ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർദിഷ്ട വ്യാപാര കരാറിന്റെ ഒന്നാംഘട്ടത്തിന് അന്തിമരൂപമായതായും നിയമപരമായ കരട് തയാറാക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. ഡൽഹിയിൽ നടന്ന എസ്.ആർ.സി.സി. സെന്റനറി കോൺക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

To advertise here,

‘യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടം അന്തിമമായിട്ടുണ്ട്. അതിന്റെ അവസാന രൂപത്തിന്റെയും നിയമപരമായ കരടിന്റെയും പ്രവൃത്തികൾ നടക്കുകയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമുക്ക് അനുകൂലമായതോ മത്സരക്ഷമതയുള്ളതോ ആയ സാഹചര്യം ലഭിച്ചാലുടൻ കരാർ അന്തിമമാക്കാനും നടപ്പിലാക്കാനും സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്’, പീയുഷ് ഗോയൽ പറഞ്ഞു.

യു.എസ്. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളും മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. നിലവിൽ ശരിയായ ഘട്ടത്തിലാണ് കരാർ ചർച്ചകൾ നിൽക്കുന്നതെന്നും എത്രയുംവേഗം കരാർ പൂർത്തിയാക്കി ഒപ്പുവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ മൊത്തത്തിലുള്ള താരിഫ് ഘടന ഔദ്യോഗികമായി നിലവിൽവന്നശേഷം മാത്രമേ വ്യാപാരക്കരാറിൽ ഒപ്പുവെക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. താരിഫ് ഘടന പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യു.എസിൽ നടക്കുന്നുണ്ടെന്നും അനുയോജ്യമായ സമയത്ത് കരാർ ഒപ്പിടുന്ന നടപടികളിലേക്ക് കടക്കുമെന്നും അഗർവാൾ വിശദീകരിച്ചു.

കഴിഞ്ഞവർഷം അമേരിക്ക ഇന്ത്യയ്ക്കുമേൽ താരിഫുകൾ ചുമത്തിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീണിരുന്നു. തർക്കങ്ങൾ പരിഹരിക്കാനും ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാനുമായി കഴിഞ്ഞവർഷം ആരംഭം മുതൽ ഇന്ത്യയും യു.എസും ചർച്ചകൾ നടത്തിവരികയാണ്.