സിംഗപ്പൂർ: അമേരിക്കൻ ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ നിയന്ത്രിത എഐ ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ കമ്പനികൾ വഴി ചൈനയിലേക്ക് കടത്തിയെന്ന ആരോപണത്തിൽ ചൈനീസ് പൗരനായ ലീ മിങ്ങിനെതിരെ അന്വേഷണം. കേസിൽ ചൈനയുടെ ചാരവനിതയെന്ന ആരോപണം നേരിടുന്ന ആലീസ് ഹുവാങ്, അവരുടെ ഭർത്താവ് കാങ് വെയ് എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് ലീ മിങ്.

To advertise here,

52 വയസ്സുകാരനായ ലീ മിങ്, എൻവിഡിയയുടെ ചിപ്പുകൾ ചൈനയിലെത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ കമ്പനിയായ 'ലക്ഷ്വറിയേറ്റ് യുവർ ലൈഫി'ന്റെ ആവശ്യത്തിനാണെന്ന് പറഞ്ഞ് ലീ മിങ് എൻവിഡിയ ചിപ്പുകൾ ഘടിപ്പിച്ച കമ്പ്യൂട്ടർ സെർവറുകൾ വാങ്ങിയെന്നാണ് സിംഗപ്പൂർ പ്രോസിക്യൂട്ടർമാരുടെ ആരോപണം. എന്നാൽ, ഇവ മലേഷ്യയിലേക്ക് അയച്ചശേഷം മറ്റൊരു അജ്ഞാത സ്ഥലത്തേക്ക് മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മെഗാസ്പീഡ് എന്ന കമ്പനിയുടെ പ്രവർത്തനങ്ങളിൽ 2025-വരെ ഇയാൾ സജീവമായിരുന്നു. ആലീസ് ഹുവാങ് ഈ കമ്പനിയുടെ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ചൈനീസ് ഉപഭോക്താക്കൾക്ക് അത്യാധുനിക കമ്പ്യൂട്ടിങ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ലീ മിങ്, ആലീസ് ഹുവാങ്, കാങ് വെയ് എന്നിവർ തെക്കുകിഴക്കൻ ഏഷ്യയിലെ വിവിധ കമ്പനികളുമായി പങ്കാളിത്തം സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.

ഒരു ചൈനീസ് വീഡിയോ ഗെയിം കമ്പനിയുടെ സിംഗപ്പൂർ ഉപസ്ഥാപനം ഏറ്റെടുത്താണ് മെഗാസ്പീഡ് എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ആലീസ് ഹുവാങ്ങിനെ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളായി നിയമിക്കുകയായിരുന്നു. 2021-ൽ ആരംഭിച്ച 'സെഞ്ച്വറി ലോങ്‌ടെങ്' എന്ന ക്ലൗഡ് കമ്പ്യൂട്ടിങ് സംരംഭത്തിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസറായും ലീ മിങ് പ്രവർത്തിച്ചിരുന്നു.

അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് ചിപ്പുകൾ കൈമാറാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മെഗാസ്പീഡ് കമ്പനിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും തെക്കുകിഴക്കൻ ഏഷ്യയിലെ ഇടനിലക്കാർ വഴി ചൈനീസ് കമ്പനികളിലേക്ക് മാറ്റിയെന്ന ആരോപണത്തിൽ ലീ മിങ്ങിന്റെ പങ്ക് വ്യക്തമാണെന്നാണ് വിവരം.