല്‍, ഈ ഉറപ്പ് പുടിന്‍ ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Content Highlights: US Senator Lindsey Graham threatens tariffs on India, China, and Brazil
Published: 22 Jul 2025, 06:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented