വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വലിയ വളർച്ചയുണ്ടായതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ബെഥാനി മോറിസൺ. ഇന്ത്യ, ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള പ്രധാന ഊർജ്ജ വിതരണക്കാരായി അമേരിക്ക ഉയർന്നുവന്നിട്ടുണ്ടെന്നും ട്രംപ് ഭരണകൂടത്തിന് കീഴിൽ ദക്ഷിണേഷ്യൻ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നതെന്നും മോറിസൺ പറഞ്ഞു.

To advertise here,

ഇരുരാജ്യങ്ങളും തമ്മിലുള്ള 10 വർഷത്തെ പ്രതിരോധ സഹകരണ കരാറും ഊർജ്ജ മേഖലയിലെ പുതിയ ചുവടുവെപ്പുകളും ഈ വളർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നു. സിവിൽ ആണവ സഹകരണ രംഗത്ത് 20 വർഷത്തിനിടെ ആദ്യമായി ശാന്തി ആക്ട് പാസാക്കിക്കൊണ്ട് ഇന്ത്യ തങ്ങളുടെ ആണവ നിയന്ത്രണ അന്തരീക്ഷത്തിൽ സുപ്രധാന പരിഷ്കാരം വരുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എൽ.പി.ജി. കയറ്റുമതി ചെയ്യുന്ന രാജ്യമായി അമേരിക്ക മാറിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മോറിസൺ, ക്വാഡ് അടക്കമുള്ള ബഹുരാഷ്ട്ര വേദികളിലും വാണിജ്യ ഇടപാടുകളിലും സഹകരണം ശക്തമാണെന്ന് കൂട്ടിച്ചേർത്തു.

ചരിത്രപരമായി ശ്രദ്ധ ലഭിക്കാതിരുന്ന ദക്ഷിണേഷ്യൻ മേഖലയ്ക്ക് ട്രംപ് ഭരണകൂടം പ്രത്യേക മുൻഗണന നൽകുന്നുണ്ട്. ദക്ഷിണേഷ്യ ലോകത്തിന്റെ ഏറ്റവും നിർണായകമായ ഭാഗമാണെന്നും അവിടെ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മോറിസൺ പറഞ്ഞു.