പാരീസ്: ഫ്രാൻസിലുടനീളമുള്ള സൂപ്പർമാർക്കറ്റുകളിലെ റഫ്രിജറേറ്ററുകളും ഫ്രീസറുകളും ഹാക്ക് ചെയ്ത് ആഹാരസാധനങ്ങൾ വൻതോതിൽ നശിപ്പിച്ചതിന് പിന്നിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) ആണെന്ന് ഫ്രാൻസ്. ഒക്ടോബറിൽ നടന്ന വൻ സൈബർ ആക്രമണത്തിന് ഉത്തരവാദികളായ ഇറാന് ശക്തമായ മറുപടി നൽകുമെന്നും യൂറോപ്യൻ യൂണിയൻ തലത്തിൽ ഉപരോധം ഏർപ്പെടുത്താൻ നീക്കം നടത്തുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഷാങ് നോയൽ ബാരോട്ട് പറഞ്ഞു.

To advertise here,

രാജ്യത്തെ നാനൂറിലധികം കേന്ദ്രങ്ങളിലെ എഴുന്നൂറോളം സൂപ്പർമാർക്കറ്റുകളെയും വാണിജ്യ സ്ഥാപനങ്ങളെയും സൈബർ ആക്രമണം നേരിട്ട് ബാധിച്ചിരുന്നു. റഫ്രിജറേഷൻ കൺട്രോളറുകളിൽ കടന്നുകയറിയ ഹാക്കർമാർ ഉപകരണങ്ങളുടെ താപനില ക്രമാതീതമായി ഉയർത്തുകയായിരുന്നു. താപനില ഉയർന്നതോടെ കോടിക്കണക്കിന് യൂറോയുടെ മാംസവും പാലുൽപ്പന്നങ്ങളും ഐസ്ക്രീമുകളും നശിച്ചുപോകുകയും ചിലയിടങ്ങളിൽ തീപ്പിടിത്തമുണ്ടാകുകയും ചെയ്തു.

ഐആർജിസിയുമായി ബന്ധമുള്ള 'ഷാഹിദ് കാവേ' എന്ന സൈബർ സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ഫ്രഞ്ച് സൈബർ സുരക്ഷാ ഏജൻസിയായ 'എഎൻഎസ്എസ്ഐ' കണ്ടെത്തിയിരിക്കുന്നത്. പേർഷ്യൻ ഭാഷയുടെ സാന്നിധ്യവും ഇറാനിലെ ഉപകരണങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഐപി അഡ്രസുകളുമാണ് ഇതിലേക്ക് നയിച്ച ഡിജിറ്റൽ തെളിവുകളെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം ആരോപണങ്ങൾ തള്ളി ഇറാൻ മാധ്യമങ്ങൾ രംഗത്തെത്തി.

സംഭവത്തിൽ ഇന്റർപോൾ വഴി അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ്. ഫ്രാൻസിലെ ആക്രമണത്തിന് പിന്നാലെ ബെൽജിയം, അയർലൻഡ്, സ്വീഡൻ, ഫിൻലൻഡ് തുടങ്ങി യൂറോപ്പിലെ മറ്റ് 10-ഓളം രാജ്യങ്ങളിലെയും സൂപ്പർമാർക്കറ്റ് ഫ്രിഡ്ജുകൾ സമാനരീതിയിൽ സൈബർ ആക്രമണത്തിന് ഇരയായിരുന്നു.