വാഷിങ്ടൺ: ഇറാനിൽനിന്നുള്ള ഭീഷണിയെ തുടർന്ന് യുകെയിലെ തങ്ങളുടെ രണ്ടാമത്തെ താവളത്തിൽനിന്നും സൈനിക വിമാനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റി യുഎസ്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏത് തരത്തിലുള്ള ഭീഷണിയാണെന്നതിൽ വ്യക്തത വന്നിട്ടില്ല.

To advertise here,

ഇന്നലെ രാവിലെ രണ്ട് വിമാനങ്ങൾ ജർമനിയിലേക്ക് മാറ്റി. കൂടാതെ, മറ്റു വിമാനങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി ജർമനിയിലേക്കും മറ്റ് താവളങ്ങളിലേക്കും കൊണ്ടുപോയി. വിമാനങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്ന വിവരങ്ങളെയും യുഎസ് ഉദ്യോഗസ്ഥരെയും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.

വിമാനങ്ങൾ പല കാരണങ്ങളാൽ താവളങ്ങൾ മാറ്റാറുണ്ടെന്ന് വ്യോമസേന പ്രസ്താവിച്ചതല്ലാതെ യുഎസിന്റെ ഭാഗത്തുനിന്ന് മറ്റ് പ്രതികരണങ്ങളൊന്നുമില്ല. മറ്റുരാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച്‌ തങ്ങൾ പ്രതികരിക്കാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഇംഗ്ലണ്ടിലെ ആർഎഎഫ് ഫെയർഫോർഡിൽ നിലയുറപ്പിച്ചിരുന്ന ബോംബർ വിമാനങ്ങൾ, അവിടെ ആസൂത്രണം ചെയ്തതായി പറയപ്പെടുന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടെ കഴിഞ്ഞ മാസം യുഎസ് വ്യോമസേന മാറ്റിയിരുന്നു.

ഇറാനുമായി ബന്ധമുള്ള പ്രോക്‌സികൾ ബ്രിട്ടനിലും മറ്റ് രാജ്യങ്ങളിലും നിരവധി തീവെപ്പുകൾക്കും മറ്റ് ആക്രമണങ്ങൾക്കും പിന്നിലുണ്ടെന്നും, അവരിൽ പലരും യഹൂദ സമൂഹത്തെ ലക്ഷ്യമിടുകയും ഭയം വിതയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും യുകെ ഉദ്യോഗസ്ഥർ പറയുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുകയാണെങ്കിൽ തങ്ങൾ യുകെയിലെ താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ഇറാനിൽ യുദ്ധം സൈനികമായി അവസാനിച്ചെന്നാണ് ഏറ്റവും ഒടുവിലായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.