ബർഗൻസ്റ്റോക്ക് (സ്വിറ്റ്സർലൻഡ്): പശ്ചിമേഷ്യയിലെ  സംഘർഷങ്ങൾക്ക് അന്ത്യംകുറിക്കാനുള്ള സമാധാന ചർച്ചകൾക്കിടെ, ഖത്തറിൽ യുഎസ് മരവിപ്പിച്ച ആറ് ബില്യൺ ഡോളറിന്റെ ഇറാനിയൻ ഫണ്ട് വിട്ടുനൽകാൻ ധാരണയായതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.

To advertise here,

അമേരിക്ക-ഇറാൻ പ്രതിനിധി സംഘങ്ങളുടെ ചർച്ചയിലാണ് തീരുമാനം ഉണ്ടായതെന്നും പ്രാഥമിക കരാറിലെ വ്യവസ്ഥകൾ ഇറാന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കങ്ങളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അസ്വസ്ഥനായിരിക്കുമെന്ന് പെസെഷ്കിയാൻ പരിഹസിച്ചു.

അമേരിക്കയുടെ പ്രധാന ആശങ്ക ഇറാൻ ആണവായുധം നിർമിക്കുന്നു എന്നതാണ്. എന്നാൽ, ഇറാന് ബോംബ് നിർമിക്കാൻ താല്പര്യമില്ലെന്ന് നേരത്തെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് രേഖാമൂലം അറിയിക്കാൻ തയ്യാറാണ്. എന്നിരുന്നാലും, സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഞങ്ങൾ ഉപേക്ഷിക്കില്ല. മറ്റുള്ളവർക്ക് ഈ അവകാശം അംഗീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും പെസെഷ്കിയാൻ പറഞ്ഞു.

ഈ ഘട്ടത്തിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ശ്രമങ്ങൾ വിജയിപ്പിക്കാനുള്ള എല്ലാ അവസരങ്ങളും നൽകേണ്ടത് അത്യാവശ്യമാണെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയും അഭിപ്രായപ്പെട്ടു. ഇറാന്റെ ആണവ ശേഖരത്തെക്കുറിച്ച് പൂർണ വിവരങ്ങൾ നൽകാനും പരിശോധനകൾക്ക് അനുമതി നൽകാനും നേരത്തെ അമേരിക്കയുടെ പിന്തുണയോടെ ഐഎഇഎ പ്രമേയം പാസാക്കിയിരുന്നു.

ഇറാനും യുഎസും കൂടാതെ മധ്യസ്ഥരായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. നിലവിലെ ചർച്ചകൾ മേഖലയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.